ക്വാറൻ്റൈനിൽ പണംതട്ടാൻ കൊവിഡ് ഫലം പോസിറ്റീവാക്കി ഹോട്ടൽ ലോബി മുംബൈയിൽ വഞ്ചിതരായത് മലയാളികളുൾപ്പെട്ട സംഘം
കോഴിക്കോട്
കൊവിഡ് പരിശോധനയിൽ നെഗറ്റീവായിട്ടും പോസിറ്റീവാണെന്ന് കാട്ടി ക്വാറൻ്റൈനിലാക്കി പണംതട്ടാൻ ഹോട്ടൽ ലോബിയുടെ ശ്രമം. ഡിസംബർ 29നു കൊച്ചിയിൽ നിന്ന് പുറപ്പെട്ട ആഡംബര കപ്പലായ കോർഡിലിയ ക്രൂസ് എം.വി.എംപ്രസ് കപ്പലിലെ യാത്രക്കാരായ മലയാളികളുൾപ്പെട്ട സംഘത്തിൽ നിന്ന് മുംബൈയിൽ നിന്നാണ് പണംതട്ടാൻ ശ്രമമുണ്ടായത്.
തട്ടിപ്പ് പൊളിഞ്ഞപ്പോൾ ഹോട്ടലുകാർ ഭീഷണിപ്പെടുത്തിയതായി കപ്പലിലുണ്ടായിരുന്ന ചലച്ചിത്ര സംവിധായകൻ റോയ് മണപ്പള്ളിൽ സുപ്രഭാതത്തോട് പറഞ്ഞു. മുംബൈ കോർപറേഷൻ കൗൺസിലറും മലയാളിയുമായ ജഗദീഷും മാധ്യമപ്രവർത്തകരും മലയാളി സമാജവും ഇടപെട്ടതോടെയാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 2നു ഗോവയിൽ യാത്ര അവസാനിപ്പിക്കേണ്ടിയിരുന്ന കപ്പലിൽ കൊവിഡ് വ്യാപനമുണ്ടായതോടെ യാത്രക്കാരെ ഗോവയിൽ ഇറക്കാതെ പിറ്റേന്ന് മുംബൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജനുവരി 4നു മുംബൈയിൽ എത്തിയപ്പോൾ എല്ലാവരെയും വീണ്ടും പരിശോധിച്ചു. ആറിനു രാവിലെ മുംബൈയിൽ ഇറക്കുമ്പോൾ മുമ്പ് നെഗറ്റീവ് ആയിരുന്ന പലരും പോസിറ്റീവാണെന്ന അറിയിപ്പ് ലഭിച്ചു.
എന്നാൽ, റിപ്പോർട്ട് കാണിക്കാതെ എല്ലാവരുടെയും ഫലം പോസിറ്റീവാണെന്ന് രേഖപ്പെടുത്തിയ ലിസ്റ്റാണ് കാണിച്ചത്. മുംബൈ മുനിസിപ്പൽ കോർപറേഷൻ ആരോഗ്യവിഭാഗം നിർബന്ധിത ഹോട്ടൽ ക്വാറൻ്റൈനും നിർദേശിച്ചു.
റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ പുറത്തുവച്ച് തരുമെന്ന് അറിയിച്ചാണ് കപ്പലിൽ നിന്നിറക്കിയത്. എന്നാൽ, റിപ്പോർട്ട് നൽകാതെ നിർബന്ധപൂർവം എല്ലാവരെയും ഹോട്ടലിൽ എത്തിച്ചു. തുടർന്ന് ആരോഗ്യസ്ഥിതിയെപ്പറ്റി ഒരു അന്വേഷണവും ഉണ്ടാവാതിരുന്നതോടെ റിപ്പോർട്ടിൽ സംശയമുയർന്നു. യാത്രക്കാർ ബഹളമുണ്ടാക്കിയതോടെ അധികൃതർ നൽകിയ റിപ്പോർട്ടിൽ പലരും നെഗറ്റീവായിരുന്നു. അനാവശ്യമായ ഹോട്ടൽ ക്വാറൻ്റൈനിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് നെഗറ്റീവ് ആയവർ ആവശ്യപ്പെട്ടതോടെയാണ് കൊളാബയിലെ അപ്പോളോ സൺസിറ്റി ഉൾപ്പെടെ യുള്ള ഹോട്ടൽ ലോബിയുടെ തനിനിറം പുറത്തുവന്നത്.
എല്ലാവരും ഹോട്ടലിൽ തുടരണമെന്നും പുറത്തുവിടില്ലെന്നും അറിയിച്ചു. മുനിസിപ്പൽ അധികൃതരെ ബന്ധപ്പെട്ടിട്ടും അനുകൂല പ്രതികരണം ഉണ്ടാകാതിരുന്നതോടെ വിവരം മുംബൈയിലെ മലയാളി മാധ്യമപ്രവർത്തകരെയും മറ്റും അറിയിച്ചു. മുംബൈ മുനിസിപ്പൽ കൗൺസിലറും മലയാളിയുമായ ജഗദീഷും കൊളാബ മലയാളി സമാജവും വിഷയത്തിൽ ഇടപെട്ടു. ഒടുവിൽ അനാവശ്യമായി ഹോട്ടലിൽ ക്വാറൻ്റൈനിൽ തുടരേണ്ടിവന്ന നാലു മലയാളികൾ ഉൾപ്പെട്ട സംഘത്തെ വിട്ടയച്ചു. കുറച്ചു മണിക്കൂർ മാത്രമുള്ള താമസത്തിന് വൻതുക ഈടാക്കുകയും ചെയ്തു.
കോർഡില ക്രൂസ് ആഡംബര കപ്പൽ അധികൃതരും മുംബൈ മുനിസിപ്പൽ അധികൃതരും ഹോട്ടൽ ലോബിയും ചേർന്നുള്ള ഒത്തുകളിയായിരുന്നു ഇതെന്നും പരാതി നൽകുമെന്നും റോയ് മണപ്പള്ളിൽ ഉൾപ്പെടെയുള്ളവർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."