ജനിതകമാറ്റം വന്ന വൈറസ്: സംസ്ഥാനത്ത് അതീവ ജാഗ്രത
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കുന്നുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കും. വിദേശത്തു നിന്നെത്തുന്നവരില്‍ പി.സി.ആര്‍ പരിശോധന നടത്തും.
കഴിഞ്ഞ മാസം ഒന്‍പതു മുതല്‍ യു.കെയില്‍ നിന്ന് കേരളത്തിലെത്തിയ 1,600പേരെ പി.സി.ആര്‍ പരിശോധനകള്‍ക്ക് വിധേയമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. പല ദിവസങ്ങളായെത്തിയ ഇവരെ വിമാനത്താവളത്തില്‍ വച്ചു തന്നെ നിരീക്ഷണത്തിലേക്കു മാറ്റിയതിനാല്‍ സമ്പര്‍ക്ക സാധ്യതയില്ലെന്നാണ് നിഗമനമെങ്കിലും ഇവരുമായി സംസാരിച്ച് സമ്പര്‍ക്കമുള്ളവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് ആരോഗ്യ വകുപ്പ്.
സംസ്ഥാനത്ത് ജാഗ്രത വര്‍ധിപ്പിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ജനിതകമാറ്റം വന്ന വൈറസ് സാധാരണ കോവിഡ് വൈറസിനെക്കാള്‍ 70 ശതമാനം കൂടുതല്‍ പകര്‍ച്ചാശേഷിയുള്ളതാണ്.
ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച ആറു പേരുടെയും സമ്പര്‍ക്കപ്പട്ടിക ചെറുതാണെങ്കിലും വ്യാപനശേഷി കൂടുതലുള്ള വൈറസ് പടരാനുള്ള സാധ്യത ആരോഗ്യ വകുപ്പ് തള്ളിക്കളയുന്നില്ല. കുട്ടികളിലും 60 വയസിനു മുകളിലുള്ളവരിലും രോഗം പടര്‍ന്നേക്കുമെന്നതിനാല്‍ റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. അതേസമയം വാക്‌സിന്‍ വേഗത്തില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. കോവിഷീല്‍ഡ് വാക്‌സിനായിരിക്കും സംസ്ഥാനത്ത് ഉപയോഗിക്കുകയെന്ന് സാമൂഹ്യസുരക്ഷാ മിഷന്‍ ഡയരക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു.
ബ്രിട്ടനില്‍ നിന്നെത്തുന്നവരില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ സാംപിളുകള്‍ തുടര്‍ പരിശോധനയ്ക്കായി പൂനെ വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് അയയ്ക്കുന്നത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വന്നവരെയും കണ്ടെത്തി നിരീക്ഷിക്കുന്നുണ്ട്. വിദേശത്തു നിന്നെത്തിയവര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്. വിദേശത്തുനിന്നെത്തിയവരുടെ മാത്രമല്ല തദ്ദേശീയമായി രോഗം പിടിപെട്ടവരുടെ സ്രവവും പൂനെ വൈറോളജി ലാബില്‍ പരിശോധിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം.
യു.കെയില്‍ നിന്ന് വന്നവരിലാണ് അതിതീവ്ര വൈറസ് ഇപ്പോള്‍ കണ്ടെത്തിയതെങ്കിലും രോഗം തദ്ദേശീയമായി പടരാനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.
സമൂഹത്തില്‍ പുതിയ വൈറസില്ലെന്ന് ഉറപ്പാക്കാന്‍ റാന്‍ഡം പരിശോധനകള്‍ നടത്തണമെന്ന നിര്‍ദേശവുമുണ്ട്. ഈ വൈറസ് ഒരുപാടു പേരിലേക്കെത്തിയാല്‍ പ്രതിരോധമാകെ പാളുമെന്ന ആശങ്കയാണ് ആരോഗ്യ വകുപ്പിന്. നിയന്ത്രണങ്ങളില്‍ ഇളവു വന്നെങ്കിലും മാസ്‌ക്, സാമൂഹിക അകലം, കൈകള്‍ ശുചിയാക്കല്‍ എന്നിങ്ങനെയുള്ള പ്രതിരോധം തുടര്‍ന്നില്ലെങ്കില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെയാകുമെന്നാണ് മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."