ലഹരിയിൽ മുങ്ങിത്താഴുന്ന കേരളം
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന മദ്യവിൽപനയാണ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഇത്തവണ നടന്നത്. ബിവറേജസ് കോർപറേഷൻ്റെയും കൺസ്യൂമർ ഫെഡിൻ്റെയും വിൽപനശാലകൾ വഴി 96.86 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ബിവറേജസ് കോർപറേഷൻ വഴി നടന്ന മദ്യവിൽപന 70.55 കോടിയുടേതായിരുന്നു. ബാറുകളിലൂടെയും മറ്റുമുള്ളതുകൂടി ചേരുമ്പോൾ 96.86 കോടിയിലും അധികംവരും ഇത്തവണത്തെ വിൽപന. മദ്യത്തിനുപുറമെ കോടികളുടെ മയക്കുമരുന്ന് വിൽപനയും സംസ്ഥാനത്ത് നടന്നിട്ടുണ്ടാകണം.
സർക്കാരിന്റെ മദ്യനയമാണ് കേരളത്തെ ഇത്തരത്തിൽ മദ്യത്തിൽ മുക്കിത്താഴ്ത്തുന്നത്. മദ്യഷാപ്പുകൾക്കും ബാറുകൾക്കും നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങളെല്ലാം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എടുത്തുകളഞ്ഞിരുന്നു. യു.ഡി.എഫ് സർക്കാർ അടച്ചുപൂട്ടിയിരുന്ന മദ്യഷാപ്പുകളും ബാറുകളും ഇടതുസർക്കാർ തുറന്നുകൊടുത്തു. ഇതിന് ന്യായീകരണമായി സർക്കാർ പറഞ്ഞിരുന്നത് മദ്യം നിരോധിക്കുന്നതിൽ കാര്യമില്ലെന്നും മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയാണ് വേണ്ടതെന്നുമായിരുന്നു. എന്നാൽ, അത്തരം അവബോധ പ്രവർത്തനങ്ങളൊന്നും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മദ്യപാത്രം മുന്നിൽ നിരത്തിവച്ച് മദ്യത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നതുകൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടാകാൻ പോകുന്നില്ല. ഇതിൻ്റെ നേർസാക്ഷ്യപത്രമാണല്ലോ ഇപ്രാവശ്യത്തെ റെക്കോർഡ് മദ്യവിൽപന.
യുവാക്കളിലും വിദ്യാർഥികളിലും മദ്യാസക്തിയും മയക്കുമരുന്നു ഉപയോഗവും വർധിച്ചുവരികയാണ്. വിദ്യാർഥികളെ മയക്കുമരുന്നു ലോബികൾ വലവീശിപ്പിടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വിദ്യാർഥികളെയും യുവാക്കളെയും മയക്കുമരുന്നിൻ്റെയും മദ്യത്തിൻ്റെയും അടിമകളാക്കാൻ സംഘടിത ശ്രമങ്ങളാണ് മദ്യ-മയക്കുമരുന്നു ലോബികൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി അവർ ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ച് വിദ്യാർഥികളെ അതിലേക്ക് ആകർഷിക്കുന്നു. സംസ്ഥാനത്തെ കോളജുകളും ഹൈസ്കൂളുകളും കേന്ദ്രീകരിച്ച് ലഹരിമാഫിയകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തവണത്തെ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികളെ ലക്ഷ്യംവച്ച് ലഹരിപ്പാർട്ടികൾ നടക്കാൻ സാധ്യതയുണ്ടെന്നും രക്ഷിതാക്കളും സ്കൂൾ അധികൃതരും ജാഗ്രത പാലിക്കണമെന്നുമുള്ള പൊലിസ് മുന്നറിയിപ്പുകൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തു വന്നതാണ്. മുമ്പത്തേതിനേക്കാൾ യുവതലമുറ മദ്യത്തിനും മയക്കുമരുന്നുകൾക്കും കൂടുതലായി അടിമപ്പെട്ടുകൊണ്ടിരിക്കുകയാണിപ്പോൾ. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ലോബികൾ പിടിമുറുക്കി തുടങ്ങിയിട്ടുണ്ട്.
കുടുംബനാഥന്റെ മദ്യപാനംകൊണ്ട് പല കുടുംബങ്ങളും ഇതിനകം തകർന്നുപോയിട്ടുണ്ട്. പലതും തകർന്നുകൊണ്ടിരിക്കുന്നു. പല വീടുകളിലും മദ്യപിച്ചെത്തുന്ന പിതാവ് കുടുംബത്തിൽ കലഹമുണ്ടാക്കുമ്പോൾ അത് കൊലപാതകങ്ങളിൽ അവസാനിക്കുന്നു. ഒരു കുടുംബനാഥൻ മദ്യത്തിനടിമപ്പെടുന്നതോടെ ആ കുടുംബമാണ് തകരുന്നത്.
സർക്കാർ കോടികൾ മദ്യവിൽപനയിലൂടെ ലാഭിച്ചിട്ടെന്ത് കാര്യം? മദ്യത്തിൽ നിന്ന് കിട്ടുന്ന വരവിനേക്കാൾ മദ്യപന്മാരെ ചികിത്സിക്കാനും താലൂക്ക് ആശുപത്രികൾ തോറുമുള്ള മദ്യവിമുക്തി കേന്ദ്രങ്ങൾക്കുമായി സർക്കാർ ചെലവാക്കുന്നില്ലേ ! മദ്യാസക്തി കുടുംബജീവിതം തകർക്കുന്നതോടൊപ്പം ഒരുവന്റെ ഔദ്യോഗിക, തൊഴിൽ ജീവിതവും തകർക്കുന്നു. അതോടെ കുടുംബം പട്ടിണിയാകുന്നു. മദ്യപാനികൾ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ ചില കുടുംബങ്ങളിൽ കൂട്ട ആത്മഹത്യകൾക്കും വഴിവയ്ക്കുന്നു.
കേരളത്തിൽ വർധിച്ചുവരുന്ന മദ്യാസക്തി, പ്രത്യേകിച്ച് യുവാക്കളിൽ മയക്കുമരുന്നുകളോട് കൂടിവരുന്ന ഭ്രമം സംസ്ഥാനത്തെ സ്ഫോടനാത്മകമായ അവസ്ഥയിലേക്കായിരിക്കും ആത്യന്തികമായി എത്തിക്കുക. സംസ്ഥാനം നേടിയെടുത്ത സാമൂഹിക, സാമ്പത്തിക നേട്ടങ്ങളൊക്കെയും വർധിച്ചുവരുന്ന മദ്യാസക്തി ഇല്ലാതാക്കും. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളെയെല്ലാം ഈ വിപത്ത് ബാധിക്കുന്നുണ്ട്. മദ്യത്തിനെതിരേ പണ്ടുണ്ടായിരുന്ന ജനകീയ പ്രതിരോധപ്രവർത്തനങ്ങൾ ഇന്ന് ഇല്ലാതായിരിക്കുന്നു. ഇതിനെല്ലാമുപരി മദ്യപാനം സാമൂഹികമായ അംഗീകാരം നേടിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറെ നടുക്കമുണ്ടാക്കുന്നത്.
ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ മൂന്നിൽ താഴെ ശതമാനം മാത്രമാണ് കേരളത്തിലുള്ളത്. എന്നാൽ, രാജ്യത്തെ മദ്യവിൽപനയുടെ 16 ശതമാനവും നടക്കുന്നത് ഈ കൊച്ചു കേരളത്തിലാണ്. മദ്യപാനം ശീലമായിട്ടുള്ള പഞ്ചാബിനെയും ഹരിയാനയെയും കടത്തിവെട്ടിയിരിക്കുന്നു കേരളത്തിലെ മദ്യപാനമെന്നത് ഞെട്ടലോടെ മാത്രമേ കേൾക്കാനാകൂ. മദ്യം കഴിച്ചുതുടങ്ങുന്ന പ്രായം പത്ത് വർഷം മുമ്പ് 17 വയസായിരുന്നെങ്കിൽ ഇന്നത് 12ലെത്തിയിരിക്കുന്നുവെന്ന് കണക്കുകൾ പറയുന്നു. 2011ലെ കണക്കുപ്രകാരം ദേശീയ കുടുംബാരോഗ്യ സർവേയിൽ പറയുന്നത് കേരളത്തിലെ 15 മുതൽ 49 വരെ പ്രായമുള്ള പുരുഷന്മാരിൽ 45 ശതമാനവും മദ്യപാനികളാണെന്നാണ്. ഇന്ത്യൻ ശരാശരി ഇത് 31.9 മാത്രമാകുമ്പോഴാണ് കേരളത്തിന്റെ ഈ കുതിച്ചുകയറ്റം.
ജനകീയ ഇടപെടലുകളിലൂടെ മികച്ച സാമൂഹിക വികസനം നേടിയെടുത്തതാണ് നമ്മുടെ കൊച്ചു സംസ്ഥാനം. കേരളത്തിന്റെ സാംസ്കാരിക മാതൃക എന്നൊരു ചൊല്ല് തന്നെ രൂപപ്പെടുത്തിയെടുക്കാൻ നമുക്ക് കഴിഞ്ഞു. എന്നാൽ, നാം നേടിയെടുത്ത എല്ലാ നേട്ടങ്ങളും ഇല്ലാതാക്കുന്നതാണ് സംസ്ഥാനത്ത് പടർന്നുകൊണ്ടിരിക്കുന്ന മദ്യാസക്തി. സാംസ്കാരികമായ ഉണ്മയും സാമ്പത്തികാഭിവൃദ്ധിയുമുള്ള നാടെന്ന് നാം ഊറ്റംകൊണ്ട കേരളത്തിന്റെ മനഃശാന്തിയും സമാധാനവും ഇന്നു ഇല്ലാതായിരിക്കുന്നു. സംഘർഷങ്ങളും ഗുണ്ടാ അക്രമങ്ങളും സ്ത്രീകൾക്കെതിരേയുള്ള അക്രമണങ്ങളും വർധിച്ചു കൊണ്ടിരിക്കുന്നതാണ് ഇതിന്റെ കാരണം. മൂലഹേതുവാകട്ടെ അക്രമികളിലധികവും മയക്കുമരുന്നുകൾക്കോ മദ്യത്തിനോ രണ്ടും കൂടിയതിനോ അടിമകളാണ് എന്നതാണ്. സാംസ്കാരിക കേരളമെന്ന നമ്മുടെ കൊച്ചുനാടിന്റെ മുഖമുദ്ര മാറുകയാണ്. പകരം, മാഫിയകളുടെ, ഗുണ്ടകളുടെ പറുദീസ എന്ന അപകടകരമായ അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് സംസ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."