തെലങ്കാനയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിക്ഷേപക സംഗമം അമ്പതോളം വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം
കേരളം വ്യവസായ സൗഹൃദമല്ലെന്ന് ആരോപിച്ച് തെലങ്കാനയിൽ നിക്ഷേപം നടത്താനൊരുങ്ങുന്ന കിറ്റെക്‌സ് കമ്പനിക്കുള്ള മറുപടിയെന്നോണം തെലങ്കാനയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിക്ഷേപക സംഗമം നടത്തുന്നു.
സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് തെലങ്കാനയിലെ വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ഇന്നലെ വൈകുന്നേരം ഹൈദരാബാദിൽനടന്ന ചർച്ചയിൽ മുഖ്യമന്ത്രിക്കൊപ്പം അമ്പതോളം പ്രമുഖ വ്യവസായികൾ പങ്കെടുത്തു.
തെലങ്കാനയിലെ ഉദ്യോഗസ്ഥർക്ക് പുറമെ, ചീഫ് സെക്രട്ടറി വി.പി ജോയ്, വ്യവസായ വകുപ്പ് സെക്രട്ടറി ഇളങ്കോവൻ, ജോൺ ബ്രിട്ടാസ് എം.പി അടക്കമുള്ളവർ പങ്കെടുത്തു. ഫാർമസ്യൂട്ടിക്കൽ, ബയോടെക്‌നോളജി, ഇൻഫ്രാസ്ട്രക്ചർ കമ്പനികളുമായാണ് മുഖ്യമന്ത്രിയും സംഘവും ചർച്ച നടത്തിയത്. കേരളം വ്യവസായ സൗഹൃദമല്ലെന്ന ആരോപണത്തിനുള്ള മറുപടിയായി തെലങ്കാനയിൽനിന്ന് ഒരു വ്യവസായിയെ എങ്കിലും കേരളത്തിലേക്കെത്തിക്കാനാണ് സർക്കാരിൻ്റെ ശ്രമം. അതേസമയം, തെലങ്കാനയിൽ മുഖ്യമന്ത്രി നടത്തിയ നിക്ഷേപകസംഗമം കിറ്റെക്സിനുള്ള മറുപടിയല്ലെന്നും അവരുമായി ബന്ധപ്പെട്ട ഒന്നും ഇതിൽ കാണേണ്ടതില്ലെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സർക്കാർ വിവാദങ്ങൾക്ക് പിറകേയില്ല. തെലങ്കാനയിൽനിന്ന് മാത്രമല്ല, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും നല്ല രീതിയിലുള്ള പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. കേരളത്തിലെ സംരംഭകരും നന്നായി സഹകരിക്കുന്നുണ്ട്. നിക്ഷേപക സംഗമങ്ങളിൽ മുഖ്യമന്ത്രി തന്നെ നേരിട്ടുപങ്കെടുക്കുന്നതിനാൽ നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."