മഴക്കും വെയിലിനും കൊടും തണുപ്പിനും കെടുത്താനാവില്ല ഈ വീര്യം; ടെന്റുകള്‍ സുരക്ഷിതമാക്കി കര്‍ഷകര്‍, പ്രക്ഷോഭം ശക്തമായി തുടരും
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയെ നേരിടാന്‍ തങ്ങളുടെ സമരപ്പന്തലുകള്‍ ഒരുക്കി കര്‍ഷകര്‍. പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചും ടാര്‍പോളിനുകള്‍ കൊണ്ട് ടെന്റുകള്‍ മൂടിയും വലിയ മുളകളും പ്ലാസ്റ്റിക്, ഇരുമ്പു പൈപ്പുകളും മറ്റുമുപയോഗിച്ച് സുരക്ഷിതമാക്കിയും ഒരുങ്ങുകയാണ് കര്‍ഷകര്‍. സമരം ഇനിയും ശക്തമാക്കുകയല്ലാതെ പിന്മാരില്ലെന്നു തന്നെയാണ് കര്‍ഷകരുടെ തീരുമാനം.
സിംഘു അതിര്‍ത്തികളില്‍ ഒരുക്കിയ ടെന്റുകള്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടി. കൂടാരങ്ങള്‍ മഴ നനയാതിരിക്കാന്‍ ഉയര്‍ത്തി താര്‍പോളിന്‍ ഷീറ്റ് മുകളില്‍ വിരിച്ചു. ദിവസവും കര്‍ഷകനേതാക്കള്‍ക്ക് സമരം ചെയ്യുന്നവരെ അഭിസംബാധന ചെയ്യുന്നതിനായി മെഗാ ടെന്റ് ഒരുക്കാന്‍ തയാറെടുപ്പുകള്‍ നടക്കുന്നതായും കര്‍ഷകര്‍ പറഞ്ഞു.
കൂടാരങ്ങളില്‍ മിക്കതും പൊളിച്ച് വീണ്ടും പണിയേണ്ടിവന്നു. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് തൊഴിലാളികളെ എത്തിച്ച് ഗുരുദ്വാരകളുടെ നേതൃത്വത്തിലായിരുന്നു നവീകരണം. താര്‍പോളിന്‍ ഷീറ്റുകളില്‍ ഭൂരിഭാഗവും ആളുകള്‍ സംഭാവനയായി നല്‍കുന്നവയാണ്.
നാലു ദിവസമായി കനത്ത മഴയാണ് ഡല്‍ഹിയില്‍ പെയ്യുന്നത്. നവംബര്‍ 26 മുതല്‍ കര്‍ഷകര്‍ താമസിച്ചിരുന്ന ടെന്റുകള്‍ മിക്കതും തകര്‍ന്നുവീണിരുന്നു. ചിലത് ചോര്‍ന്നൊലിക്കാനും തുടങ്ങി. ഇതോടെ മിക്ക ടെന്റുകളിലും പാത്രങ്ങളിലും വലിയ ടിന്നുകളിലും മഴവെള്ളം ശേഖരിക്കുകയായിരുന്നു കര്‍ഷകര്‍. ദൈനം ദിന ആവശ്യത്തിന് ഈ വെള്ളം ഉപയോഗപ്പെടുത്താനാണ് കര്‍ഷകരുടെ നീക്കം.
ഏഴാംവട്ട ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നപരിഹാരത്തിന് കേന്ദ്രം തയാറാകാത്തതോടെ പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. റിപ്പബ്ലിക് ദിനത്തിന്റെ ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി വ്യാഴാഴ്ച ഡല്‍ഹിയിലെ വിവിധ അതിര്‍ത്തികള്‍ ട്രാക്ടര്‍ റാലിയുടെ റിഹേഴ്‌സല്‍ നടത്തും. ദേശീയ ട്രാക്ടര്‍ റാലിയില്‍ നൂറുകണക്കിന് ട്രാക്ടറുകള്‍ അണിനിരക്കുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."