HOME
DETAILS
MAL
സ്പീക്കറെ മാറ്റണമെന്ന് വീണ്ടും പ്രതിപക്ഷം; പ്രമേയത്തിനു നോട്ടിസ് നല്കി
backup
January 05 2021 | 04:01 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷം വീണ്ടും രംഗത്ത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് എം. ഉമ്മര്‍ എം.എല്‍.എ നിയമസഭാ സെക്രട്ടറിക്ക് നോട്ടിസ് നല്കി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കര്‍ പുലര്‍ത്തുന്ന ബന്ധം നിയമസഭയുടെ അന്തസ്സിനും ഔന്നത്യത്തിനും മാന്യതയ്ക്കും നിരക്കാത്തതാണെന്ന് നോട്ടിസില്‍ പറയുന്നു.
നിയമസഭയിലെ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, ഇ നിയമസഭ, സഭാ ടി.വി, ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി തുടങ്ങിയവയിലെ ധൂര്‍ത്തും അഴിമതിയും ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. ഇതിനു മുന്‍പ് മറ്റൊരു സ്പീക്കര്‍ക്കുമെതിരേ ഇത്തരം ഗുരുതരമായ ആരോപണങ്ങളുയര്ന്നിട്ടില്ല.
സ്പീക്കര്‍ അദ്ദേഹത്തിന്റെ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടെന്നും നോട്ടിസില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും സ്പീക്കര്‍ക്കെതിരേ പ്രതിപക്ഷം നോട്ടിസ് നല്‍കിയിരുന്നു.
അന്ന് സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള അവിശ്വാസപ്രമേയത്തിനൊപ്പമായിരുന്നു സ്പീക്കര്‍ക്കെതിരായ നോട്ടിസും.
എന്നാല്‍ സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് 14 ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് അനുമതി നിഷേധിച്ചിരുന്നു.
കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഏഴു പ്രാവശ്യമാണ് സ്പീക്കര്മാക്കെതിരേ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. ഇതില്‍ വക്കം പുരുഷോത്തമന്, എ.സി ജോസ് എന്നിവര്‍ക്കെതിരേയുള്ള പ്രമേയം മാത്രമാണ് ചര്‍ച്ചയ്ക്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."