ട്രെയിനുകളിൽ ആവശ്യത്തിന് അൺ റിസർവ്ഡ് കോച്ചുകളില്ല മലബാർ ജില്ലകളിൽ കടുത്ത യാത്രാദുരിതം
എം.പി മുജീബ് റഹ്മാൻ
കാസർകോട്
കൂടുതൽ ട്രെയിനുകളിൽ അൺ റിസർവ്ഡ് കോച്ചുകൾ (ജനറൽ കോച്ച്) അനുവദിക്കാത്തതിനാൽ യാത്രാദുരിതം തീരാതെ മലബാർ ജില്ലകളിലെ ട്രെയിൻ യാത്രക്കാർ.
സീസൺ ടിക്കറ്റെടുത്ത് സ്ഥിരമായി യാത്രചെയ്യുന്ന ജീവനക്കാരും തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. കോഴിക്കോടിനും മംഗളൂരുവിനും ഇടയിൽ യാത്രചെയ്യുന്നവർക്കു നാഗർകോവിൽ-മംഗളൂരു പരശുറാം എക്‌സ്പ്രസ് പുറപ്പെടുന്ന വൈകുന്നേരം 3.45നു ശേഷം അൺ റിസർവ്ഡ് ട്രെയിൻ ഇല്ലാത്ത സാഹചര്യമാണു നിലവിലുള്ളത്. ഇതിനുശേഷം ചെന്നൈ എഗ്‌മോർ-മംഗളൂരു സെൻട്രൽ എക്‌സ്പ്രസ്, എറണാകുളം-നിസാമുദ്ദീൻ മംഗള, തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എന്നീ പ്രതിദിന ട്രെയിനുകൾ സർവിസ് നടത്തുന്നുണ്ടെങ്കിലും ഇവയിൽ അൺ റിസർവ്ഡ് കോച്ചുകളില്ല.
സാധാരണ ട്രെയിനുകളിൽ തത്സമയ ടിക്കറ്റ് (കറന്റ് റിസർവേഷൻ) ലഭിക്കാറുണ്ടെങ്കിലും ഈ ട്രെയിനുകളിൽ മൂന്നു മണിക്കൂർ മുമ്പുവരെ കറന്റ് റിസർവേഷൻ സൗകര്യം ലഭ്യമല്ലാത്തതാണു യാത്രക്കാരുടെ കടുത്ത യാത്രാദുരിതത്തിനു കാരണം.
ഇതിനിടയിൽ കോയമ്പത്തൂർ-കണ്ണൂർ, ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനുകളിൽ അൺ റിസർവ്ഡ് കോച്ചുകൾ ലഭ്യമാണെങ്കിലും ഇവ കണ്ണൂർവരെ മാത്രമേ സർവിസ് നടത്തുന്നുള്ളൂ. കാസർകോടോ, മംഗളൂരുവിലോ എത്തേണ്ട യാത്രക്കാർക്കു കണ്ണൂരിലിറങ്ങി ബസുകളേയോ, ടാക്‌സി വാഹനങ്ങളയോ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.
രാവിലെ സർവിസ് നടത്തുന്ന മംഗളൂരു-കോഴിക്കോട് ഡെയിലി എക്‌സ്പ്രസ്, മംഗളൂരു സെൻട്രൽ-ചെന്നൈ എഗ്‌മോർ, വൈകുന്നേരത്തെ മംഗളൂരു സെൻട്രൽ-തിരുവനന്തപുരം എക്‌സ്പ്രസ്, പാലക്കാട് വഴിയുള്ള കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് ട്രെയിനുകളിലും അൺ റിസർവ്ഡ് കോച്ചുകൾ ഇല്ലാത്തതിനാൽ കണ്ണൂരിനും കോഴിക്കോടിനും ഇടയിലെ യാത്രക്കാർക്കു ഓഫിസിലെത്താനും തിരിച്ചും ഈ ട്രെയിനുകളെ ആശ്രയിക്കാൻ കഴിയുന്നില്ല. കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ്, മംഗളൂരു സെൻട്രൽ-ചെന്നൈ സൂപ്പർ ഫാസ്റ്റ് എന്നീ ട്രെയിനുകളും ഓഫിസ് സമയങ്ങളിൽ എത്തേണ്ട ജീവനക്കാരും വിദ്യാർഥികളും നേരത്തെ ആശ്രയിച്ചിരുന്ന ട്രെയിനുകളാണ്. നിലവിൽ ഏതാനും ട്രെയിനുകളിൽ മാത്രം അൺ റിസർവ്ഡ് കോച്ചുകൾ അനുവദിച്ച റെയിൽവേ നടപടി കാരണം ഇത്തരം കോച്ചുകളിൽ യാത്രക്കാരുടെ വൻ തിരക്കിനും ഇടയാക്കിയിട്ടുണ്ട്. അനുവദിക്കപ്പെട്ട ട്രെയിനുകളിലെ അൺ റിസർവ്ഡ് കോച്ചുകളിൽ സ്ഥിരം യാത്രക്കാരുടേതടക്കം കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഒമിക്രോൺ ഭീതിയും വർധിച്ച സാഹചര്യത്തിൽ എല്ലാ പ്രതിദിന ട്രെയിനുകളിലും അൺ റിസർവ്ഡ് കോച്ചുകൾ അനുവദിച്ചാൽ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാമെന്നു പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."