കര്‍ഷകരുമായി സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി
ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏഴാം വട്ട ചര്‍ച്ച ആരംഭിച്ചു. വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചര്‍ച്ചയില്‍ നാല്പതോളം കര്‍ഷക പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന രണ്ടു പ്രധാന ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ പരിഗണിക്കുമെനനാണ് വിവരം.
അതേ സമയം തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ തീരുമാനമില്ലെങ്കില്‍ സമരത്തിന്റെ സ്വഭാവം മാറ്റുമെന്ന് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. നിയമങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ഭേദഗതികള്‍ക്ക് കര്‍ഷകര്‍ വഴങ്ങില്ല. കേന്ദ്രം വഴങ്ങിയില്ലെങ്കില്‍ സമരം കൂടുതല്‍ തീവ്രമാക്കാനായി രണ്ടാഴ്ചത്തെ സമരപരിപാടികള്‍ കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ കിസാന്‍ പരേഡ് നടത്താനും തീരുമാനിച്ചു. ഇത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ബ്രീട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് റിപ്പബ്ലിക് ദിന ആഘോത്തിലെ മുഖ്യാധിഥി എന്നിരിക്കെ റിപ്പബ്ലിക് ദിന ആഘോഷത്തിന് കൂടുതല്‍ ലോക ശ്രദ്ധ ലഭിക്കുമെന്നിരിക്കേ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മേല്‍ സമ്മര്‍ദമേറും.
റിപ്പബ്ലിക് ദിന പരേഡ് നടത്തുന്നതിനായി ആയിരക്കണക്കിന് കര്‍ഷകര്‍ തങ്ങളുടെ ട്രാക്ടറുകളുമായി ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ടെന്നും കര്‍ഷക പ്രതിനിധികള്‍ അറിയിച്ചു. ഓര്‍ഡിനന്‍സ് വഴിയോ ബില്ലുകള്‍ വഴിയോ നിലവിലെ നിയമങ്ങള്‍ പിന്‍വലിക്കാമെന്നാണ് കര്‍ഷകസംഘടനകള്‍ക്കു ലഭിച്ചിട്ടുള്ള നിയമോപദേശം.
പിന്‍വലിച്ച നിയമങ്ങളടങ്ങുന്ന റിപ്പീലിങ് ആക്ട് പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചാല്‍ മതിയെന്നാണ് സുപ്രീംകോടതി അഭിഭാഷക ആദിത്യ ചാറ്റര്‍ജി നല്‍കിയിട്ടുള്ള നിയമോപദേശം.
നിയമങ്ങള്‍ റദ്ദാക്കാന്‍ ദീര്‍ഘമായ നടപടിക്രമങ്ങളുണ്ടെന്നായിരുന്നു കഴിഞ്ഞ ചര്‍ച്ചയില്‍ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച വാദം. എന്നാല്‍, ഇതില്‍ അടിസ്ഥാനമില്ലെന്ന് വ്യക്തമായെന്ന് കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് പറഞ്ഞു. നിയമങ്ങള്‍ നടപ്പാക്കാനും അവ പിന്‍വലിക്കാനും ഭരണഘടനാപരമായി വ്യവസ്ഥയുണ്ടെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും അഭിപ്രായപ്പെട്ടു. മോദിസര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ നിയമങ്ങള്‍ റദ്ദാക്കാവുന്നതേയുള്ളൂവെന്നും കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.
കര്‍ഷക സമരം തുടങ്ങിയിട്ട് ഒരുമാസവും 10 ദിവസവും പിന്നിടുകയാണ്. വിവധ അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന ഏഴു കര്‍ഷകരാണ് ഇതിനകം മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."