HOME
DETAILS

സിവിൽ സൊസൈറ്റിയെ തകർക്കുന്ന രാഷ്ട്രീയ താൽപര്യങ്ങൾ

  
backup
January 08 2022 | 04:01 AM

0546324520-2022

ഡോ. അഷ്‌റഫ് വാളൂർ

മിഷനറീസ് ഓഫ് ചാരിറ്റി, ഓക്‌സ്ഫാം ഇന്ത്യ, ജാമിഅ മില്ലിയ തുടങ്ങി സന്നദ്ധ സംഘടനകളുടെ വിദേശസംഭാവന സ്വീകരിക്കാനുള്ള ലൈസൻസ് റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി വലിയ വിവാദമായിരിക്കുകയാണ്. മനുഷ്യാവകാശ, ജീവകാരുണ്യ, പരിസ്ഥിതി സംഘടനകളോടുള്ള കേന്ദ്രസർക്കാരിൻ്റെ ശത്രുതാപരമായ നിലപാടുകളുടെ തുടർച്ചയാണ് ആറായിരത്തോളം സന്നദ്ധ സംഘടനകൾക്ക് ഒറ്റയടിക്ക് പ്രവർത്തനാനുമതി നഷ്ടമായത്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇരുപതിനായിരത്തോളം സന്നദ്ധ സംഘടനകളുടെ പ്രവർത്തനമാണ് രാജ്യത്ത് അവസാനിപ്പിച്ചത്. സാർവദേശീയ അംഗീകാരമുള്ള ആംനസ്റ്റി ഇൻ്റർനാഷനൽ, ഗ്രീൻ പീസ് തുടങ്ങിയ സംഘടനകളും ഇങ്ങനെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചവരാണ്. പ്രതിപക്ഷ പാർട്ടികളെയും ഭരണഘടനാസ്ഥാപനങ്ങളെയും ദുർബലപ്പെടുത്തിയത് പോലെ സിവിൽ സൊസൈറ്റിയെ കൂടി ദുർബലപ്പെടുത്താനുള്ള സംഘ്പരിവാറിൻ്റെ രാഷ്ട്രീയ പദ്ധതിയുടെ പൂർത്തീകരണമാണ് സന്നദ്ധസംഘടനകളുടെ വായടപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നടപടികൾ.


ഔപചാരിക ജനാധിപത്യം മാത്രം അവശേഷിക്കുകയും ആത്യന്തികമായ രാഷ്ട്രം സമഗ്രാധിപത്യഭരണത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന അപകടകരമായ സൂചനകളാണ് സന്നദ്ധസംഘടനകളോടുള്ള സർക്കാരിൻ്റെ യുദ്ധ പ്രഖ്യാപനത്തിൽ നിഴലിച്ച് കാണുന്നത്. 2014ൽ അധികാരമേറ്റെടുത്തതിന് ശേഷം പൊതുസ്വഭാവമുള്ള സർക്കാരിതര സന്നദ്ധ സംഘടനകളോടും മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകരോടും ശത്രുതാപരമായ നിലപാടാണ് നരേന്ദ്രമോദി സർക്കാർ സ്വീകരിച്ചുവരുന്നത്. ഒരു വശത്ത് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും മറുവശത്ത് സംഘ്പരിവാർ സംഘടനകളുടെ ആക്രമണത്തിന് മൗനാനുവാദം നൽകിയുമാണ് സിവിൽ സൊസൈറ്റിയുടെ വായടപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. സർക്കാരിന് അനഭിമതരായ ബുദ്ധിജീവികളെയും സാംസ്‌കാരിക പ്രവർത്തകരെയും അക്രമിച്ച് നിശബ്ദരാക്കുന്ന നിരവധി സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. പൗരസഞ്ചയ രാഷ്ട്രീയത്തെ (Civil Society Politics) സർക്കാർ ഭയപ്പെടുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളായിരുന്നു ഈ സംഭവങ്ങളൊക്കെയും.


സർക്കാരും സന്നദ്ധ സംഘടനകളും


രാഷ്ട്രീയ പാർട്ടികളെ പോലെ തന്നെ ജനാധിപത്യ സമൂഹങ്ങളുടെ ജീവനാഡിയാണ് സക്രിയമായ സിവിൽ സൊസൈറ്റി. മാധ്യമങ്ങളും സർക്കാരിതര കൂട്ടായ്മകളും സന്നദ്ധ സംഘടനകളും ഉൾപ്പെടെ ഭരണകൂടാധികാരത്തിൻ്റെ സ്വാധീനവൃത്തത്തിന് പുറത്ത് നിൽക്കുന്ന ജനാധിപത്യ കൂട്ടായ്മകൾക്ക് മുമ്പെന്നത്തേക്കാൾ പ്രസക്തിയുള്ള കാലമാണിത്. ഇന്ത്യ പോലുള്ള സങ്കീർണമായ സമൂഹത്തിൽ സാമൂഹ്യ പുരോഗതിക്കുള്ള ആശയാഭിപ്രായ രൂപീകരണത്തിലും സർക്കാർ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനും സിവിൽ സൊസൈറ്റിക്ക് നിർണായക പങ്കുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസനത്തിലും പുരോഗതിയിലും അതത് കാലത്തെ സിവിൽ സമൂഹത്തിൻ്റെ ജാഗ്രതയും നിർമാണാത്മക പിന്തുണയും തെളിഞ്ഞു കാണാവുന്നതാണ്.


യു.പി.എ സർക്കാരിന്റെ പത്ത് വർഷക്കാലം സർക്കാർ പദ്ധതികളുടെ നടത്തിപ്പിലും ആശയ രൂപീകരണത്തിലും സിവിൽ സൊസൈറ്റിക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. യു.പി.എയുടെ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ക്ഷേമപ്രവർത്തനങ്ങളുടെ ആലോചനകളിലും നടത്തിപ്പിലും സിവിൽ സൊസൈറ്റി പ്രതിനിധികളുടെ കൈയൊപ്പുണ്ടായിരുന്നു. സോണിയാ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമിതി (National Advisory Council) മുൻ ബ്യൂറോക്രാറ്റുകളെയും അക്കാദമിക് ബുദ്ധിജീവികളെയും സിവിൽ സൊസൈറ്റി പ്രതിനിധികളെയു ഉൾപ്പെടുത്തിയിരുന്നുവെന്നത് പ്രത്യേകം ഓർക്കണം. ഭരണകൂടത്തിന് ജനങ്ങളുമായുള്ള ജൈവിക ബന്ധം നിലനിർത്തുന്നതിൽ എൻ.എ.സി പ്രധാന പങ്കുവഹിച്ചിരുന്നു.


വിവരാവകാശ നിയമം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാ നിയമം തുടങ്ങി രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ നിത്യജീവിതവുമായി നേരിട്ട് ബന്ധമുള്ള സുപ്രധാന നിയമനിർമാണങ്ങളുടെ ആശയ രൂപീകരണത്തിലും നടത്തിപ്പിലും സിവിൽ സൈസൈറ്റി വഹിച്ച പങ്ക് നിസ്തുലമാണ്. അതേസമയം തന്നെ മൻമോഹൻ സിങ് സർക്കാരിന്റെ നവഉദാരീകരണ(Neo liberal) നയങ്ങൾക്കെതിരായ ശക്തമായ ജനവികാരം ഉയർത്തിക്കൊണ്ടുവരുന്നതിലും സന്നദ്ധ സംഘടനകൾ മുഖ്യപങ്കുവഹിച്ചു. രണ്ടാം യു.പി.എ സർക്കാരിനെതിരായ ജനരോഷം ഉയർത്തുന്നതിലും അവസാന കാലത്തെ അഴിമതിവിരുദ്ധ ദേശീയ മുന്നേറ്റങ്ങൾക്ക് സ്വീകാര്യതയുണ്ടാക്കുന്നതിലും സിവിൽ സൊസൈറ്റി കൂട്ടായ്മകളായിരുന്നു മുൻനിരയിൽ നിന്നത്. എങ്കിൽ പോലും സന്നദ്ധ സംഘടനകളെ അടിച്ചമർത്താനോ സിവിൽ സൊസൈറ്റിയെ നിശബ്ദമാക്കാനോ യു.പി.എ സർക്കാർ ശ്രമിച്ചിരുന്നില്ല.


സിവിൽ സൊസൈറ്റിയോട്
യുദ്ധപ്രഖ്യാപനം


നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെ തന്നെ സന്നദ്ധ സംഘടനകൾക്കെതിരായ നീക്കം ആരംഭിച്ചിരുന്നു. 2014ൽ രഹസ്യാന്വേഷണ വിഭാഗം പ്രധാനമന്ത്രിയുടെ ഓഫിസിന് നൽകിയ റിപ്പോർട്ടിൽ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് സന്നദ്ധസംഘടനകൾ തടസമാകുന്നുവെന്ന ഗുരുതരമായ ആരോപണം ഉയർത്തി. ഗ്രീൻപീസ് ഇന്ത്യ, ആംനസ്റ്റി ഇൻ്റർനാഷണൽ തുടങ്ങിയ അന്തർദേശീയ സംഘടനകളുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഐ.ബി റിപ്പോർട്ട്. പാശ്ചാത്യരാജ്യങ്ങളുടെ വിദേശനയ താൽപര്യങ്ങളുടെ സംരക്ഷകരായ ഇത്തരം സംഘടനകൾ രണ്ട് മുതൽ മൂന്ന് ശതമാനം വരെ ജി.ഡി.പി വളർച്ച തടസം നിൽക്കുന്നുവെന്നായിരുന്നു ഐ.ബിയുടെ ''കണ്ടെത്തൽ''. ഇതിന് തൊട്ടുപിന്നാലെ തന്നെ വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA) കേന്ദ്രസർക്കാർ ഭേദഗതി ചെയ്തു. സർക്കാർ നയങ്ങളുടെയും പരിപാടികളുടെയും വിമർശകരമായ സംഘടനകളെ കടിഞ്ഞാണിടാൻ സർക്കാരിന് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതായിരുന്നു ഈ നിയമഭേദഗതി. ഇതോടെ നിരവധി സംഘടനകൾ സർക്കാരിൻ്റെ പ്രതികാര നടപടിക്കിരയായി. മനുഷ്യാവകാശ, പരിസ്ഥിതി, സംഘടനകളായിരുന്നു ആദ്യ ഇരകൾ.


ദേശസുരക്ഷക്കും രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചക്കും ഭീഷണിയാണെന്ന് ആരോപിച്ച് 2015ൽ ഗ്രീൻപീസ് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചു. തൊട്ടുപിന്നാലെ ലോയേഴ്‌സ് കലക്ടീവിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കി. മൂന്ന് പതിറ്റാണ്ട് കാലം സ്ത്രീകൾക്കും അസംഘടിത തൊഴിലാളികൾ അടക്കമുള്ള ദുർബല, പാർശ്വവൽകൃത ജനവിഭാഗങ്ങൾക്കും സൗജന്യ നിയമസഹായം നൽകുന്ന സന്നദ്ധ സംഘടനയായിരുന്നു ലോയേഴ്‌സ് കലക്ടീവ്. ഗുജറാത്ത് കലാപത്തിൻ്റെ ഇരകളുടെ നിയമപോരാട്ടത്തിന് പിന്തുണ നൽകിയതിന്റെ പ്രതികാരമായിരുന്നു ലോയേഴ്‌സ് കലക്ടീവിന് എതിരായ നടപടിക്ക് കാരണമെന്നായിരുന്നു പ്രധാന ആരോപണം.


വിദേശ സംഭാവന നിയന്ത്രണ നിയമം നിലവിൽവന്ന് ആദ്യ ഒരു മാസത്തിനകം തന്നെ രാജ്യത്ത് 4470 പൗരസമൂഹ സംഘടനകളുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയെന്നാണ് അന്തർദേശീയ സംഘടനയായ സിവിക്‌സിന്റെ റിപ്പോർട്ട്. കേന്ദ്രസർക്കാരിൻ്റെ രാഷ്ട്രീയ പദ്ധതികളുടെയും സംഘ്പരിവാർ ആശയ സങ്കൽപങ്ങളുടെയും വിമർശകരായ സംഘടനകളും സ്ഥാപനങ്ങളുമാണ് പ്രതികാര നടപടിക്കിരയായവരിൽ ഭൂരിപക്ഷവും. ചങ്ങാത്ത മുതലാളിത്ത (Crony Capitalism)ത്തിൻ്റെ ഇരകളായിരുന്നു അവശേഷിച്ചവർ.

പൗരസമൂഹ നിഗ്രഹത്തിൻ്റെ
രാഷ്ട്രീയ താൽപര്യം


പൗര സഞ്ചയത്തിലുള്ള അവിശ്വാസവും ശത്രുതാനിലപാടും സമഗ്രാധിപതികളുടെ പൊതുസ്വഭാവമാണ്. പൗരസഞ്ചയ രാഷ്ട്രീയത്തിനും സന്നദ്ധ സംഘടനകൾക്കുമെതിരായ ഭരണകൂടനയങ്ങൾ രാഷ്ട്രഘടനയുടെ അടിസ്ഥാന സ്വഭാവം എങ്ങനെ മാറ്റിയെന്നതിന് സമകാലിക ചൈനയിലും റഷ്യയിലും തുർക്കിയിലുമെല്ലാം നല്ല ഉദാഹരണങ്ങളുണ്ട്. നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തായിരുന്ന ഡൊണാൾഡ് ട്രംപും മാധ്യമങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും കടുത്ത വിമർശകനായിരുന്നു. മാധ്യമങ്ങളെയും സന്നദ്ധ സംഘടനകളെയും ദുർബലപ്പെടുത്തി ആഭ്യന്തര രാഷ്ട്രീയ ചലനങ്ങൾക്കും അന്തർദേശീയ സമൂഹത്തിനും ഇടയിൽ ഇരുമ്പുമറ തീർക്കാനാണ് സർക്കാരിന്റെ ശ്രമം. മനുഷ്യാവകാശ, പരിസ്ഥിതി, ജീവകാരുണ്യ സംഘനകളുടെ ആശ്രിത സമൂഹങ്ങളായി ദലിത്, ആദിവാസി, ന്യൂനപക്ഷ ദുർബല ജനവിഭാഗങ്ങളെ പാർശ്വവൽക്കരിക്കാനും ഒരു പടികടന്ന് ബ്രാഹ്മണ്യാധിപത്യ സംഘ്പരിവാർ രാഷ്ട്രസങ്കൽപത്തിന്റെ ശത്രുക്കളായി പ്രഖ്യാപിച്ച ഈ ജനവിഭാഗങ്ങൾക്കെതിരായ ഹിന്ദുത്വ സംഘടനകളുടെ ആക്രമണങ്ങൾക്ക് മറയിടാനുമുള്ള രാഷ്ട്രീയപദ്ധതിയും ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കണം.
സംഘ്പരിവാറിൻ്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കും കുത്തകകളുടെ കോർപറേറ്റ് താൽപര്യങ്ങൾക്കും തടസം നിൽക്കുകയോ വിമർശനമുയർത്തുകയോ ചെയ്യുന്ന സന്നദ്ധ സംഘടനകളെ ശ്വാസംമുട്ടിച്ച് കൊല്ലുമ്പോൾ തന്നെ സംഘ്പരിവാർ അനുകൂല സന്നദ്ധ സംഘടനകൾ യഥേഷ്ടം മുളച്ചുപൊന്തുകയും ചെയ്യുന്നുണ്ട്. ചുരുക്കത്തിൽ രാജ്യത്തിൻ്റെ ബഹുസ്വര- മതേതര- ജനാധിപത്യ സ്വഭാവത്തെ ദുർബലപ്പെടുത്തുകയെന്ന ദീർഘകാല രാഷ്ട്രീയപദ്ധതിയുടെ ഭാഗമായാണ് സന്നദ്ധ സംഘടനകളുടെ മേൽ നിയന്ത്രണം ശക്തമാക്കുന്ന സർക്കാർ നയങ്ങൾ. നീതിന്യായ സംവിധാനങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷനും അടക്കമുള്ള ഭരണഘടനാസ്ഥാപനങ്ങളും പാർലമെൻ്റിലെ പ്രതിപക്ഷ ശബ്ദവും നിഷ്‌ക്രിയവും നിശബ്ദവുമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയാണ് മാധ്യമങ്ങൾക്കും സന്നദ്ധ സംഘടനകൾക്കുമെതിരായ നീക്കങ്ങളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  24 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  24 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  24 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  24 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  24 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  24 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  24 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  24 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  24 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  24 days ago