ഉയർന്ന ഡീസൽ വിലയും ഫിഷറീസ് ഉദ്യോഗസ്ഥരുടെ പീഡനവും; ബോട്ടുകൾ കടലിലിറക്കാതെ ഉടമകൾ
അൻസാർ മുഹമ്മദ്
കൊച്ചി
കുതിച്ചുയരുന്ന ഡീസൽ വിലയും ഫിഷറീസ് ഉദ്യോഗസ്ഥരുടെ പീഡനവും കാരണം സംസ്ഥാനത്തെ 60 ശതമാനം മത്സ്യബന്ധന ബോട്ടുകളും കരയിലൊതുക്കി. കേരളാ തീരത്തെ മത്സ്യങ്ങൾ ഗുജറാത്ത് തീരത്തേക്കും ഒമാൻ കടലിലേക്കും നീങ്ങിയതും തിരിച്ചടിയായി. നല്ല ഇനം മത്സ്യം ലഭിക്കണമെങ്കിൽ ഗോവൻ തീരത്ത് വരെ പേകേണ്ടിവരുമെന്നും ഇതിന് കുറഞ്ഞത് പത്തു ദിവസം വേണ്ടിവരുമെന്നും ബോട്ടുടമകൾ പറയുന്നു. ഒരു ദിവസം ഒരു മത്സ്യബന്ധന യാനത്തിന് 600 ലിറ്റർ ഡീസൽ ആവശ്യമാണ്. ഏതാണ്ട് 6,000 ലിറ്റർ ഡീസൽ വേണ്ടി വരും. എന്നാൽ ഇതിന് അനുസരിച്ച് മത്സ്യങ്ങൾ ലഭിക്കുന്നുമില്ല. അതിനിടെ, ലൈസൻസ് പുതുക്കാത്ത മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുക്കാൻ ഫിഷറീസ് വകുപ്പ് ആരംഭിച്ച നീക്കം ബോട്ടുടമകളുടെ ദുരിതം വർധിപ്പിച്ചു. ലൈസൻസ് പുതുക്കാത്തതിനും മത്സ്യബന്ധനത്തിന്റെ പേരിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ച് ബോട്ടുകൾ വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. മത്സ്യക്കുഞ്ഞുങ്ങളുടെ അളവ് 40 ശതമാനത്തിൽ കൂടുതലാണെങ്കിൽ മാത്രമേ നടപടിയെടുക്കൂവെന്ന് ചീഫ് സെക്രട്ടറി ഉറപ്പുനൽകിയിരുന്നുവെങ്കിലും ഫിഷറീസ് ഉദ്യോഗസ്ഥർക്ക് തോന്നുംപടിയാണ് പിഴ വിധിക്കുന്നത്.
ഡീസലിന്റെ നികുതി കുറയ്ക്കണമെന്നാണ് മത്സ്യബന്ധന ബോട്ടുടമകളുടെ ആവശ്യം. തമിഴ്‌നാട് മത്സ്യബന്ധന ബോട്ടുകൾക്ക് 1,000 ലിറ്റർ ഡീസലിന് 8,000 രൂപയും കർണാടക 9,000 രൂപയും നികുതി ഒഴിവാക്കിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ ലൈസൻസ് ഫീസ് 1,000 രൂപയാണ്, എന്നാൽ കേരളം 26,000 രൂപ പിരിച്ചെടുക്കുന്നു. അതേസമയം, മത്സ്യബന്ധന ബോട്ടുകൾക്ക് ലൈസൻസ് ഫീസ് അടക്കുന്നതിന് മതിയായ സമയം നൽകിയതിന് ശേഷമാണ് ഡ്രൈവ് ആരംഭിച്ചതെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം കേരളത്തിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെ സമുദ്രോൽപന്ന കയറ്റുമതിക്കാർ ആന്ധ്രയിലേക്ക് കുടിയേറുന്നു. കേരളത്തിൽ ചെമ്മീൻ, കണവ, കട് മത്സ്യം എന്നിവയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് ആന്ധ്രയിലേക്ക് കുടിയേറാൻ ഇവരെ പ്രേരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."