അതിർത്തിയിൽ തമിഴ്‌നാട് പരിശോധന കർശനമാക്കി
വാക്സിൻ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധം
പാലക്കാട്
കൊവിഡ് കേസുകൾ കൂടിയതോടെ സംസ്ഥാന അതിർത്തിയായ ചാവടിയിൽ തമിഴ്‌നാട് പരിശോധന കർശനമാക്കി.
ബാരിക്കേഡുകൾ സ്ഥാപിച്ച് ദേശീയപാത പൂർണമായും അടച്ചു. തമിഴ്‌നാട്ടിലേക്കു പോകുന്ന വാഹനങ്ങൾ പരിശോധനയ്ക്കുശേഷം മാത്രമേ കടത്തിവിടുന്നുള്ളൂ. കൊവിഡ് പ്രതിരോധ വാക്‌സിൻ രണ്ടു ഡോസെടുത്ത സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കഴിഞ്ഞദിവസം മുതൽ നിർബന്ധമാക്കിയിരുന്നു.
നിർദേശങ്ങൾ പാലിക്കാതെ എത്തുന്നവരെ മടക്കിയയ്ക്കും.പരിശോധന കർശനമാക്കിയതോടെ കേരളത്തിൽ നിന്നുള്ള വാഹനങ്ങളുടെ വലിയനിര തന്നെ അതിർത്തിയിൽ രൂപപ്പെട്ടു.
മണിക്കൂറുകളോളം കാത്തുനിന്നു പരിശോധന പൂർത്തിയാക്കിയ ശേഷമാണു വാഹനങ്ങൾ കടന്നുപോകുന്നത്. ചരക്കുവാഹനങ്ങളും ആംബുലൻസുകളും മറ്റു അത്യാവശ്യ സർവിസ് വാഹനങ്ങളും തടയുന്നില്ല.
ആശുപത്രിയിലേക്കു രോഗിയുമായി പോവുന്ന വാഹനങ്ങളും രേഖകൾ കാണിച്ചാൽ തടസമില്ലാതെ കടത്തിവിടുന്നുണ്ട്. കോളജ്, ഇന്റർവ്യൂ എന്നീ ആവശ്യങ്ങൾക്കു പോകുന്നവർക്കും നിബന്ധനകളോടെ ഇളവുനൽകുന്നുണ്ട്. അതേസമയം, കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഇതുവരെ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."