ഇന്ത്യൻ രാഷ്ട്രീയ യാഥാർഥ്യം സി.പി.എമ്മും കോൺഗ്രസും ഉൾക്കൊള്ളണം
കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താനുള്ള കഴിവ് ഇന്നത്തെ സാഹചര്യത്തിൽ ഇടതുപക്ഷത്തിനില്ലെന്ന സി.പി.ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട് നൂറ് ശതമാനവും ശരിയാണ്. കേരളത്തിലെ രാഷ്ട്രീയസാഹചര്യം വച്ച് തിട്ടപ്പെടുത്തേണ്ടതല്ല കോൺഗ്രസിനോടുള്ള ഇടതു പക്ഷത്തിന്റെ സമീപനം. സി.പി.എം സംസ്ഥാനഘടകം കോൺഗ്രസിനെ ബി.ജെ.പിയോട് തുലനംചെയ്യുന്നത് പ്രത്യയശാസ്ത്രപരമല്ല. നിലനിൽപ്പിന് വേണ്ടിയാണ്. ഒരവസരത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിസ്ഥാനം വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന്റെ മുമ്പിലേക്ക് തളികയിലെന്നവണ്ണം നീട്ടിയപ്പോൾ അത് നിരാകരിച്ച പാരമ്പര്യമാണ് സി.പി.എമ്മിനുള്ളത്. അതേ ചിന്താധാരയിൽ തന്നെയാണ് സി.പി.എമ്മിലെ ഒരുവിഭാഗം ഇപ്പോഴുമുള്ളത്. അന്ന് ജ്യോതി ബസു പ്രധാനമന്ത്രിസ്ഥാനം സ്വീകരിച്ചിരുന്നുവെങ്കിൽ ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകശക്തിയായി സി.പി.എം മാറിയിട്ടുണ്ടാകുമായിരുന്നു. അവസരങ്ങളെല്ലാം നഷ്ടപ്പെടുത്തിയതുകൂടി ഉദ്ദേശിച്ചായിരിക്കാം പ്രധാനമന്ത്രിസ്ഥാനം പാർട്ടി നിരാകരിച്ചതിനെ ചരിത്രപരമായ വിഡ്ഢിത്തമെന്ന് അന്ന് ബസു വിശേഷിപ്പിച്ചിട്ടുണ്ടാവുക.
സാധ്യതകളുടെ കലയാണ് രാഷ്ട്രീയമെന്നാണ് പറയപ്പെടുന്നത്. അത്തരം സാധ്യതകളെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിൽ സി.പി.എം എപ്പോഴും പരാജയമായിരുന്നു. സി.പി.എമ്മിനെ ഇന്ന് ഇന്ത്യയിൽ നിലനിർത്തുന്നത് കേരളത്തിലെ പാർട്ടി ഭരണം മാത്രമാണ്. കേരളത്തിൽ സി.പി.എമ്മിന്റെ പ്രധാന എതിരാളി കോൺഗ്രസാണ്. ആ എതിരാളിയെ അങ്ങനെതന്നെ നിലനിർത്താനാണ് സി.പി.എം ആഗ്രഹിക്കുന്നത്. കോൺഗ്രസുമായുള്ള ഇടത് സഹകരണം കേരളത്തിലെ സി.പി.എമ്മിനെ ദുർബലപ്പെടുത്തുമെന്ന ഒരൊറ്റ ചിന്തയിൽ നിന്നാണ്, ഫാസിസത്തിനെതിരേ പ്രതിരോധം തീർക്കുന്നതിന് കോൺഗ്രസിനൊപ്പം നിൽക്കാൻ സി.പി.എം മടിക്കുന്നത്. ദേശീയ രാഷ്ട്രീയ സാഹചര്യമല്ല കേരളത്തിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ വിലയിരുത്തിയതും ഈയൊരു അടിസ്ഥാനത്തിലാണ്. ഇന്ത്യയെന്ന മഹത്തായ പരമ്പര്യത്തെ അപ്പാടെ വിഴുങ്ങാൻ ഫാസിസം വാപിളർത്തിക്കൊണ്ട് അടുത്തെത്തിക്കൊണ്ടിരിക്കുന്നു. ഈ യാഥാർഥ്യബോധത്തോടെയാകണം ഇന്ത്യയിലെ വർത്തമാനകാല രാഷ്ട്രീയത്തെ സി.പി.എം സമീപിക്കേണ്ടത്. പല തീരുമാനങ്ങളും പിന്നീട് സി.പി.എമ്മിനു തിരുത്തേണ്ടിവന്നിട്ടുണ്ട്.
കോൺഗ്രസിനോട് ദേശീയതലത്തിൽ അകൽച്ചപാലിച്ചിരുന്ന സി.പി.എം 2004ൽ മൻമോഹൻ സിങ്ങിന്റെ ഒന്നാം യു.പി.എ ഭരണകൂടത്തിന് പുറത്തുനിന്ന് പിന്തുണ നൽകിയത് നല്ലൊരു രാഷ്ട്രീയ നീക്കമായിരുന്നു. ഭരണത്തിൽ പങ്കാളിയായില്ലെങ്കിലും നിയമനിർമാണ സഭയുടെ തലവനെന്ന സ്പീക്കർ പദവി സി.പി.എം നേതാവ് സോമനാഥ് ചാറ്റർജിക്ക് നൽകുന്നതിനോട് പാർട്ടിക്ക് എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ, 2008ൽ യു.പി.എ സർക്കാരിന്റ ആണവകരാറിൽ പ്രതിഷേധിച്ച് സർക്കാരിനുള്ള പിന്തുണ ഇടതുമുന്നണി പിൻവലിച്ചു. എന്നാൽ, പാർട്ടിയുടെ വിഡ്ഢിത്തത്തിന് ജ്യോതി ബസുവിനെപ്പോലെ കൂട്ടുനിൽക്കാൻ സോമനാഥ് ചാറ്റർജി തയാറായില്ല. അദ്ദേഹം പാർട്ടി ആവശ്യപ്പെട്ടിട്ടും സ്പീക്കർസ്ഥാനം രാജിവച്ചില്ല. പാർട്ടി തീരുമാനം അപക്വമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒരുഘട്ടത്തിൽ രാഷ്ട്രപതി സ്ഥാനത്തേക്കുവരെ സോമനാഥ് ചാറ്റർജിയുടെ പേര് കോൺഗ്രസ് നിർദേശിച്ചിരുന്നതാണ്. ആ ഓഫറും പാർട്ടി തള്ളിക്കളഞ്ഞില്ലായിരുന്നെങ്കിൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രപതിയായി സോമനാഥ് ചാറ്റർജിയെ ചരിത്രം രേഖപ്പെടുത്തുമായിരുന്നു. സി.പി.എം ചിന്തിക്കുന്നത് പോലെയല്ല സാമാന്യജനങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തെ വിലയിരുത്തുന്നത് എന്നല്ലേ ഇതിൽനിന്നെല്ലാം മനസിലാക്കേണ്ടത്. സി.പി.ഐ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഗതിവിഗതികളെ യാഥാർഥ്യബോധത്തോടെയാണ് പണ്ടും വിലയിരുത്തിയിരുന്നത്. പാർട്ടി തത്വങ്ങളും നയങ്ങളും ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസൃതമായി പാകപ്പെടുത്തുകയാണ് വേണ്ടത്.
സി.പി.എമ്മിനെ കേരളത്തിലെങ്കിലും പിടിച്ചുനിർത്തണമെന്ന് സ്വാഭാവികമായും പാർട്ടി ആഗ്രഹിക്കുന്നുണ്ടാകണം. അതുകൊണ്ടായിരിക്കാം നിലപാടുകളുള്ള സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ്ബ്യൂറോയും കേരളത്തിലെ സി.പി.എമ്മിന്റെ പല തീരുമാനങ്ങൾക്കും നിശബ്ദ സാക്ഷികളാകേണ്ടിവരുന്നത്.
ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിനേ കഴിയൂവെന്ന് സി.പി.ഐ പറയുമ്പോൾ തന്നെ ദേശീയതലത്തിൽ കോൺഗ്രസിനുണ്ടായ അപചയം കാണാതിരുന്നുകൂട. ഇന്ത്യയുടെ മഹത്തായ ചരിത്രത്തിനോടൊപ്പം നിൽക്കുന്നതാണ് കോൺഗ്രസിൻ്റെയും ചരിത്രം. അങ്ങനെയുള്ള ഒരു പാർട്ടിയുടെ ഇന്നത്തെ അവസ്ഥ ശോചനീയമാണ്. ശരിയായ നേതൃത്വമില്ലാതെ ഇരുട്ടിൽ തപ്പുകയല്ലേ കോൺഗ്രസ് ഇന്ന്. ഈ യാഥാർഥ്യം ഉറക്കെപ്പറഞ്ഞതിനാലാണ് കപിൽ സിബലും ഗുലാം നബി ആസാദും അനഭിമതരായത്. രാഹുൽ ഗാന്ധിക്കാകട്ടെ നരേന്ദ്ര മോദിയെ മറികടക്കാനുമാകുന്നില്ല. കോൺഗ്രസിലെ മതനിരപേക്ഷ മുഖങ്ങളിൽ പ്രധാനികളാണ് കപിൽ സിബലും ഗുലാം നബി ആസാദും. പ്രാരംഭകാലംമുതൽ കോൺഗ്രസിൽ രണ്ട് ധാരകൾ ഉണ്ടായിരുന്നു. ഹിന്ദു മഹാസഭ കോൺഗ്രസിൽ സ്വാധീനമുറപ്പിക്കാൻ അശ്രാന്ത പരിശ്രമം നടത്തിയിരുന്നു. അതിനെയെല്ലാം ചെറുത്തുതോൽപ്പിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ മതേതര, ജനാധിപത്യ പാർട്ടിയായി കെട്ടുറപ്പോടെ നിലനിർത്തിയത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവായിരുന്നു. മൃദുഹിന്ദുത്വ ചിന്താഗതിക്കാർ ഇന്നും കോൺഗ്രസിലുണ്ട്. പക്ഷേ, അത് പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.
നെഹ്റുവിന്റെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. എന്നാൽ, കോൺഗ്രസ് നെഹ്റുവിന്റെ കോൺഗ്രസ് തന്നെയായി തുടരേണ്ടതുണ്ടായിരുന്നു. അതുണ്ടാകുന്നില്ല. ആ അപചയമാണ് പാർട്ടി ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. മുഴുവൻ ഇന്ത്യക്കാരെയും ജാതിമത ഭേദമന്യേ ഉൾക്കൊണ്ട മഹത്തായ പാരമ്പര്യം കോൺഗ്രസ് തിരികെപ്പിടിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രതന്ത്രജ്ഞരുടെ ആശയദൃഢതയിൽ വളർച്ച പ്രാപിച്ച പാർട്ടി മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപത്തിനിരയാകുന്നുണ്ടെങ്കിൽ ആത്മപരിശോധനയ്ക്ക് തയാറാകണം. വർഗിയ പ്രീണന പ്രയോഗംപോലും പാർട്ടിക്കുനേരെ ഉണ്ടാകാൻ പാടില്ലായിരുന്നു. കോൺഗ്രസിന് ഇപ്പോഴും മതേതരത്വത്തിന്റെ അടിത്തറയുണ്ട്. അത് ഇളകാതെ ബലപ്പെടുത്തുന്നതിലൂടെ മാത്രമേ കോൺഗ്രസിന് ബി.ജെ.പിയെ തോൽപ്പിക്കാനാകൂ. ബി.ജെ.പിയുടെ ബി ടീമെന്ന ആക്ഷേപത്തെ മതനിരപേക്ഷതയുടെ കനത്ത ഭിത്തികൊണ്ടാണ് പ്രതിരോധിക്കേണ്ടത്.
ഇന്ത്യയുടെ ആത്മാവ് നിലകൊള്ളുന്നത് നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ ആശയത്തിലൂന്നിയാണ്. അതിന്റെ ബാഹ്യരൂപമായാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യൻ സമൂഹം കാണുന്നത്. അതു കൊണ്ടാണ് സി.പി.ഐ നേതൃത്വം കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താനുള്ള കഴിവ് ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിനില്ലെന്ന് തുറന്നു പറഞ്ഞത്. കോൺഗ്രസ് ദുർബലപ്പെട്ടാൽ അവിടെ ആർ.എസ്.എസും ബി.ജെ.പിയും കടന്നുവരുമെന്ന് അവർ പറഞ്ഞത് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയാവസ്ഥയെ സസൂക്ഷ്മം വിലയിരുത്തിയാണ്. ഈ യാഥാർഥ്യ ബോധമാണ് ഒരേസമയം സി.പി.എം, കോൺഗ്രസ് നേതൃത്വങ്ങൾ ഉൾക്കൊള്ളേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."