പിന്നോക്ക കൂട്ടായ്മകള്‍ വളര്‍ന്ന് വരണം: പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍
വല്ലപ്പുഴ: ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്ന വര്‍ത്തമാന കാലത്ത് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ പിന്നോക്ക കൂട്ടായ്മകള്‍ വളര്‍ന്ന് വരണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
'അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന കാംപയിനിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്രയ്ക്ക് വല്ലപ്പുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.
സമൂഹം ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. ഭരണതലത്തിലും ഉദ്യോഗതലത്തിലും സവര്‍ണലോബികള്‍ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. പിന്നോക്കക്കാര്‍ക്ക് നാമമാത്രമായ അവകാശങ്ങള്‍ നല്‍കിയെന്ന് വരുത്തി തീര്‍ത്ത് മറ്റുള്ളവര്‍ അവകാശങ്ങല്‍ കവര്‍ന്നെടുക്കുകയാണ്. മുസ്‌ലിം സമൂഹം രാജ്യത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരാണ്. പക്ഷേ അവരുടെ ന്യായമായ അവകാശങ്ങള്‍ വകവച്ചുകൊടുക്കാതെ ഭരണഘടനപോലും അട്ടിമറിക്കാന്‍ ഒരു വിഭാഗം രംഗത്തുവരുന്നു. അവകാശത്തിനും സംവരണത്തിനും വേണ്ടി വാദിക്കുന്നതിനോടൊപ്പം അസിതിത്വത്തിനുവേണ്ടിയും പോരാടണമെന്നും തങ്ങള്‍ പറഞ്ഞു.
പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് ഉജ്ജല സ്വീകരണം നല്‍കി. വല്ലപ്പുഴ കെ.എസ്.എം കണ്‍വന്‍ഷന്‍ സെന്ററില്‍ 9.30ന് നടന്ന സ്വീകരണ സമ്മേളനത്തില്‍ സയ്യിദ് ഫാറൂഖ് തങ്ങള്‍ ചാലിശ്ശേരി അധ്യക്ഷനായി. സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. വി.ടി ബല്‍റാം എം.എല്‍.എ മുഖ്യാതിഥിയായി. 11.30 ന് ഒറ്റപ്പാലം മുരിക്കുംപറ്റ കെ.എം.വി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് പി.കെ ഇമ്പച്ചിക്കോയ തങ്ങള്‍ പഴയ ലക്കിടി അധ്യക്ഷനായി. 2.30ന് ആലത്തൂര്‍ പള്ളി ഹാളില്‍ നടന്ന സമ്മേളനത്തില്‍ സുബൈര്‍ ഫൈസി ഒലിപാറ അധ്യക്ഷനായി. ഡോ. പി. സരിന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് പിരായിരി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സത്താര്‍ ഫൈസി കെല്ലങ്കോട് അധ്യക്ഷനായി. വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. 6.30ന് മണ്ണാര്‍ക്കാട് കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ കെ.സി അബൂബക്കര്‍ ദാരിമി കച്ചേരിപറമ്പ് അധ്യക്ഷനായി. അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."