സുരക്ഷിത വാക്‌സിന്‍ വേണം; ആശങ്കയകറ്റണം
പുതുവര്‍ഷത്തില്‍ പ്രതീക്ഷയേകി കൊവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന ആശ്വാസത്തിലാണ് നാം. കൊവിഡ് 19 ജനിതക മാറ്റം സംഭവിച്ച് കൊവിഡ് 20 ആയി മാറുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ ലഭ്യമാകുക എന്നത് വലിയ ആശ്വാസം തന്നെയാണ്. മാസങ്ങളോളം നീണ്ട പരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ക്ലിനിക്കല്‍ ട്രയലിനും ശേഷമാണ് വിവിധ കമ്പനികള്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഇതില്‍ ചില വാക്‌സിനുകള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ പച്ചക്കൊടി ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രാജ്യമെന്ന നിലയില്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കാനുള്ള തീരുമാനം ലോകാരോഗ്യ സംഘടനയും മറ്റും സ്വാഗതം ചെയ്തിട്ടുമുണ്ട്.
എന്നാല്‍ വാക്‌സിന്‍ സുരക്ഷിതമാണോയെന്ന ജനങ്ങളുടെ ആശങ്ക നിലനില്‍ക്കുന്നത് വാക്‌സിനേഷന്‍ വിജയകരമാകുമോയെന്ന സന്ദേഹം ഉയര്‍ത്തുന്നുണ്ട്. നേരത്തെ അമേരിക്കയിലും മറ്റും ഉയര്‍ന്ന ആശങ്ക തന്നെയാണിത്. ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പ്രചാരണവും ബോധവല്‍ക്കരണവും അനിവാര്യമാണ്. വാക്‌സിന്‍ എത്തിയെന്ന സന്തോഷവാര്‍ത്ത കൊവിഡിനെ കുറിച്ചുള്ള കരുതല്‍ കുറയുന്നതിനും കാരണമാകുന്നുണ്ട്. വാക്‌സിനുണ്ടല്ലോ എന്ന ചിന്തയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യം സൃഷ്ടിച്ചുകൂടാ. കൊവിഡ് ജാഗ്രത തുടരുന്നതോടൊപ്പം വാക്‌സിനേഷന്‍ നടപടികളും പുരോഗമിക്കട്ടെ.
അതിനിടെ, വാക്‌സിന്‍ സ്വീകരിക്കാന്‍ ഭരണാധികാരികളും രാഷ്ട്രീയക്കാരും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെ രംഗത്തുവന്ന് ജനങ്ങളുടെ ആശങ്ക അകറ്റണം. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ആദ്യം നല്‍കണമെന്നുള്ളതിനാല്‍ വാക്‌സിന്‍ സ്വീകരിക്കില്ലെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവ ഉപയോഗിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നല്‍കിയ ശേഷമാണ് പൊതുപ്രവര്‍ത്തകര്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നത്. വാക്‌സിനില്‍ ജനങ്ങള്‍ക്ക് സംശയം കൂട്ടാനേ ഇത്തരം നടപടികള്‍ ഉപകരിക്കൂ. ഈ രണ്ടു വാക്‌സിനുകളില്‍ കൊവാക്‌സിന്‍ ഐ.സി.എം.ആര്‍ ഭാരത് ബയോടെക്കുമായി സഹകരിച്ച് തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഇതിനു പുറമെ, കാഡില ഹെല്‍ത്ത് കെയര്‍ വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്. വാക്‌സിന്റെ സംശയം തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ആദ്യം വാക്‌സിന്‍ സ്വീകരിക്കട്ടെ എന്നാണ് പ്രശാന്ത് ഭൂഷണ്‍ പറയുന്നത്. ഇത്തരത്തില്‍ ജനങ്ങളുടെ സംശയം അകറ്റുകയാണ് വേണ്ടതും.
നേരത്തെ യു.എസില്‍ കൊവിഡിനെ കുറിച്ച് അനേകം ആശങ്കകള്‍ നിലനിന്നിരുന്നു. കൊവിഡ് വാക്‌സിന്റെ കാര്യത്തിലും അവിടെ നിരവധി സംശയങ്ങളാണ് ഉയര്‍ന്നത്. അമേരിക്കയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരു വിഭാഗം വാക്‌സിന്‍ സ്വീകരിക്കാത്തതും വാര്‍ത്തയായി. വാക്‌സിന്‍ വിതരണം ആരംഭിച്ചപ്പോള്‍ ആദ്യ പരിഗണന ആശുപത്രി ജീവനക്കാര്‍ക്കായിരുന്നു. 13,000 നഴ്‌സുമാരുടെ പാനലില്‍ മൂന്നിലൊന്ന് മാത്രമാണ് സ്വമേധയാ വാക്‌സിന്‍ എടുക്കുമെന്ന് പറഞ്ഞത്. അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്റെ ഒക്ടോബറിലെ സര്‍വേ പ്രകാരം മൂന്നിലൊന്ന് പേര്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനെ എതിര്‍ത്തു. ബാക്കിയുള്ളവര്‍ ഉറപ്പു പറഞ്ഞതുമില്ല. കൊവിഡ് ബാധ ഏല്‍ക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ആരോഗ്യപ്രവര്‍ത്തകരാണ് നഴ്‌സുമാര്‍. സ്വന്തം സുരക്ഷ ഉറപ്പുവരുത്താനുള്ള വാക്‌സിന്‍ സ്വീകരിക്കാതെ സ്വയം മാറിനില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചത് വാക്‌സിന്‍ ആരോഗ്യ പ്രശ്‌നങ്ങളും പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുമോയെന്ന ആശങ്കയാണ്.
കൊറോണ എന്ന ഫ്‌ളൂ വിഭാഗത്തില്‍പ്പെടുന്ന വൈറസിന് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ശാസ്ത്രലോകത്തിന് ഏറെയൊന്നും വിഷമിക്കേണ്ടിവന്നില്ല. ഇതേ ഗണത്തില്‍പ്പെടുന്ന മറ്റു വൈറസുകള്‍ക്കുള്ള വാക്‌സിനുകള്‍ നിലവിലുണ്ടെന്നതായിരുന്നു കാരണം. എന്നാല്‍ ക്ലിനിക്കല്‍ ട്രയലിനും മറ്റുമായി മാസങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ നടത്തിയാണ് വാക്‌സിന്‍ പുറത്തിറക്കുന്നത്. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ടുള്ള ഈ പരീക്ഷണങ്ങള്‍ പര്യാപ്തമാണോ എന്ന ആശങ്കയും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ പങ്കുവയ്ക്കുന്നു.
ഭാവിയില്‍ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ക്ക് വാക്‌സിന്‍ കാരണമാകുമോയെന്നതാണ് പ്രധാന ആശങ്ക. കൂടാതെ വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം ബാധിച്ചുവെന്ന വാര്‍ത്തകളും ഇത്തരം സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നത് വാക്‌സിന്‍ നിര്‍മിച്ച കമ്പനിയുടെ മാത്രം ചുമതലയല്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആരോഗ്യ ഗവേഷണ സ്ഥാപനങ്ങളും ലോകാരോഗ്യ സംഘടന പോലുള്ള ഏജന്‍സികളും തയാറാകണം.
ചില വാക്‌സിനുകളെ കുറിച്ച് ലോകാരോഗ്യ സംഘടന പച്ചക്കൊടി കാണിച്ചത് ശുഭസൂചകമാണ്. ഇന്ത്യയിലെ ഏറ്റവും ഉന്നത ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐ.സി.എം.ആര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സാക്ഷ്യവും ബോധവല്‍ക്കരണവും വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ അനിവാര്യമാണ്.
വിവിധ തലങ്ങളില്‍ നിന്നുയര്‍ന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഫൈസര്‍ കമ്പനി തങ്ങളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പങ്കുവയ്ക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഒരു പുതിയ വൈറസും അതിനെ പ്രതിരോധിക്കാന്‍ പുതിയ സാങ്കേതിക വിദ്യകളുമായി വികസിപ്പിച്ചെടുത്ത വാക്‌സിനുമാണ് നിലവിലുള്ളത്. ഇതിന് എന്തു പ്രശ്‌നം വേണമെങ്കിലു സംഭവിക്കാം എന്നതില്‍ ആശങ്കയകറ്റലും എല്ലാവരിലും ഒരു പോലെ ഇതു പ്രവര്‍ത്തിക്കുമെന്ന ഉറപ്പുമാണ് വേണ്ടത്.
കൊവാക്‌സിന്‍ ഐ.സി.എം.ആറുമായി നേരിട്ട് ബന്ധമുള്ള വാക്‌സിന്‍ ആയതിനാല്‍ അതിന്റെ സുരക്ഷിതത്വം ഐ.സി.എം.ആറും ഉറപ്പു നല്‍കുന്നുണ്ട്. ഇത് 23000 ത്തോളം പേരില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തിയിട്ടുണ്ടെന്നും വാക്‌സിന്‍ വിജയകരമാണെന്നും ഐ.സി.എം.ആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കിയിരുന്നു. വാക്‌സിന്റെ കൃത്യമായ വിജയ ശതമാനം പറയാന്‍ കഴിയില്ലെന്നും ഐ.സി.എം.ആര്‍ പറഞ്ഞു. കൊവാക്‌സിനും കൊവിഷീല്‍ഡിനും കഴിഞ്ഞ ദിവസം കേന്ദ്രം അനുമതി നല്‍കിയിരുന്നെങ്കിലും കൊവാക്‌സിനെ കുറിച്ചാണ് വിവാദം ഉയര്‍ന്നത്.
ഐ.സി.എം.ആറും ഭാരത് ബയോടെക്കും പൂനെ എന്‍.ഐ.വിയും ചേര്‍ന്നു വികസിപ്പിച്ച കൊവാക്‌സിന് ഈ ഘട്ടത്തില്‍ അനുമതി വേണമോയെന്ന കാര്യത്തില്‍ വീണ്ടുവിചാരം നടത്തേണ്ടതില്ലേ?. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ വാക്‌സിനുമായി മുന്നോട്ടുപോകുകയും ബോധവല്‍ക്കരണം ഊര്‍ജിതമാക്കുകയും ചെയ്തു വേണം വാക്‌നേഷന്‍ നടത്താന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."