എന്‍.സി.പിയില്‍ പ്രതിസന്ധി രൂക്ഷം; അണികളെ ഒപ്പംനിര്‍ത്താന്‍ തന്ത്രവുമായി ഇരുവിഭാഗവും
കോഴിക്കോട്: പിളര്‍പ്പിന്റെ വക്കിലെത്തിയ എന്‍.സി.പിയില്‍ അണികളെ ഒപ്പം നിര്‍ത്താന്‍ ഇരുവിഭാഗവും നീക്കം ശക്തമാക്കി. ജില്ലാതലത്തില്‍ നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് ഇടതുമുന്നണിയോടുള്ള വിയോജിപ്പ് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള പ്രബല വിഭാഗം.
പ്രമുഖ നേതാക്കളെ നേരില്‍ കണ്ടും ഫോണില്‍ ബന്ധപ്പെട്ടും ഇടതുമുന്നണിയില്‍ പിടിച്ചുനിര്‍ത്താനുള്ള കരുക്കളുമായി മന്ത്രി എ.കെ ശശീന്ദ്രനും രംഗത്തുണ്ട്. ഗവ. ഗസ്റ്റ് ഹൗസുകളില്‍ ക്യാംപ് ചെയ്താണ് ശശീന്ദ്രന്‍ പ്രധാന പ്രവര്‍ത്തകരെ നേരില്‍ കാണുന്നത്. പാലാ സീറ്റടക്കം എന്‍.സി.പിയുടെ സീറ്റുകള്‍ പിടിച്ചെടുക്കുന്നതിലുള്ള പ്രതിഷേധമാണ് ജില്ലാതല യോഗങ്ങളില്‍ പ്രധാനമായും പീതാംബരന്‍ ചര്‍ച്ചയാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യോഗം നടന്നുകഴിഞ്ഞു. ഒന്‍പതിന് പാലക്കാട്, മലപ്പുറം ജില്ലകളിലും പത്തിന് കോഴിക്കോട്ടും വയനാട്ടിലും യോഗം നടക്കും. 16ന് കാസര്‍കോട്ടും കണ്ണൂരിലും 17ന് കോട്ടയത്തും ഇടുക്കിയിലും 23ന് തൃശൂരിലും എറണാകുളത്തും ജില്ലാതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
നിലവിലുള്ള സാഹചര്യത്തില്‍ മുന്നണിയിലെ ചെറിയ ഘടകകക്ഷികള്‍ ഒന്നാകണമെന്ന നിര്‍ദേശം സി.പി.എം മുന്നോട്ടുവച്ചിട്ടുണ്ട്. കോണ്‍ഗ്രസ്- എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍ ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്‍.സി.പിയില്‍ പീതാംബരന്റെയും മാണി സി. കാപ്പന്റെയും നേതൃത്വത്തില്‍ ഒരു വിഭാഗം യു.ഡി.എഫിലേക്കു പോകുമ്പോള്‍ അവശേഷിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്- എസില്‍ ലയിക്കുന്നതിനോടാണ് സി.പി.എമ്മിനു താല്‍പര്യം. അങ്ങനെ വരുമ്പോള്‍ എന്‍.സി.പി മത്സരിച്ച ഒന്നോ രണ്ടോ സീറ്റുകള്‍ സി.പി.എമ്മിനു ലഭിക്കും. യു.ഡി.എഫിലേക്കു പീതാംബരന്‍ നയിക്കുന്ന വിഭാഗം ചേര്‍ന്നാല്‍ ശശീന്ദ്രനും കൂട്ടരും ഇടതുപക്ഷത്തു തന്നെ തുടരും. പാര്‍ട്ടി തീരുമാനം ലംഘിച്ച് ഇടതുമുന്നണിയില്‍ ഉറച്ചുനിന്നാല്‍ ശശീന്ദ്രനെതിരേ അച്ചടക്ക നടപടിയെടുക്കാനാണ് ആലോചന.
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധമാണ് ശശീന്ദ്രനെ ഇടതുമുന്നണിക്കൊപ്പം നിര്‍ത്തുന്ന പ്രധാന ഘടകം. കോണ്‍ഗ്രസ്- എസില്‍ ചേരുന്ന കാര്യത്തില്‍ ഇതുവരെ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നാണ് ശശീന്ദ്രന്‍ വിഭാഗം പറയുന്നത്.
നിയമസഭയില്‍ രണ്ടംഗങ്ങള്‍ മാത്രമായതിനാല്‍ തുല്യമായി പിളര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമം ശശീന്ദ്രന് ബാധകമാകില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശശീന്ദ്രന്റെ നീക്കം. എന്നാല്‍ ശശീന്ദ്രന്റെ സിറ്റിങ് സീറ്റ് സി.പി.എം ഏറ്റെടുക്കാനുള്ള സാധ്യത കൂടുതലാണ്. പകരം മറ്റൊരു സീറ്റ് ആവശ്യപ്പെടാനാണ് ശശീന്ദ്രന്‍ പക്ഷത്തിന്റെ തീരുമാനം.
കോണ്‍ഗ്രസ്- എസില്‍ ശശീന്ദ്രന്‍ ചേര്‍ന്നാല്‍ രണ്ടു പതിറ്റാണ്ടിനു ശേഷം പഴയ പാര്‍ട്ടിയിലേക്കു തിരിച്ചുപോകല്‍ കൂടിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."