ഭരണം പിടിക്കാന്‍
ഭരണം പിടിച്ചെടുക്കുകയെന്നത് തന്നെയാണ് ഒരു പ്രതിപക്ഷത്തിന്റെ അന്തിമമായ ലക്ഷ്യം. എക്കാലത്തും പ്രതിപക്ഷത്തിരിക്കുകയെന്നത് ഒരു പ്രതിപക്ഷത്തിനും ഇഷ്ടമുള്ള കാര്യവുമല്ല. പ്രത്യേകിച്ചു കേരളത്തില്‍. രണ്ടു മുന്നണികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ നിന്നു പോരാടുന്ന സംസ്ഥാനമാണ് കേരളം. ഒന്നിടവിട്ടുള്ള ഇടവേളകളില്‍ രണ്ടു മുന്നണിക്കും കൃത്യമായി ഭരണം വീതിച്ചുകൊടുക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. ഇത്തവണ ഇടതുമുന്നണിയെങ്കില്‍ അടുത്ത തവണ ഐക്യജനാധിപത്യ മുന്നണി. അതിനടുത്ത തവണ വീണ്ടും ഇടതുമുന്നണി. എന്നു കരുതി പ്രതിപക്ഷത്തിരിക്കുന്ന മുന്നണി അഞ്ചു കൊല്ലം കഴിഞ്ഞ് എന്തായാലും ഭരണം കിട്ടുമെന്നു കണക്കാക്കി വെറുതെകൈയും കെട്ടി ഇരിക്കുകയല്ല വേണ്ടത്. ഭരണം കിട്ടാന്‍ കഠിനാദ്ധ്വാനം ചെയ്യുക തന്നെ വേണം. പ്രതിപക്ഷമായാലും ഭരണപക്ഷമായാലും.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലം തന്നെ ഉദാഹരണം. പ്രവര്‍ത്തനത്തിലും പരിപാടിയിലുമൊക്കെ എന്തുകൊണ്ടും വളരെ മികച്ച സര്‍ക്കാരായിരുന്നു അത്. അങ്ങേയറ്റം ജനകീയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം. നേരിട്ട ഉപതെരഞ്ഞെടുപ്പുകളൊക്കെയും വിജയിച്ച ഒരു സര്‍ക്കാര്‍. പിറവം, നെയ്യാറ്റിന്‍കര, അവസാനം അരുവിക്കര. സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഒഴിവായ അരുവിക്കരയില്‍ നടന്നത് ഗംഭീരമായ പോരാട്ടമായിരുന്നു. കാര്‍ത്തികേയന്റെ മകന്‍ കെ.എസ് ശബരീനാഥന്‍ തന്നെ സ്ഥാനാര്‍ഥിയായി. ചൂടന്‍ പ്രചാരണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ നേതൃത്വം നല്‍കി. വാശിയേറിയ പോരാട്ടത്തില്‍ ശബരീനാഥനു തന്നെയായിരുന്നു വിജയം. അതും നല്ല ഭൂരിപക്ഷത്തിന്. ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ ഇവിടെ പിടിച്ചത് 34,145 വോട്ട്. ശബരീനാഥന് 56,448 വോട്ടും, സി.പി.എം സ്ഥാനാര്‍ഥി എം. വിജയകുമാറിന് 46,320 വോട്ടും കിട്ടി. ഉമ്മന്‍ചാണ്ടിക്ക് വലിയ പ്രതീക്ഷ നല്‍കിയ തെരഞ്ഞെടുപ്പ് ഫലം. തന്റെ ഭരണകാലത്തു നടന്ന അവസാനത്തെ തെരഞ്ഞെടുപ്പും വിജയിച്ചിരിക്കുന്നു. നെയ്യാറ്റിന്‍കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം വിട്ട് ഭരണപക്ഷത്തേയ്ക്ക് കൂറുമാറിയ ആര്‍. ശെല്‍വരാജ് എം.എല്‍.എ സ്ഥാനം രാജിവച്ച് മത്സരിച്ച മണ്ഡലം. ഇവിടെയും ഒ. രാജഗോപാല്‍ തന്നെ മത്സരിച്ചു. 30,507 വോട്ടും നേടി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നേരിയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ നിലനിന്നിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരു എം.എല്‍.എയുടെ പിന്തുണ കൂടി കിട്ടി. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടി ഒരു കാര്യം ശ്രദ്ധിച്ചു. രണ്ടിടത്തും ബി.ജെ.പി നല്ലതുപോലെ വോട്ടു പിടിച്ചിരിക്കുന്നു. സി.പി.എം സ്ഥാനാര്‍ഥിയായി ശെല്‍വരാജ് ജയിച്ച നെയ്യാറ്റിന്‍കരയില്‍ അദ്ദേഹം തന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചിരിക്കുന്നു. ഇവിടെ ബി.ജെ.പിക്ക് കിട്ടിയത് 30,507 വോട്ട്. അരുവിക്കരയില്‍ ബി.ജെ.പിക്ക് കുറെക്കൂടി കൂടുതല്‍ വോട്ടു കിട്ടിയിരിക്കുന്നു. രണ്ടിടത്തും പരാജയപ്പെട്ടത് സി.പി.എം. ബി.ജെ.പിക്ക് വോട്ടു കൂടിയാല്‍ സി.പി.എമ്മിനു സീറ്റു കുറയും എന്നു കണക്കുകൂട്ടാന്‍ എന്തെളുപ്പം. അരുവിക്കര ഉപതെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി ഭരണത്തുടര്‍ച്ചയെപ്പറ്റി ആലോചിക്കാന്‍ തുടങ്ങി. പക്ഷേ 2016-ല്‍ ജയിച്ചു ഭരണത്തിലെത്തിയത് ഇടതു സര്‍ക്കാര്‍. കൃത്യമായ കണക്കുകൂട്ടലിലൂടെയും പ്രചാരണത്തിലൂടെയും സമരങ്ങളിലൂടെയും ഭരണം പിടിച്ചെടുക്കുകയായിരുന്നു ഇടതുപക്ഷം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് 90 എം.എല്‍.എമാരുടെ പിന്‍ബലത്തില്‍.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു പേരുദോഷമുണ്ടാക്കിയതു പ്രധാനമായും സ്വന്തം പക്ഷക്കാര്‍ തന്നെയായിരുന്നുവെന്ന കാര്യം വേറെ. ബാര്‍ കോഴക്കേസും അഴിമതിയാരോപണവുമെല്ലാം സര്‍ക്കാരിന്റെ പ്രതിച്ഛായ അപ്പാടേ തകര്‍ത്തു. പ്രതിപക്ഷം തന്നെ ആരോപണങ്ങളുയര്‍ത്തി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി. തികച്ചും സ്വാഭാവികമായ പരാജയമായിരുന്നു അത്.
ഇനിയിപ്പോള്‍ പ്രതിപക്ഷത്തിന്റെ ഊഴമാണ്. പ്രതിപക്ഷ നേതൃനിരയില്‍ രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനുമൊക്കെയുണ്ട്. കേരളത്തിലെ കണക്കനുസരിച്ച് അടുത്ത ഊഴം പ്രതിപക്ഷത്തിനു തന്നെ. പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം തികച്ചും നിരാശാജനകമായിരുന്നു. അതിനെ സെമി ഫൈനല്‍ മത്സരമെന്നാണ് എല്ലാവരും വിളിച്ചത്. സെമി ഫൈനലില്‍ ഇതാണ് ഫലമെങ്കില്‍ ഫൈനലില്‍ എന്താവും സ്ഥിതി. ആശങ്കയുടെ കരിനിഴല്‍ പരക്കുന്നുണ്ട് പ്രതിപക്ഷ ക്യാംപില്‍.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഭരണപക്ഷത്തിനു ഭരണകാലം എന്നതുപോലെ പ്രതിപക്ഷത്തിനു ഒരു പ്രതിപക്ഷകാലം കൂടിയായിരുന്നു. കേരളത്തില്‍ എക്കാലത്തും പ്രതിപക്ഷം ശക്തം തന്നെയായിരുന്നു. രണ്ടു കക്ഷികള്‍ ഏറെക്കുറെ തുല്യശക്തികളായി നില്‍ക്കുമ്പോള്‍ ഇതു സ്വാഭാവികം. 1957-ലെ ആദ്യത്തെ സര്‍ക്കാരിനെതിരേ - ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് എന്നും വായിക്കാം - ശക്തമായ ചെറുത്തുനില്‍പ്പാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. പി.ടി ചാക്കോ, പട്ടം താണുപിള്ള, കെ.എം. ജോര്‍ജ്ജ് എന്നിങ്ങനെ പ്രഗത്ഭരായ നേതാക്കള്‍ പ്രതിപക്ഷത്ത് നിരന്നിരുന്നു. നിയമസഭയ്ക്ക് പുറത്ത് നായര്‍-ക്രിസ്ത്യന്‍ സമുദായ നേതൃത്വങ്ങളും ഇ.എം.എസ് സര്‍ക്കാരിനെതിരേ കരുനീക്കി. അവസാനം ശക്തിയായ വിമോചന സമരം. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടു. 1960-ല്‍ പി.എസ്.പിയുടെയും മുസ്‌ലിം ലീഗിന്റെയും പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പ്പിച്ചു. പി.എസ്.പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി.
രണ്ടു വലിയ പ്രളയവും രണ്ടു മഹാമാരികളും കേരളത്തെ വാശിയോടെ ആക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലം. പ്രളയത്തെയും നിപാ, കൊവിഡ് എന്നീ പകര്‍ച്ചവ്യാധികളെയും നേരിടാന്‍ സര്‍ക്കാര്‍ സര്‍വസന്നാഹങ്ങളുമായി മുന്നിട്ടിറങ്ങി. ഒപ്പം സി.പി.എമ്മിന്റെ പാര്‍ട്ടി ഘടകങ്ങളും ഭരണകക്ഷിയുടെ പൊതുജനസംഘടനകളും. ഇത്തരം പ്രതിസന്ധിയുണ്ടാവുമ്പോള്‍ പ്രതിപക്ഷം എന്തൊക്കെ ചെയ്യണമെന്ന വലിയ ചോദ്യം ഇവിടെ ഉയരുന്നുണ്ട്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇത്തരം പ്രതിസന്ധികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാവും. കഴിഞ്ഞ തവണ പകുതിയോളം പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും യു.ഡി.എഫ് ഭരണത്തിലായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഈ സ്ഥാപനങ്ങളൊക്കെയും മുന്നില്‍ത്തന്നെ നിന്നു പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ഇത്തരം കാര്യങ്ങളിലൊക്കെയും പ്രതിപക്ഷത്തിനും വലിയ പങ്കുണ്ടെന്നത് പ്രധാനമായ കാര്യം തന്നെ.
ഒരുപക്ഷേ, കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണെന്നു പറയാം. പ്രതിപക്ഷ നേതാവെന്ന നിലയില്‍ എന്നതിനേക്കാള്‍ ഒരു ജനകീയ പോരാളി എന്ന നിലയ്ക്കാണ് അദ്ദേഹത്തിന്റെ ഖ്യാതിയും പ്രതിച്ഛായയും വളര്‍ന്നത്. അതുവരെ ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയ്ക്കുള്ള പ്രതിച്ഛായ മാത്രമേ വി.എസിനെ കുറിച്ച് കേരളജനതയ്ക്ക് മുമ്പിലുണ്ടായിരുന്നുള്ളൂ. ദുര്‍ഘടം പിടിച്ച മതികെട്ടാന്‍മല കയറിയും തീ കത്തുന്ന ആരോപണങ്ങള്‍ ഉന്നയിച്ചും കത്തിക്കയറിയ വി.എസ് കേരളജനതയ്ക്കു പ്രിയങ്കരനാവുകയായിരുന്നു. എന്നാല്‍ മികച്ച മുഖ്യമന്ത്രി എന്ന പേര് ആര്‍ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. തിരുവിതാംകൂറിലെ സവര്‍ണ മേധാവിത്വത്തിനെതിരേയും രാജഭരണത്തിനെതിരേയും സര്‍ സി.പി. രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനെതിരേയും ശക്തമായ പോരാട്ടം നയിച്ച് സ്റ്റേറ്റ് കോണ്‍ഗ്രസിലൂടെ തിരുവിതാംകൂറിന്റെയും തിരു-കൊച്ചിയുടെയും ഭരണനേതൃത്വത്തിലേയ്ക്കുയര്‍ന്ന സി. കേശവനും ഭരണം കൈയില്‍ കിട്ടുമ്പോള്‍ എന്തായിരിക്കണം പരിപാടി എന്ന് ആലോചിക്കുകയും പഠിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷം എങ്ങനെ പ്രവര്‍ത്തിക്കണം എന്നതു സംബന്ധിച്ച് പഠിക്കാന്‍ ബ്രിട്ടിഷ് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തന രീതി നേരിട്ടു കണ്ടു മനസിലാക്കണമെന്നു പോലും അദ്ദേഹം ആലോചിച്ചിരുന്നു.
സി.പിക്കെതിരേ നിരന്തരമായി പ്രക്ഷോഭം നടത്തുമ്പോഴൊക്കെയും ഭാവിയില്‍ സ്വതന്ത്ര തിരുവിതാംകൂറിന്റെ ഭരണം എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് സി. കേശവന്‍ തുടര്‍ച്ചയായിത്തന്നെ പഠനം നടത്തുന്നുണ്ടായിരുന്നു. ഭാവിയില്‍ തിരുവിതാംകൂറിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് എന്തൊക്കെ ചെയ്യണമെന്നാണ് അദ്ദേഹം ആലോചിച്ചതും വേണ്ട പഠനങ്ങള്‍ നടത്തിയതും. അന്ന് പുരോഗമന ചിന്താഗതിക്കാരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫ. മാത്യു തരകനുമായി സി. കേശവന്‍ അടുപ്പത്തിലായി. മധുര അമേരിക്കന്‍ കോളജിലെ പ്രൊഫസറായിരുന്നു അദ്ദേഹം. വരാന്‍ പോകുന്ന സ്വതന്ത്ര തിരുവിതാംകൂറിലെ തൊഴിലാളി-ബഹുജന കര്‍ഷക വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഒരു സാമ്പത്തിക പരിപാടി കോണ്‍ഗ്രസിനു വേണ്ടി തയാറാക്കണമെന്ന് അദ്ദേഹം പ്രൊഫ. മാത്യു തരകനോടാവശ്യപ്പെട്ടു. കേശവനും മാത്യു തരകനും തമ്മില്‍ നിരവധി കൂടിക്കാഴ്ചകള്‍ നടന്നു. 1948 ആദ്യം പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വളരെ സമഗ്രമായ ഒരു പ്രകടന പത്രിക ഒരുക്കാന്‍ കേശവന്‍-മാത്യു തരകന്‍ കൂട്ടുെകട്ടിനു കഴിഞ്ഞു. ഭൂപരിഷ്‌കരണ നിയമം കൊണ്ട് വരുമെന്നുവരെ അതില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കന്മാരെയും ഇടതുപക്ഷ നേതാക്കളെയും കണ്ട് അവരുമായി വിശദമായി ചര്‍ച്ച നടത്തി എല്ലാവര്‍ക്കും സ്വീകാര്യമായതും പുരോഗമനപരമായതുമായ ഒരു റിപ്പോര്‍ട്ട് തയാറാക്കണമെന്നാണ് സി. കേശവന്‍ നിര്‍ദേശിച്ചതെന്ന് പിന്നീട് മാത്യു തരകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിശാലമായൊരു കാഴ്ചപ്പാടും ലക്ഷ്യബോധവും ക്രിയാത്മകമായൊരു പരിപാടിയും തയാറാക്കിയാല്‍ പ്രതിപക്ഷത്തിന് മുന്നേറാവുന്നതേയുള്ളൂ. കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണ് ഇതിന് ശ്രമിക്കേണ്ടത്. വെല്ലുവിളി ഉയരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."