പുതിയ കാര്‍ഷിക നിയമങ്ങള്‍ പഞ്ചാബില്‍ നടപ്പാക്കിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത: അമരീന്ദര്‍ സിങ്
ചണ്ഡീഗഢ്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ പഞ്ചാബ് ഇതിനകം നടപ്പാക്കിയെന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിക്കുന്നതിരേ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. അങ്ങേ അറ്റം നിരുത്തരവാദ പരമായ മാധ്യമ റിപ്പോര്‍ട്ടുകളുമാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ രണ്ട് മാസത്തിലേറെയായി കാര്‍ഷിക പ്രക്ഷോഭം നടത്തുന്നതിനിടെയാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ഭക്ഷ്യമന്ത്രി ഭരത്ഭൂഷണ്‍ ആഷുവിന്റെ പ്രസ്താവന ദിനപത്രം വളച്ചൊടിക്കുകയാണ് ഉണ്ടായത്. മറ്റുമാധ്യമങ്ങള്‍ പിന്നീട് അത് ഏറ്റുപിടിച്ചു. പുതിയ കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിക്കാനുള്ളത്. പുതിയ കാര്‍ഷിക നിയമങ്ങളെ ആദ്യമായി എതിര്‍ത്തത് പഞ്ചാബാണ്. പുതിയ നിയമങ്ങള്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കാതിരിക്കുന്നതിന് സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.
കര്‍ഷക സമരത്തപ്പറ്റി ആം ആദ്മി പാര്‍ട്ടി തെറ്റിദ്ധാരണ പരത്തുന്നു. കര്‍ഷകരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാന്‍ കഴിയുന്നതെല്ലാം പഞ്ചാബ് സര്‍ക്കാര്‍ ചെയ്യും. അവശ്യ സാഹചര്യങ്ങളില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിക്കാന്‍ ഇതിനകം ഹെല്‍പ്പ്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണ് വേണ്ടതെന്ന് കര്‍ഷകര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയാണ് ഇനി കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."