കെ റെയിൽ: കേരളത്തെ പകുത്ത് ഭിത്തി കെട്ടേണ്ടി വരുമെന്ന് ഇ. ശ്രീധരൻ
കൊച്ചി
സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർലൈൻ (കെ റെയിൽ) കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തള്ളി മെട്രോമാൻ ഡോ. ഇ.ശ്രീധരൻ. സിൽവർലൈൻ കടന്നു പോകുന്ന ഭാഗങ്ങളിലെല്ലാം ട്രാക്കിന്റെ ഇരുവശത്തും മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തിൽ ഭിത്തി നിർമിക്കേണ്ടിവരുമെന്നും ഇത് കേരളത്തെ പകുത്ത് ഭിത്തികെട്ടുന്നതിന് തുല്യമാണെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഒപ്പം സർക്കാർ വസ്തുതകൾ മറച്ചു വയ്ക്കുകയും ചെലവ് കുറച്ചു കാണിക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. സിൽവർലൈൻ ഭൂമിക്കടിയിലൂടെയോ തൂണിലോടെയോ അല്ലാതെ കടന്നുപോകുന്ന 393 കിലോമീറ്റർ ഭാഗത്ത് ഭിത്തി കെട്ടുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കു കാരണമാകും. വെള്ളം ഒഴുകിപ്പോകാനുള്ള സ്വാഭാവിക മാർഗങ്ങൾ തടസപ്പെടും. പെട്ടെന്നു വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാടിന്റെ അവസ്ഥയാവും 393 കിലോമീറ്ററിലും സംജാതമാവുക.
ഈ 393 കിലോമീറ്ററിലുമായി 800 റെയിൽവേ റോഡ് ഓവർ ബ്രിഡ്ജുകളോ അണ്ടർ പാസുകളോ നിർമിക്കേണ്ടിവരും. ഓരോന്നിനും കുറഞ്ഞത് 20 കോടി രൂപയെങ്കിലും ചെലവുവരും. ഇതിനായി മാത്രം 16,000 കോടി രൂപ വേണ്ടിവരുമെന്നർഥം. ഇപ്പോഴത്തെ എസ്റ്റിമേറ്റിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. ഇതിന്റെ നിർമാണത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നതും പരിഗണിച്ചിട്ടില്ല. അധികഭൂമിക്ക് വേണ്ടിവരുന്ന പണവും സ്ഥലം ഏറ്റെടുക്കാനുള്ള സമയവും പരിഗണിക്കേണ്ടതുണ്ട്. പ്രധാന പദ്ധതികളുടെ ഡി.പി.ആർ പുറത്തുവിടില്ലെന്ന വാദവും കളവാണ്. താൻ തന്നെ പത്തോളം പ്രധാന പദ്ധതികളുടെ ഡി.പി.ആർ തയാറാക്കിയിട്ടുണ്ട്. ഒരെണ്ണം പോലും ജനങ്ങളിൽനിന്ന് ഒളിപ്പിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു. ചെലവു കുറച്ചുകാട്ടിയും വസ്തുതകൾ മറച്ചുവച്ചും സർക്കാർ എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നതെന്നും ശ്രീധരൻ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."