യു.ഡി.എഫിനെതിരേ കടുത്ത വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപത
.
കൊച്ചി: യു.ഡി.എഫിനും കോണ്‍ഗ്രസിനുമെതിരേ കടുത്ത വിമര്‍ശനവുമായി എറണാകുളം- അങ്കമാലി അതിരൂപത. രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ മുഖപ്രസംഗത്തിലാണ് വിമര്‍ശനം.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസുണ്ടാക്കിയ ധാരണ ക്രിസ്ത്യന്‍ വോട്ടുകളിലെ വിള്ളലിനു കാരണമായെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
ന്യൂനപക്ഷ വോട്ടുകളിലെ ചുവടുമാറ്റം ജോസ് കെ. മാണിയുടെ നിലപാട് മാറ്റത്തിലൂടെ മാത്രം സംഭവിച്ചതാണെന്ന വിലയിരുത്തല്‍ തെറ്റാണ്. സ്വര്‍ണക്കടത്തടക്കമുള്ള ആരോപണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ സി.പി.എമ്മിനായി. ക്ഷേമ പെന്‍ഷന്‍, ഭക്ഷ്യകിറ്റ് വിതരണത്തിലൂടെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന പ്രതീതിയുണ്ടാക്കാനുമായി.
ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ അരക്ഷിതബോധത്തെ ഏതു മുന്നണി ഫലപ്രദമായി അഭിസംബോധന ചെയ്യുമെന്നത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെടുന്നതും ന്യൂനപക്ഷ ക്ഷേമ വിതരണ തര്‍ക്കങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലിനെ കത്തോലിക്കാ സഭാ നേതൃത്വം തന്നെ സ്വാഗതം ചെയ്യുന്നതും ഇരുമുന്നണികള്‍ക്കും സമ്മര്‍ദവിഷയമാകുന്നത് അതുകൊണ്ടാണ്.
എന്നാല്‍ ഭരണം നിലനിര്‍ത്തിയ പാലക്കാട് നഗരസഭാ ആസ്ഥാനത്ത് 'ജയ്ശ്രീറാം' ബാനറുയര്‍ത്തി തങ്ങളുടെ വര്‍ഗീയ അജന്‍ഡ ഒരിക്കല്‍ക്കൂടി പരസ്യപ്പെടുത്തിയതിലൂടെ കേരളത്തിലെ ബി.ജെ.പിയുടെ മതേതരമമത വെറും കാപട്യമാണെന്ന് തെളിഞ്ഞു.
വിത്തുകുത്തി വിഴുങ്ങുന്ന തലതിരിഞ്ഞ സാമ്പത്തിക നയങ്ങളെയോ ഉപദേശകവൃന്ദങ്ങളുടെ നടുവിലും പാളിപ്പോകുന്ന ഭരണസംവിധാനങ്ങളെയോ പൊതുജനമദ്ധ്യേയവതരിപ്പിച്ച് വോട്ടാക്കിമാറ്റുന്നതില്‍ പ്രതിപക്ഷത്തിനുണ്ടായ വീഴ്ച സമാനതകളില്ലാത്തതാണ്. ക്രിസ്ത്യന്‍ വോട്ടുകളുടെ ചുവടുമാറ്റം അതില്‍ പ്രധാനമാണ്.
കോണ്‍ഗ്രസ് പൂര്‍ണമായും ലീഗിനു കീഴടങ്ങിയെന്ന ഇടതു പ്രചാരണം ഫലം കണ്ടത് അവര്‍ക്കു നേട്ടമായി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി.കെ കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടുമാറുമ്പോള്‍ യു.ഡി.എഫിന്റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂര്‍ണമാകുമെന്ന രാഷ്ട്രീയ നിരീക്ഷണം പ്രധാനപ്പെട്ടതു തന്നെ.
ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ കേരളത്തില്‍ പ്രീണന രാഷ്ട്രീയത്തിലൂടെ അതിലൊരു വിഭാഗത്തെ ഒന്നായി ഒഴിവാക്കുന്നതും ഭൂരിപക്ഷ സമുദായ താല്‍പര്യങ്ങളെ ശരിയായി അഭിമുഖീകരിക്കാത്തതും മതനിരപേക്ഷ സാമൂഹ്യ സങ്കലനാ സങ്കല്‍പത്തിനു വിരുദ്ധമാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."