ഖത്തർ-സഊദി പ്രതിസന്ധി അവസാനിച്ചു; ഇരു രാജ്യങ്ങളും അതിർത്തികൾ തുറന്നു
റിയാദ്: മൂന്നര വർഷം നീണ്ടു നിന്ന ഖത്തർ ഉപരോധം അവസാനിച്ചു. ഇതിന്റെ ഭാഗമായി സഊദി-ഖത്തർ അതിർത്തികൾ ഇന്ന് രാത്രി മുതൽ തുറന്നുവെന്ന് കുവൈത്ത് അറിയിച്ചു. കുവൈത് ഭരണാധികാരി ശൈഖ് നവാഫിന്റെ നേതൃത്വത്തിലുള്ള ചർച്ചയിലാണ് തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ നീക്കം നാളെ നടക്കുന്ന അൽ ഉല ജി സി സി ഉച്ചകോടി വിജയിക്കുമെന്നതിന്റെ ഉദാഹരണമാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ പ്രതികരിച്ചു.
ഇരു രാജ്യങ്ങളും തിങ്കളാഴ്ച്ച രാത്രിയോടെ കര, വ്യോമ, ജല അതിർത്തികൾ തുറക്കാൻ ധാരണയിലെത്തിയതായി കുവൈത്ത് വിദേശ കാര്യ മന്ത്രിയെ ഉദ്ധരിച്ച് കുവൈത് ദേശീയ ടെലിവിഷൻ റിപ്പോർട്ട് ചെയ്‌തിരുന്നു. അതിർത്തികൾ തുറന്ന കാര്യം സഊദി അറേബ്യയും സ്ഥിരീകരിച്ചതായി സഊദി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തു. ജി സി സി ഉച്ചകോടി എല്ലാ ഗൾഫ് രാജ്യങ്ങളെയും ഒന്നിപ്പിക്കുന്നതാണെന്ന സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തികൾ തുറന്നത്.
فيديو | وزير الخارجية الكويتي: تم الاتفاق على فتح الحدود البرية والبحرية بين #المملكة و #قطر اعتبارا من مساء اليوم
— قناة الإخبارية (@alekhbariyatv) January 4, 2021
#الإخبارية pic.twitter.com/KTdYVcKNWV
വാക്കുകളെ ഏകീകരിക്കുകയും സമൂഹത്തെ ഒന്നിപ്പിക്കുകയും നന്മയുടെയും സമൃദ്ധിയുടെയും പാതയെ ശക്തിപ്പെടുത്തുന്നതുമായ ഒരു ഉച്ചകോടിയായിരിക്കും നാളെ നടക്കുന്നതെന്നും സഊദി കിരീടാവകാശി വ്യക്തമാക്കിയിരുന്നു.
"അൽ ഉല ഉച്ചകോടി പ്രസ്‌താവന"യിൽ ഒപ്പ് വെക്കുന്നതിനായി കുവൈത്തിലെ അമീർ ഖത്തർ അമീറുമായും സഊദി കിരീടാവകാശിയുമായും ബന്ധപ്പെട്ടതായും പ്രസക്തമായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ ധാരണയായതായും ഖത്തർ ട്രിബ്യുൺ റിപ്പോർട്ട് ചെയ്‌തു.
അതേസമയം, ഖത്തറിനെതിരെ സഊദി നേതൃത്വം കൊടുത്ത ഉപരോധത്തിൽ പങ്കാളികളായ യുഎഇ, ബഹ്‌റൈൻ, ഈജിപ്‌ത് എന്നീ രാജ്യങ്ങളുടെ നിലപാട് ഇത് വരെ പുറത്ത് വന്നിട്ടില്ല. സഊദിക്കൊപ്പം ഈ രാജ്യങ്ങളും ഉപരോധം പിൻവലിക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."