ഉപരോധമില്ലാതെ ഖത്തര്‍ ഉപരോധം നീക്കുന്ന അല്‍ഉല കരാറില്‍ ജി.സി.സി രാജ്യങ്ങള്‍ ഒപ്പുവച്ചു
ഖത്തര്‍ അമീറിന് സഊദിയില്‍ ഉജ്വല സ്വീകരണം
റിയാദ്: ഖത്തറിനെതിരേ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുന്നതായി സഊദിയിലെ അല്‍ ഉലയില്‍ ചേര്‍ന്ന 41ാമത് ജി.സി.സി ഉച്ചകോടി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച അല്‍ഉല പ്രഖ്യാപന കരാറില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ഒമാന്‍ ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൈദ്, ജി.സി.സി സെക്രട്ടറി ജനറല്‍ നായിഫ് ഫഹദ് മുബാറക് അല്‍ ഹജ്‌റാഫ് എന്നിവര്‍ ഒപ്പുവച്ചു.
ഖത്തറിനെതിരായ ഉപരോധം സഊദി പിന്‍വലിക്കുകയും കര-നാവിക-വ്യോമ അതിര്‍ത്തികള്‍ തുറന്നുനല്‍കുകയും ചെയ്തു മണിക്കൂറുകള്‍ക്കകമാണ് ഒപ്പുവയ്ക്കല്‍ നടന്നത്. ഇതോടെ സഊദിയും യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ മൂന്നര വര്‍ഷം നീണ്ടുനിന്ന ഉപരോധത്തിനും ഗള്‍ഫ് പ്രതിസന്ധിക്കും പരിഹാരമായി. ഉപരോധം പിന്‍വലിച്ചെങ്കിലും ഈജിപ്ത് ചില നിബന്ധനകള്‍ വച്ചിട്ടുണ്ട്. കരാര്‍ പ്രകാരം നാലു രാജ്യങ്ങളും ഖത്തറിനു സമര്‍പ്പിച്ച 13 ആവശ്യങ്ങള്‍ അടങ്ങിയ പട്ടിക പിന്‍വലിക്കും. ഖത്തര്‍ ഈ രാജ്യങ്ങള്‍ക്കെതിരേ ലോകവ്യാപാര സംഘടനയിലും മറ്റും നടത്തുന്ന നിയമനടപടികളും മരവിപ്പിക്കും. മാധ്യമങ്ങള്‍ വഴി പരസ്പരം പഴിചാരുന്നതും നിര്‍ത്തും. മധ്യസ്ഥശ്രമത്തില്‍ പങ്കാളിയായ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നര്‍ ജി.സി.സി ഉച്ചകോടിയില്‍ അതിഥിയായി പങ്കെടുക്കാനെത്തിയിരുന്നു.
കരാറിനു മുന്നോടിയായി സഊദി-ഖത്തര്‍ അതിര്‍ത്തികള്‍ തിങ്കളാഴ്ച രാത്രിയോടെ തുറന്നിരുന്നു. കുവൈത്ത് ഭരണാധികാരി ശൈഖ് നവാഫിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചയിലാണ് ഉപരോധം പിന്‍വലിക്കാന്‍ തീരുമാനമായിരുന്നത്. കുവൈത്ത് തന്നെയാണ് ഔദ്യോഗിക ടെലിവിഷനിലൂടെ ചരിത്ര പ്രഖ്യാപനം നടത്തിയത്. തൊട്ടുപിന്നാലെ അതിര്‍ത്തികള്‍ തുറന്ന കാര്യം സഊദിയും സ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ ഇരു രാജ്യങ്ങള്‍ക്കും ആശയ ഭിന്നതയുള്ള വിഷയങ്ങളില്‍ ചര്‍ച്ച തുടരും. അതിര്‍ത്തികള്‍ തുറന്നതിനു പിന്നാലെ ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സഊദിയിലെത്തി.
സഊദി-ഖത്തര്‍ അതിര്‍ത്തികള്‍ തുറന്നതോടെ തെരുവുകളില്‍ സഊദി, ഖത്തര്‍ പതാകകള്‍ ഉയര്‍ത്തി ആഹ്ലാദം പ്രകടിപ്പിക്കുകയാണ് ജനങ്ങള്‍. 2017 ജൂണ്‍ അഞ്ചിനായിരുന്നു സഊദിയുടെ നേതൃത്വത്തില്‍ യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ നയതന്ത്ര-ഗതാഗത-വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."