കെ.എസ്.ആർ.ടി.സി പമ്പുകൾ പൊതുജനങ്ങൾക്കും; ധാരണാപത്രത്തിൽ ഒപ്പുവച്ചു 50 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങുമെന്ന് മന്ത്രി
തിരുവനന്തപുരം
കെ.എസ്.ആർ.ടി.സിയുടെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഫ്യുവൽ പമ്പുകൾ പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്ന നടപടിക്ക് തുടക്കം. കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചു. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകറും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ചീഫ് റീജ്യനൽ മാനേജർ (റീട്ടെയിൽ) അംജദ് മുഹമ്മദും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്. തിരുവനന്തപുരം വികാസ് ഭവൻ, തൊടുപുഴ, വൈക്കം, മലപ്പുറം ഡിപ്പോകളിലെ പമ്പുകൾ ഹിന്ദുസ്ഥാൻ പെട്രോളിയവുമായി സഹകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിനുള്ള ധാരണാപത്രമാണ് ഇന്നലെ മസ്‌കത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഒപ്പുവച്ചത്.
നേരത്തെ ഇന്ത്യൻ ഓയിലുമായി ചേർന്ന് എട്ടു ഡിപ്പോകളിലെ പമ്പുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു.
സംസ്ഥാനത്ത് 50 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങുമെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു. ബസ് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത പെട്രോൾ പമ്പുകൾ പൂട്ടിക്കാൻ സ്വകാര്യ ലോബി ശ്രമിക്കുകയാണ്.
പമ്പുകൾക്കെതിരേ സ്വകാര്യലോബി ഹൈക്കോടതിയിൽ പോയെങ്കിലും പരാജയപ്പെട്ടു. പമ്പുകൾ തുടങ്ങുന്നത് തടയാൻ മറ്റുമാർഗങ്ങൾ നോക്കുകയാണ് ഇപ്പോൾ. എന്തെല്ലാം തടസം ഉണ്ടായാലും പമ്പുകൾ തുറക്കും. ജീവനക്കാർക്ക് ജനുവരി മാസം നൽകുന്നത് പുതുക്കിയ ശമ്പളമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."