HOME
DETAILS
MAL
ഡി.സി.സികളുടെ പുനഃസംഘടന: സ്ഥാനാര്‍ഥിത്വം ലക്ഷ്യം വയ്ക്കുന്നവരെ ഒഴിവാക്കാന്‍ നീക്കം
backup
January 04 2021 | 10:01 AM
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ കനത്ത തിരിച്ചടി നേരിട്ട ജില്ലകളിലെ ഡി.സി.സി പ്രസിഡന്റുമാരെ മാറ്റാനുള്ള നീക്കം ശക്തിപ്രാപിച്ചിരിക്കെ,നിയമസഭാ സ്ഥാനാര്‍ഥിത്വം ലക്ഷ്യം വയ്ക്കുന്നവരെ ഒഴിവാക്കി പുനഃസംഘടന നടത്താന്‍ കെ.പി.സി.സി നേതൃത്വത്തില്‍ ആലോചന.
നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും പുനഃസംഘടനയിലേക്കു നേതൃത്വം കടക്കുക. ഇതു സംബന്ധിച്ച് ഇന്ന് കെ.പി.സി.സി സെക്രട്ടറിമാര്‍ ചുമതലയുള്ള മണ്ഡലങ്ങളുടെ റിപ്പോര്‍ട്ട് കെ.പി.സി.സി നേതൃത്വത്തിനു നല്‍കും. ചില ജില്ലകളില്‍ നിയമസഭാ സീറ്റുകളില്‍ കണ്ണുനട്ട് ഡി.സി.സി പ്രസിഡന്റുമാര്‍ തന്നെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതു സംബന്ധിച്ച് കെ.പി.സി.സി നേതൃത്വത്തിനു പരാതി ലഭിച്ചിരുന്നു. ഇക്കാര്യം കെ.പി.സി.സി സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നറിയുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പുതിയ അധ്യക്ഷരുടെ പേരുകള്‍ ഗ്രൂപ്പ് നേതാക്കള്‍ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പ്രവര്‍ത്തകരുടെ പിന്തുണയില്ലാതെ ഗ്രൂപ്പുകളുടെ പിന്തുണയോടെ കെ.പി.സി.സി ഭാരവാഹികളായവരുടെ പേരുകളാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ പ്രചരിക്കുന്നത്. ഇതില്‍ മുന്‍ എം.എല്‍.എമാരുടെ പേരുകളുമുണ്ട്.
ഇതു കണക്കിലെടുത്ത് ഡി.സി.സി പ്രസിഡന്റായ ശേഷം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചുമതല താല്‍കാലികമായി ഒഴിഞ്ഞ ശേഷം മത്സരിക്കാനുള്ള നീക്കത്തിനാണ് കെ.പി.സി.സി നേതൃത്വം തടയിടാനൊരുങ്ങുന്നത്.
പുതുതായി ഡി.സി.സി പ്രസിഡന്റുമാരാകുന്നവര്‍ പാര്‍ട്ടിയെ വിജയത്തിലേക്കു നയിക്കണമെന്നാണ് കെ.പി.സി.സി നേതൃത്വം നിര്‍ദേശിക്കുക. എന്നാല്‍ ഇക്കാര്യം മണത്തറിഞ്ഞ് ചില കെ.പി.സി.സി ഭാരവാഹികള്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്ങളെ പരിഗണിക്കരുതെന്ന് ഗ്രൂപ്പ് നേതൃത്വങ്ങളോട് ആവശ്യപ്പെട്ടതായി അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."