HOME
DETAILS

ഗവർണറും ഗവൺമെന്റും

  
backup
January 04 2022 | 04:01 AM

8653245632-2

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡി -ലിറ്റ് ബിരുദം നൽകാൻ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല വൈസ് ചാൻസലർക്കു ശുപാർശ നൽകിയോ? ഇതു സംബന്ധിച്ച വൈസ് ചാൻസലർ സർക്കാരിന്റെ അഭിപ്രായം തേടിയോ? സർക്കാരിന്റെ നിലപാടറിയിച്ചതിനെ തുടർന്ന് സർവകലാശാല ഗവർണറുടെ ശുപാർശ നിരാകരിച്ചുവോ? ചോദ്യങ്ങൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേതാണ്. ഇതുൾപ്പെടെ ആറു ചോദ്യങ്ങളാണ് ഡിസംബർ 31ാം തീയതി രമേശ് ഉന്നയിച്ചത്. ചോദ്യങ്ങൾ സർക്കാരിനോടാണ്. ചില ചോദ്യങ്ങൾ ഗവർണർക്കു നേരെയും നീളുന്നു. ഇതുവരെ മറുപടിയോ വിശദീകരണമോ വന്നിട്ടില്ല.


സർവകലാശാലകളുടെ ചാൻസലർ പദവി ഉപേക്ഷിക്കുകയാണെന്ന ഗവർണറുടെ പ്രഖ്യാപനം ഉയർത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതിക്കു ഡി- ലിറ്റ് ബിരുദം നൽകാനുള്ള ശുപാർശ പുതിയ വിവാദം ഉയർത്തിയിരിക്കുന്നത്. അങ്ങനെയൊരു ശുപാർശ നൽകാൻ ഗവർണർക്കെന്തധികാരം എന്ന ചോദ്യവും ഉയരുന്നുണ്ട്. വൈസ് ചാൻസലർ അതിന്മേൽ സർക്കാരിന്റെ അഭിപ്രായം തേടിയെന്നത് മറ്റൊരു വിഷയം. ഇന്ത്യയുടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനു ഓണററി ഡി- ലിറ്റ് ബിരുദം നൽകേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചതിനു കാരണമെന്തെന്നത് ഇനിയും മറ്റൊരു ചോദ്യം. ചോദ്യങ്ങൾക്കു പുറകേ ചോദ്യങ്ങൾ. വിവാദത്തിനു പുറമേ വിവാദങ്ങൾ. ഗവർണർ തന്നെ വിവാദങ്ങളുടെയെല്ലാം കേന്ദ്രബിന്ദു.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനമാണ് ഗവർണറും ഗവൺമെന്റും തമ്മിലുള്ള ബന്ധങ്ങൾ വഷളാവാൻ കാരണമായത്. സർവകലാശാല ഒരു വൈസ് ചാൻസലറെ നിയമിക്കുന്നതിന് നിയമപരമായ ചില ചിട്ടവട്ടങ്ങളുണ്ട്. യോഗ്യതയുള്ള വ്യക്തികളെ കണ്ടെത്താൻ ആദ്യം ഒരു സർച്ച് കമ്മിറ്റി രൂപീകരിക്കണം. വിശദമായ പഠനവും നിരീക്ഷണവും നടത്തി ഈ സമിതി ഒരു മൂന്നംഗ പാനൽ രൂപീകരിക്കണം. യു.ജി.സി പ്രതിനിധി ഉൾപ്പെടെയുള്ള സർച്ച് കമ്മിറ്റിക്ക് ഐക്യകണ്‌ഠേന ഒരാളുടെ പേരു നിർദേശിക്കാനായാൽ അങ്ങനെയുമാവാം. മൂന്നുപേരുടെ പാനലാണു തയാറാക്കുന്നതെങ്കിൽ ഗവർണർക്ക് അതിലൊരാളെ തെരഞ്ഞെടുക്കാം.


കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് പുതിയ വി.സിയെ കണ്ടെത്താനുള്ള നോട്ടിഫിക്കേഷൻ സർക്കാർ പുറപ്പെവിച്ചു കഴിഞ്ഞിരുന്നു. അപ്പോഴാണ് നിലവിലുള്ള വി.സിയെ പുനർനിയമിക്കുകയാണെന്ന് മെച്ചമെന്നു സർക്കാരിനു തോന്നിയത്. അതുപ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നവംബർ 22 ന് ഗവർണർക്കു കത്തെഴുതുകയും ചെയ്തു. മന്ത്രിയുടെ കത്തു പ്രകാരം നവംബർ 23-ാം തീയതി തന്നെ ഡോ. ഗോപിനാഥ് രവീന്ദ്രനെ വി.സിയായി വീണ്ടും നിയമിച്ചുകൊണ്ട് ഗവർണർ ഉത്തരവായി. സർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള നോട്ടിഫിക്കേഷൻ സർക്കാർ റദ്ദാക്കുകയും ചെയ്തു.
ഡോ. ഗോപിനാഥ് രവീന്ദ്രനോട് ബി.ജെ.പിക്കും സംഘ്പരിവാറിനും വിരോധം തോന്നാൽ കാരണമുണ്ട്. നേരത്തേ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ഐ.സി.എച്ച്.ആർ) സെക്രട്ടറിയായിരുന്നു അദ്ദേഹം. ഇന്ത്യൻ ചരിത്രവും ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രവും തിരുത്താൻ സംഘ്പരിവാർ നീക്കം നടത്തുന്നതു കണ്ട് പ്രതിഷേധം രേഖപ്പെടുത്തി സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയുകയായിരുന്നു ഡോ. ഗോപിനാഥ് രവീന്ദ്രൻ. പിന്നീട് അദ്ദേഹം കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി. സംഘ്പരിവാറിന് ഇപ്പോഴും അദ്ദേഹത്തോടു നീരസമുണ്ടെനർഥം.


കണ്ണൂർ വി.സിയുടെ പുനർനിയമനം സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു തടസവാദവും ഉന്നയിച്ചതായി സൂചനയൊന്നുമില്ല. വി.സി സ്ഥാനം വഹിക്കുന്ന ഒരാളുടെ കാലാവധി നീട്ടുന്നതിന് പുതിയൊരു വി.സിയെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങളൊന്നും ആവശ്യമില്ലെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുനർനിയമന ഉത്തരവിൽ ഒപ്പിടും മുമ്പ് ഗവർണർ ഒരു ഭിന്നാഭിപ്രായവും എവിടെയും പറഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് പ്രോ-ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി അയച്ച കത്തിനെക്കുറിച്ചും അദ്ദേഹം ഒന്നും രേഖപ്പെടുത്തിയിട്ടില്ല. പൂർണ തൃപ്തിയോടെയാണ് വി.സിയുടെ പുനർനിയമന ഉത്തരവിൽ ഗവർണർ ഒപ്പുവച്ചിരിക്കുന്നതെന്നു തന്നെയാണ് സൂചനകൾ.
പുനർനിയമനം സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് വന്നപ്പോഴാണ് ഗവർണർ നിലപാടു മാറ്റിയത്. നിലവിലുള്ള വൈസ് ചാൻസലറെത്തന്നെ നിയമിക്കാൻ തന്റെ മേൽ കടുത്ത സമ്മർദമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. കാലടി സർവകലാശാലയിലെ വി.സി നിയമനത്തിലും സർക്കാർ തന്റെ സ്ഥാനം ദുരുപയോഗപ്പെടുത്തിയെന്ന് ഗവർണർ പറയുന്നു. മൂന്നു പേരുടെ പാനലിനു പകരം ഒരു പേർ മാത്രമാണത്രെ സമിതി സമർപ്പിച്ചത്. കണ്ണൂർ വി.സിയുടെ പുനർനിയമനം മുതൽ രാഷ്ട്രപതിക്കു ഡി- ലിറ്റ് ബിരുദം നൽകാനുള്ള നിർദേശം വരെ വിവാദങ്ങൾ ഉയർന്നതോടെ ഗവർണറും വിവാദകേന്ദ്രമായി. യാത്ര ചെയ്യുന്നിടത്തൊക്കെ മാധ്യമ പ്രവർത്തകരെത്തുകയും അവരോട് ഗവർണർ വിശദമായി സംസാരിക്കാൻ തുടങ്ങുകയും ചെയ്തതോടെ വിവാദങ്ങൾക്കു പിന്നെയും കനംവച്ചു. ഭരണഘടനയും നിയമവും മനസ്സിലാക്കി വേണം പ്രതികരിക്കാനെന്ന് രാഷ്ട്രീയ നേതാക്കളെ ഓർമിപ്പിച്ചു ഗവർണർ. രാഷ്ട്രപതിക്കു ഡി-ലിറ്റ് നൽകണമെന്ന് കേരള സർവകലാശാല വൈസ് ചാൻസലറോട് നിർദേശിച്ചിരുന്നുവെന്ന വാർത്ത അംഗീകരിക്കാനോ നിഷേധിക്കാനോ അദ്ദേഹം തയാറായതുമില്ല.


രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കേരളത്തിലെ ഒരു സർവകലാശാല ഡി-ലിറ്റ് ബിരുദം നൽകുന്നതിൽ എന്തെങ്കിലും അപാകതയുണ്ടെന്നു കരുതാനാവില്ല. ഇക്കഴിഞ്ഞ കേരള സന്ദർശ വേളയിലും രാഷ്ട്രപതി കേരളത്തിന്റെ വിവിധ തലങ്ങളിലെ വളർച്ചയെ പുകഴ്ത്തിത്തന്നെയാണ് സംസാരിച്ചത്. ബി.ജെ.പി സർക്കാരിന്റെ നിർദേശത്തിലാണ് അദ്ദേഹം രാഷ്ട്രപതിയായതെന്ന കാര്യം ശരി തന്നെ. മുമ്പ് ബി.ജെ.പി പ്രവർത്തകനുമായിരുന്നിട്ടുണ്ട്. പക്ഷേ രാഷ്ട്രപതിയെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനം കക്ഷിരാഷ്ട്രീയത്തിനതീതമായി തന്നെയാണ്.


രാഷ്ട്രപതിക്കു ഓണററി ഡി-ലിറ്റ് ബിരുദം നൽകാൻ ഗവർണർ വൈസ് ചാൻസലർക്കു ശുപാർശ നൽകാമോ? നിയമപരമായി അതു ശരിയാണോ? സമൂഹത്തിൽ ഉന്നത നിലയിലെത്തിയ വ്യക്തികളെ ഡി -ലിറ്റ് ബിരുദം നൽകി സർവകലാശാലകൾ ആദരിക്കാറുണ്ട്. ബി.ജെ.പി സർക്കാർ കേന്ദ്രം ഭരിക്കുമ്പോൾ കേരളത്തിലെ ഒരു സർവകലാശാല രാഷ്ട്രപതിക്കു ഡി- ലിറ്റ് നൽകിയാലുണ്ടാവുന്ന ഭവിഷ്യത്ത് മുൻകൂട്ടി കണ്ടാവണം സംസ്ഥാന സർക്കാർ ഗവർണറുടെ നിർദേശം പരിഗണിക്കാതിരുന്നത്.
പക്ഷേ, അത് ഗവർണർക്കു വലിയ അഭിമാനപ്രശ്‌നമായി. ഇതുവരെയും സംസ്ഥാന സർക്കാരുമായി നല്ല ബന്ധം പുലർത്തിയിരുന്ന ഗവർണർ പെട്ടെന്ന് വിമർശകനായി. സർവകലാശാലകളിലെ ബന്ധു നിയമനം മുതൽ പല കാര്യങ്ങളും അദ്ദേഹം തന്നെ പൊതുസമൂഹത്തിൽ പരാമർശിച്ചു. അങ്ങനെ വിവാദങ്ങൾ പെരുകിയപ്പോൾ ഗവർണർ സ്വാഭാവികമായും അതിൽ കേന്ദ്രബിന്ദുവുമായി.


വഴിവിട്ടുപ്രവർത്തിക്കുന്ന ഗവർണറല്ല ആരിഫ് മുഹമ്മദ് ഖാൻ. അതിൽ ബി.ജെ.പിക്കുതന്നെ അമർഷം ഉണ്ടായിട്ടുമുണ്ട്. ഇത്രയും കാലമായി അധികാരത്തിന്റെ അടുത്തെങ്ങും എത്താൻ കഴിഞ്ഞിട്ടില്ലാത്ത ബി.ജെ.പി ഗവർണർ വഴിയെങ്കിലും ചില സ്ഥാനങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ടാവും. കാലടി സർവകലാശാലയിലെ വി.സി നിയമനത്തിന് ഒരു പേരു മാത്രമാണു തന്റെ മുന്നിലെത്തിയതെന്ന് ഗവർണർ തന്നെ ചൂണ്ടിക്കാട്ടുന്നു. സർച്ച് കമ്മിറ്റിയിലെ മൂന്ന് അംഗങ്ങൾ മൂന്നു പേരു സമർപ്പിച്ചിരുന്നവെങ്കിൽ തനിക്ക് അതിലൊന്നു തെരഞ്ഞെടുക്കാനാവുമായിരുന്നുവെന്നാണ് ഗവർണർ ചൂണ്ടിക്കാട്ടുന്നത്. സർച്ച് കമ്മിറ്റിയിലെ മൂന്നംഗങ്ങളിൽ ഒരാൾ യു.ജി.സി പ്രതിനിധിയാണ്. അതായത് കേന്ദ്ര സർക്കാരിന്റെ പ്രതിനിധി. ആ പ്രതിനിധിക്ക് ബി.ജെ.പി വഴിയിൽ ചിന്തിക്കുന്ന ഒരാളെ നിർദേശിക്കാനാവും. മൂന്നു പേരുകളുള്ള പാനലിൽനിന്ന് ഗവർണർക്ക് യു.ജി.സി പ്രതിനിധി നിർദേശിക്കുന്ന ആളെ വൈസ് ചാൻസലറാക്കാനും കഴിയും. കേരളത്തിലെ ഇടതുസർക്കാർ ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടുണ്ടാവണം. കാലടി സർവകലാശാലയുടെ സർച്ച് കമ്മിറ്റി ഒരു പേർ മാത്രം ഗവർണർക്കു സമർപ്പിച്ചതും കണ്ണൂർ വി.സിക്കു പുനർനിയമനം നൽകിയതും ഈ ലക്ഷ്യംവച്ചാവണം.


ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഗവർണർക്കെതിരേ തിരിഞ്ഞിരിക്കുന്നു. രാഷ്ട്രപതിക്ക് ഡി- ലിറ്റ് ബിരുദം നൽകുന്നതിനോടു തങ്ങൾക്ക് എതിരഭിപ്രായമൊന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'പക്ഷേ ഇക്കാര്യത്തിന് വി.സിയെ വിളിച്ചുവരുത്തി ഗവർണർ നേരിട്ടു പറഞ്ഞെങ്കിൽ അത് നിയമവിരുദ്ധം തന്നെയാണ്'- വി.ഡി സതീശൻ പറയുന്നു. വളരെ ഭംഗിയായി നടത്താനാവുന്ന കാര്യങ്ങളായിരുന്നു ഇവയൊക്കെ. ഗവർണർക്ക് മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് നേരിട്ട് ഇങ്ങനെയൊരാഗ്രഹം അവതരിപ്പിക്കാമായിരുന്നു. ഒരു നല്ല സമവായത്തിലൂടെ രാഷ്ട്രപതതിക്കു ഓണററി ഡി -ലിറ്റ് ബിരുദം നൽകാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യാമായിരുന്നു. ഗവർണർ സ്ഥാനം ഏറ്റെടുത്ത സമയത്ത് ആരിഫ് മുഹമ്മദ് ഖാനെ ഔദ്യോഗിക വസതിയിലേയ്ക്കു ക്ഷണിച്ച് സൽക്കാരം നൽകി ആദരിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറും അതേപോലെ തുറന്ന മനസോടെയാണ് മുഖ്യമന്ത്രിയുമായും ഇടപെട്ടത്. പെട്ടെന്ന് ഗവർണറും ഗവൺമെന്റും തമ്മിൽ ഇടയാനെന്തു കാരണമുണ്ടായി? രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി എന്നുവരെ പ്രസ്താവന നടത്താൻ ഗവർണർ തയാറായിക്കുന്നു.


ഇനിയിപ്പോൾ എന്തെങ്കിലും ഒത്തു തീർപ്പു സാധ്യതയുണ്ടോ? ചാൻസലർ സ്ഥാനം ഒഴിയുകയും സർവകലാശാകലകളെ ബാധിക്കുന്ന ഫയലുകളൊക്കെയും സർക്കാരിനു തിരിച്ചയയ്ക്കുകയും ചെയ്ത് ഗവർണർ നിലപാടു കടുപ്പിക്കുകയാണ്. ഇനി ഗവർണർക്കു സ്ഥാനമൊഴിയുക മാത്രമേ വഴിയുള്ളുവെന്ന് സി.എം.പി സെക്രട്ടറി സി.പി ജോൺ പറയുന്നു. 'കേന്ദ്രം ഗവർണറെ തിരിച്ചുവിളിക്കുകയാണ് ഉചിതം'- സി.പി ജോണിന്റെ വാക്കുകൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  21 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  21 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago