കതിരൂര്‍ മനോജ് വധം: യു.എ.പി.എ നിലനില്‍ക്കുമെന്ന് ഹൈക്കോടതി
കൊച്ചി: കണ്ണൂര്‍ ജില്ലാ ആര്‍.എസ്.എസ് ശാരീരിക് ശിക്ഷണ്‍ ആയിരുന്ന കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ യു.എ.പി.എ വകുപ്പ് പ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. യു.എ.പി.എ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സി.പി.എം നേതാവും കേസിലെ 25ാം പ്രതിയുമായ പി. ജയരാജന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.
ജയരാജന്‍ ഉള്‍പ്പെടെയുള്ള 25 പ്രതികളാണ് യു.എ.പി.എ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. യു.എ.പി.എ പ്രകാരമുള്ള കുറ്റം പ്രാഥമികമായി നിലനില്‍ക്കുമെന്നു വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു.
കേസില്‍ പ്രതികള്‍ക്കെതിരേ വിചാരണ നടക്കേണ്ടത് അനിവാര്യമാണ്. നിരപരാധിത്വം വിചാരണയിലൂടെ മാത്രമേ കണ്ടെത്താനാകൂവെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് യു.എ.പി.എ ചുമത്തിയതെന്നായിരുന്നു പ്രതികളുടെ വാദം. സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ കേന്ദ്ര നിയമപ്രകാരം യു.എ.പി.എ ചുമത്താമെന്ന സി.ബി.ഐയുടെ വാദം കോടതി അംഗീകരിച്ചു. ജയരാജന്‍ ഉള്‍പ്പെടെ ആറു പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തിയ അനുബന്ധ കുറ്റപത്രം 2017 സെപ്റ്റംബര്‍ 19നാണ് വിചാരണാ കോടതി ഫയലില്‍ സ്വീകരിച്ചത്.
2014 സെപ്റ്റംബര്‍ ഒന്നിനു വീട്ടിലേക്കുള്ള വഴിയില്‍വച്ചു മനോജിനെ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ 2018ലാണ് കേസില്‍ പ്രതിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."