റിയാസ് മലബാര്‍ മന്ത്രി; ഇടുക്കി സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
ഇടുക്കി: ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. മലബാര്‍ മന്ത്രിയെന്ന് പരിഹസിച്ചായിരുന്നു വിമര്‍ശനം ഉയര്‍ത്തിയത്. ടൂറിസം, റോഡ് പദ്ധതികള്‍ മലബാര്‍ മേഖലക്ക് മാത്രമായാണ് മന്ത്രി പരിഗണിക്കുന്നതെന്നായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം.
ടൂറിസം, റോഡ് പദ്ധതികളില്‍ ഇടുക്കി ജില്ലക്ക് സമ്പൂര്‍ണ അവഗണനയാണെന്നും പ്രതിനിധികള്‍ പറഞ്ഞു. വനം, റവന്യൂ, കൃഷി വകുപ്പുകളും ഇടുക്കിയെ അവഗണിക്കുന്നതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി. എന്നാല്‍, വിനോദ സഞ്ചാര മേഖലയില്‍ ഇടുക്കിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി.
നേരത്തെ ആഭ്യന്തര വകുപ്പിന് എതിരെയും ജില്ലാ സമ്മേളത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊലിസില്‍ നിന്നും വലിയ വീഴ്ച്ചകളുണ്ടായി. ഇത്തരം വീഴ്ചകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. പൊലിസില്‍ അഴിച്ചുപണി അനിവാര്യമാണെന്നും വകുപ്പിന് സ്വന്തമായി ഒരു മന്ത്രിയെ വേണമെന്നും സമ്മേളനം വിലയിരുത്തി.
മൂന്ന് ദിവസമായി കുമളിയില്‍ നടന്നുവരുന്ന സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്ത് ഇന്ന് സമാപനമാകും. സമാപനത്തോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംഘടനാ തിരഞ്ഞെടുപ്പില്‍ കെ.കെ ജയചന്ദ്രന്‍ തന്നെ സെക്രട്ടറിയായി തുടരുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."