വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ്പ് വിതരണം ഫെബ്രുവരിയില്‍
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് നല്കാന് ആരംഭിച്ച 'വിദ്യാശ്രീ' പദ്ധതി വഴിയുള്ള ലാപ്ടോപ്പുകള് അടുത്തമാസം മുതല്‍ വിതരണം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ അനായാസമാക്കാന്‍ കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്ക് 18,000 രൂപയുടെ ലാപ്ടോപ്പ് നല്‍കുന്നതാണ് പദ്ധതി.
1.2 ലക്ഷം വിദ്യാര്‍ഥികളാണ് ലാപ്ടോപ്പിനായി കെ.എസ്.എഫ്.ഇ ചിട്ടിയില്‍ തവണയടച്ച് മാസങ്ങളായി കാത്തിരിക്കുന്നത്.
ഈ മാസം 12ന് ടെന്‍ഡര്‍ അന്തിമമാക്കി ഫെബ്രുവരിയില്‍ ലാപ്ടോപ്പുകള് വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാനാണ് കുടുംബശ്രീയും സംസ്ഥാന ഐ.ടി മിഷനും തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്ന കമ്പനിക്ക് ടെന്‍ഡര്‍ നല്കുന്നതിനു പകരം 18,000 രൂപയില്‍ താഴെ ക്വാട്ട് ചെയ്യുന്ന എല്ലാ കമ്പനികളെ പരിഗണിക്കാനാണ് തീരുമാനം. ഈ കമ്പനികള്‍ 'കൈറ്റ്' നല്‍കിയിരിക്കുന്ന സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ലാപ്ടോപ്പുകള് നല്‍കേണ്ടത്. ഒന്നിലധികം കമ്പനികള്‍ കരാറില്‍ ഉള്‍പ്പെടുന്നതോടെ ഇഷ്ടമുള്ള കമ്പനിയുടെ ലാപ്ടോപ്പ് തിരഞ്ഞെടുക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും.
ടെന്‍ഡര്‍ പൂര്‍ത്തിയായ ശേഷം ലാപ്ടോപ്പ് വിതരണത്തിനായി ആരംഭിച്ച പോര്‍ട്ടലില്‍ കുടുബംശ്രീ അംഗമായ വിദ്യാര്‍ഥിയുടെ മാതാവിന് ഇഷ്ടമുള്ള കമ്പനി തിരഞ്ഞെടുക്കാമെന്ന് ഐ.ടി മിഷന് ഡയരക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. രാജ്യത്തെ പ്രധാന കമ്പനികളെല്ലാം ടെന്‍ഡറില്‍ പങ്കെടുത്തിട്ടുണ്ട്. ലാപ്ടോപ്പ് വിതരണത്തിലുണ്ടാകുന്ന കാലതാമസം പരിഹരിക്കാന്‍ പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചതിനു ശേഷം 14 ആഴ്ചയ്ക്കുള്ളില്‍ ലാപ്ടോപ്പ് ലഭ്യമാക്കണമെന്നും ആവശ്യപ്പെടും. ഒരു ലാപ്ടോപ്പിനു കെ.എസ്.എഫ്.ഇയില്‍ നിന്ന് 15,000 രൂപയേ വായ്പ ലഭിക്കൂ. ബാക്കി തുക ലാപ്ടോപ്പ് വാങ്ങുന്നവര്‍ ഒറ്റത്തവണയായി നല്‍കണം.
ഫെബ്രുവരിയില്‍ തുടങ്ങുന്ന വിതരണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള ലാപ്ടോപ്പ് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നതിനായാണ് ടെന്‍ഡര്‍ നടപടികള്‍ വൈകിയതെന്നും കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയരക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."