ബാലാവകാശ കമ്മിഷൻ ഇടപെട്ടു അനാഥരുടെ ജനന സർട്ടിഫിക്കറ്റിൽ പേര് മാറ്റാനും തിരുത്താനും അനുമതി
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികൾ ജനന സർട്ടിഫിക്കറ്റിൽ പേര് മാറ്റാനും തിരുത്താനും നൽകുന്ന അപേക്ഷകൾ പരിഗണിക്കാൻ തദ്ദേശ ജനന-മരണ രജിസ്ട്രാർമാർക്ക് അനുമതി. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. മാതാപിതാക്കളില്ലാത്തതോ, ദത്തെടുക്കപ്പെടാത്തതോ ആയ, ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികൾ സ്വന്തം പേര് ജനന സർട്ടിഫിക്കറ്റിൽ മാറ്റിനൽകാനും തിരുത്താനുമായി സർമപ്പിക്കുന്ന അപേക്ഷകൾ ജനന-മരണ രജിസ്ട്രാർമാർ തള്ളുകയാണ് പതിവ്.
കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ തിരുത്താൻ അപേക്ഷകൾ രക്ഷിതാക്കളാണ് നൽകേണ്ടത്.
എന്നാൽ കുട്ടികൾ നൽകുന്ന അപേക്ഷകൾ രക്ഷിതാവിന്റെ അഭാവത്തിൽ നിരസിക്കുകയാണ് ചെയ്തിരുന്നത്. വിവാഹ ബന്ധം വേർപ്പെടുത്തിയ കേസുകളിലും മാതാവോ, പിതാവോ ഉപേക്ഷിച്ചവരുടെ കേസിലും ആരുടെ കൂടെയാണോ കുട്ടി കഴിയുന്നത് അവർ നൽകുന്ന അപേക്ഷകളിലാണ് ഇതുവരെ ജനന സർട്ടിഫിക്കറ്റിൽ തിരുത്ത് നൽകിയിരുന്നത്.
ദത്തെടുക്കപ്പെട്ട കുട്ടികൾക്ക് ദത്തെടുത്തവർ അപേക്ഷ നൽകിയാലും പരിഗണിച്ചിരുന്നു. എന്നാൽ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് ഇതിന് സാധിച്ചിരുന്നില്ല. അനാഥാലയങ്ങളിൽ എത്തുന്ന കുട്ടികൾക്ക് താൽക്കാലിക പേരുകളാണ് നൽകിവരുന്നത്. എന്നാൽ കുട്ടികൾക്ക് പക്വത കൈവരുന്നതോടെ പേര് മാറ്റാനും തിരുത്താനും ആഗ്രഹിക്കാറുണ്ട്.
ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്നവർ അപേക്ഷ സമർപ്പിക്കുമെങ്കിലും ജനന-മരണ രജിസ്ട്രാർമാർ ഇത് പരിഗണിക്കാറില്ല.
തുടർന്നാണ് ബാലാവകാശ കമ്മിഷൻ പരാതിയിൽ ഇടപെട്ട് ഇവരെ കൂടി പരിഗണിക്കാൻ അനുമതി നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."