HOME
DETAILS
MAL
നിയന്ത്രണങ്ങളോടെ അടിയന്തിര ഉപയോഗത്തിന് അനുമതി ഇനി വാക്‌സിനേഷന്‍
backup
January 04 2021 | 10:01 AM
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നല്‍കി. അടിയന്തിരഘട്ടത്തില്‍ ഉപയോഗത്തിനായി ഉപാധികളോടെയാണ് അനുമതിയെന്നും കരുതല്‍ വേണമെന്നും ഡി.സി.ജി.ഐ അറിയിച്ചു.
ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്‌സിനും ഐ.സി.എം.ആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിനുമാണ് ഉപയോഗിക്കാന്‍ ഡി.സി.ജി.ഐ അനുമതി നല്‍കിയത്. സൈഡസ് കാഡിലയുടെ സൈകൊവ് ഡിയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതി നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി കഴിഞ്ഞദിവസം ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ ഡി.സി.ജി.ഐ അംഗീകരിക്കുകയായിരുന്നു.
സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ) വിദഗ്ധ സമിതി(എസ്.ഇ.സി.) ആണ് കൊവാക്‌സിന്റെ അടിയന്തര ആവശ്യത്തിനുള്ള ഉപയോഗത്തിന് നിയന്ത്രണങ്ങളോടെ അനുമതിക്ക് ശുപാര്‍ശ ചെയ്തത്.
രണ്ട് കമ്പനികളും തങ്ങളുടെ പരീക്ഷണഘട്ടത്തിന്റെ വിവരങ്ങള്‍ സമര്‍പ്പിച്ചതായും നിയന്ത്രിത ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ഡി.സി.ജി.ഐ മേധാവി വിജി സോമാനി പറഞ്ഞു. ചെറിയ തോതിലെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒരിക്കലും അനുമതി നല്‍കുമായിരുന്നില്ല. വാക്‌സിനുകള്‍ 110 ശതമാനവും സുരക്ഷിതമാണ്. നേരിയ പനി, വേദന, അലര്‍ജി തുടങ്ങിയ ചില പാര്‍ശ്വഫലങ്ങള്‍ എല്ലാ വാക്‌സിനും സാധാരണയാണ്. മറ്റു പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സോമാനി പറഞ്ഞു.
ഡി.സി.ജി.ഐ അനുമതി നല്‍കിയതോടെ ഇന്ത്യയില്‍ രണ്ടുകൊവിഡ് വാക്‌സിനുകളും കുത്തിവയ്പിനു സജ്ജമായി. കുത്തിവയ്പ് തുടങ്ങുമ്പോള്‍ രാജ്യമാകെ മൂന്നുകോടി ആളുകള്‍ക്കാവും ഉടന്‍ വാക്‌സിന്‍ ലഭിക്കുക. ഒരു കോടി ആരോഗ്യ പ്രവര്‍ത്തകരും രണ്ടുകോടി പൊലിസ്, പ്രതിരോധ സേനാംഗങ്ങള്‍, തദ്ദേശ ആരോഗ്യുചീകരണ ജീവനക്കാര്‍ എന്നിവരും അടങ്ങുന്ന കോവിഡ് മുന്നണിപ്പോരാളികളും. ഇവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മുന്‍ഗണനാ പട്ടികയിലെ ബാക്കി 27 കോടി ആളുകള്‍ക്ക് ആറുമാസത്തിനുള്ളിലും വാക്‌സിന്‍ ലഭിക്കും. ബുധനാഴ്ച കുത്തിവയ്പ് തുടങ്ങാന്‍ കഴിയുംവിധമുള്ള തയാറെടുപ്പുകള്‍ ദ്രുതഗതിയിലാണ്. വ്യാപക ഉപയോഗത്തിനുള്ള അനുമതി കൊവിഷീല്‍ഡ് വാക്‌സിനു മാത്രമാകും എന്നാണു സൂചന.
സര്‍ക്കാരിന് 200രൂപ; ജനങ്ങള്‍ക്ക് 1,000: സെറം
പുനെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാരിന് 200നും പൊതുജനങ്ങള്‍ക്ക് 1,000 രൂപയ്ക്കും ലഭ്യമാക്കും. സെറം സി.ഇ.ഒ അദാര്‍ പൂനവാലയാണ് ഇക്കാര്യം അറിയിച്ചത്.
വാക്‌സിന്‍ നിര്‍മാണത്തിനായി കമ്പനി സഹിക്കേണ്ടിവന്ന പ്രയാസങ്ങള്‍ക്കെല്ലാം ഇപ്പോള്‍ ഫലം ലഭിച്ചിരിക്കുന്നു.
ഇന്ത്യയുടെ ആദ്യ കൊവിഡ് വാക്‌സിന് അനുമതി ലഭിച്ചിരിക്കുന്നു. വരുന്ന ആഴ്ചകളില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരായ സുരക്ഷിതവും കാര്യക്ഷമവുമായ പ്രതിരോധ മരുന്നാണ് കൊവിഷീല്‍ഡ് വാക്‌സിന്‍. വാക്‌സിന്‍ കയറ്റുമതി സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. കയറ്റുമതിക്ക് അനുമതിവേണമെന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.
അങ്ങനെയായാല്‍ 68 രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യാനാവും. മിനുട്ടില്‍ 5,000 ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ നിലവില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."