നീറ്റ് പി.ജി പ്രവേശനം ; കൗൺസലിങ്ങിന് അനുമതി
ന്യൂഡൽഹി
നീറ്റ് പി.ജി പ്രവേശന കൗൺസലിങ് നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം നടത്താൻ സുപ്രിംകോടതി അനുമതി നൽകി. അഖിലേന്ത്യാ മെഡിക്കൽ ക്വാട്ടയിൽ ഒ.ബി.സിക്കും സാമ്പത്തികമായി പിന്നോക്കമുള്ള മുന്നോക്ക വിഭാഗത്തിനും നൽകിയ സംവരണം ചോദ്യം ചെയ്തുള്ള ഹരജികളിൽ തീർപ്പ് വൈകുന്നത് കൗൺസലിങ് അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
നേരത്തെ, കേസിൽ തീർപ്പുണ്ടാകുന്നതുവരെ കൗൺസലിങ് നടത്തില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചത് മെഡിക്കൽ പി.ജി. പ്രവേശനം അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇതിനെതിരേ വിദ്യാർഥികളും റസിഡൻ്റ് ഡോക്ടർമാരും വൻ പ്രതിഷേധം ഉയർത്തിയിരുന്നു.
തുടർന്നാണ് പുതുക്കിയ മാനദണ്ഡങ്ങളനുസരിച്ച് ഈ വർഷം പ്രവേശനം അനുവദിക്കണമെന്നും അടുത്ത വർഷം മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാമെന്നും വിശദീകരിച്ച് കേന്ദ്രം സുപ്രിംകോടതിയിൽ ഹരജി നൽകിയത്.
ഇതനുസരിച്ച് നീറ്റ് അഖിലേന്ത്യ ക്വാട്ടയിൽ ഒ.ബി.സിക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിയ നടപടി സുപ്രിംകോടതി ശരിവച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നീറ്റ് പി.ജി കൗൺസലിങ് നടത്താനും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല വിധിയിൽ അനുമതി നൽകി. സാമ്പത്തിക പിന്നോക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണത്തിന്റെ അടിസ്ഥാനത്തിൽ നിലവിലെ മാനദണ്ഡ പ്രകാരം ഈ വർഷത്തേക്ക് പ്രവേശന നടപടികൾ തുടരാനും അനുവദിച്ചു. സാമ്പത്തിക സംവരണത്തിന് വരുമാനപരിധി എട്ടുലക്ഷമായി നിശ്ചയിച്ച അജയ് ഭൂഷൺ പാണ്ഡെ സമിതിയുടെ റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഈ വിധിയോടെ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്‌നങ്ങൾക്ക് താൽക്കാലിക പരിഹാരമാവുമെങ്കിലും കേസ് അവസാനിക്കില്ല.
പാണ്ഡെ സമിതി റിപ്പോർട്ടിലെ ശുപാർശകൾ തന്നെയാണോ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്താൻ തുടർന്നുള്ള വർഷങ്ങളിലും ഉപയോഗിക്കേണ്ടത് എന്ന കാര്യം സുപ്രിംകോടതി വിശദമായി പരിശോധിക്കും.
ഇതിനായി കേസിൽ മാർച്ച് മൂന്നാംവാരം വിശദമായ വാദം കേൾക്കും. ഇതിലെ അന്തിമവിധിയുടെ അടിസ്ഥാനത്തിലായിരിക്കും പാണ്ഡെ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നിലവിലെ മാനദണ്ഡങ്ങൾ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്ന് ബെഞ്ച് വ്യക്തമാക്കി. സാമ്പത്തിക പിന്നോക്ക വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള വരുമാന പരിധി സംബന്ധിച്ച കോടതിയുടെ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരാണ് പാണ്ഡെ സമിതിയെ നിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."