രണ്ട് ഫലസ്തീന്‍ യുവാക്കളെ ഇസ്‌റാഈല്‍ കൊന്നു; കൊന്നത് വെടിവെച്ചും കാറിടിപ്പിച്ചും
വെസ്റ്റ്ബാങ്ക്: ഇസ്‌റാഈല്‍ അതിക്രമങ്ങളില്‍ രണ്ട് ഫലസ്തീന്‍ യുവാക്കള്‍ കൂടി കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ വ്യത്യസ്ത സംഭവങ്ങളിലായാണ് യുവാക്കള്‍ കൊല്ലപ്പെട്ടതെന്ന് വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സയണിസ്റ്റ് സൈന്യത്തിന്റെ വെടിയേറ്റ് 21കാരനും ജൂത കുടിയേറ്റക്കാരന്‍ കാറിടിച്ച് വീഴ്ത്തിയ 25കാരനുമാണ് കൊല്ലപ്പെട്ടത്.
നാബ്ലസിന് കിഴക്കുള്ള ബലത അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ അധിനിവേശ സേന നടത്തിയ റെയ്ഡിലാണ് 21 കാരനായ ബക്കീര്‍ ഹഷാഷിന് വെടിയേറ്റത്. ഉടന്‍ റാഫിദിയ ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. 2022ല്‍ ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തിയ ആദ്യ ഫലസ്തീനിയാണ് അദ്ദേഹം.
ബെയ്റ്റ് സിറ ചെക്ക്‌പോസ്റ്റില്‍ ഇസ്‌റാഈലി കുടിയേറ്റക്കാരന്‍ കാറിടിച്ചു കയറ്റിയാണ് 25 കാരനായ ഫലസ്തീന്‍ യുവാവ് മുസ്തഫ ഫലാനെ കൊന്നത്. ഹലാന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരണത്തിന് കീഴടങ്ങി. ജോലിക്ക് പോവുകയായിരുന്ന ഫലാനെ കുടിയേറ്റക്കാരന്‍ മര്‍ദ്ദിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. പിന്നാലെ ഒരു വയസ്സുള്ള പെണ്‍കുട്ടിയുടെ പിതാവായ ഫലാനു മേല്‍ കാര്‍ കയറ്റി ഇറക്കുകയായിരുന്നു.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെയും അവരുടെ സ്വത്തുക്കള്‍ക്കെതിരെയും ഇസ്‌റാഈല്‍ കുടിയേറ്റക്കാരുടെ അക്രമം പതിവാണ്. അധികാരികള്‍ ഇതിനെതിരെ നടപടിയെടുക്കുന്നത് അപൂര്‍വമാണ്. ഇസ്‌റാഈലി മനുഷ്യാവകാശ പ്രസ്ഥാനമായ പീസ് നൗ പറയുന്നതനുസരിച്ച്, കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഏകദേശം 6,66,000 കുടിയേറ്റക്കാരും 145 വലിയ സെറ്റില്‍മെന്റുകളും 140 ഔട്ട്‌പോസ്റ്റുകളുമുണ്ട്. അന്താരാഷ്ട്ര നിയമപ്രകാരം എല്ലാം നിയമവിരുദ്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."