മാസ്‌ക്കില്‍ ചിരി നിറച്ച് കോളജ് കാംപസുകള്‍ വീണ്ടും ഉണര്‍ന്നു
തിരുവനന്തപുരം: മാസ്‌കിലൊതുക്കിയ ചിരിമുഖങ്ങളുമായി കാംപസുകള്‍ വീണ്ടുമുണര്‍ന്നു. സ്‌കൂള്‍ തുറന്നതിനു പിന്നാലെ മാസങ്ങളായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ കോളജുകളും സര്‍വകലാശാലാ കാംപസുകളും ഇന്നലെ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കോളജുകള്‍ ഭാഗികമായി തുറന്നതോടെ വിദ്യാര്‍ഥികള്‍ സന്തോഷത്തോടെയാണ് കാംപസുകളിലേക്ക് വീണ്ടുമെത്തിയത്.
സെക്യൂരിറ്റി ജീവനക്കാര്‍ ഗേറ്റില്‍ വച്ചുതന്നെ ശരീരോഷ്മാവ് പരിശോധിച്ചും സാനിറ്റൈസര്‍ നല്‍കിയും വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു. എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്ലാസില്ലാത്തതിനാല്‍ കാംപസുകളില്‍ പഴയ തിരക്കില്ല. 50 ശതമാനം വിദ്യാര്‍ഥികളെ മാത്രമാണ് ക്ലാസുകളില്‍ അനുവദിച്ചത്. വിദ്യാര്‍ഥികളുടെ സൗകര്യം പരിഗണിച്ച് പല കോളജുകളിലും ഷിഫ്റ്റ് സമ്പ്രദായത്തിലും ഓരോ ദിവസവും ഇടവിട്ടുമായാണ് ക്ലാസുകളാരംഭിച്ചത്. പ്രവര്‍ത്തനസമയം രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചു വരെയായി ദീര്‍ഘിപ്പിച്ചിട്ടുണ്ടെങ്കിലും വിദൂര സ്ഥലങ്ങളില്‍ നിന്ന് യാത്ര ചെയ്‌തെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സമയത്തില്‍ ഇളവും നല്‍കിയിട്ടുണ്ട്. പല കോളജുകളിലും രണ്ടു ബാച്ചുകളായി ക്ലാസുകള്‍ ക്രമീകരിച്ചിരുന്നു. വട്ടംകൂടിയിരുന്ന് തമാശകള്‍ പറഞ്ഞാണ് ഇന്നലത്തെ ദിവസം വിദ്യാര്‍ഥികള്‍ ആഘോഷിച്ചത്. സന്തോഷം പങ്കുവച്ചപ്പോള്‍ ഒരുവേള സാമൂഹിക അകലം അവര്‍ മറന്നു. കൂടെ നിന്നവര്‍ അത് ഓര്‍മിപ്പിച്ചപ്പോഴാണ് പലരും അതോര്‍ത്തത്.
അഞ്ച്, ആറ് സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കും മുഴുവന്‍ പി.ജി വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസുകള്‍ തുടങ്ങിയത്. സാങ്കേതിക സര്‍വകലാശാലയ്ക്കു കീഴിലെ കോളജുകളിലും വിവിധ സെമസ്റ്ററുകളില്‍ ക്ലാസുകള്‍ തുടങ്ങി. കുസാറ്റില്‍ അവസാനവര്‍ഷ പി.ജി ക്ലാസുകള്‍ മാത്രമാണ് തുടങ്ങിയത്.
മാര്‍ച്ച് 16ന് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച യൂനിവേഴ്‌സിറ്റി കോളജ് ഒഴികെയുള്ള തലസ്ഥാനത്തെ പ്രധാന കോളജുകളെല്ലാം ഇന്നലെ തുറന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."