സമരങ്ങള്‍ കുട്ടികളുടെ പഠനാവസരം നഷ്ടപ്പെടുത്തരുതെന്ന് ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: സമരം കാരണം കുട്ടികളുടെ പഠനാവസരം നഷ്ടപ്പെടാന്‍ പാടില്ലെന്നും സമര-പ്രക്ഷോഭ പരിപാടികളില്‍ കുട്ടികളെ നിര്‍ബന്ധപൂര്‍വമോ പ്രലോഭനങ്ങള്‍ നല്‍കിയോ പങ്കെടുപ്പിക്കാന്‍ പാടില്ലെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവ്. ശാരീരികമോ മാനസികമോ ആയ പ്രയാസങ്ങളോ അവകാശ ലംഘനങ്ങളോ സംഭവിക്കുന്ന തരത്തിലുള്ള സമരപരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ല.
മുതിര്‍ന്നവര്‍ നടത്തുന്ന സമരങ്ങളിലും പ്രക്ഷോഭങ്ങളിലും കുട്ടികളെ പരിചകളായി പങ്കെടുപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ലെന്നും കമ്മിഷന്‍ അംഗങ്ങളായ കെ. നസീര്‍, ബി. ബബിത എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
സമരപരിപാടി സംഘര്‍ഷമാകുമെന്ന് ബോധ്യം വരുന്ന പക്ഷം ഉടന്‍ തന്നെ കുട്ടികളെ നീക്കം ചെയ്യുകയും അതിനാവശ്യമായ നിര്‍ദേശങ്ങള്‍ പൊലിസ് നല്‍കുകയും വേണം. സംഘര്‍ഷസാധ്യത മുന്‍കൂട്ടി കാണുന്ന സമരപരിപാടികളിലും സംഘര്‍ഷ പ്രദേശങ്ങളില്‍ നടക്കുന്ന സമരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ല. ദീര്‍ഘനേരം തുടരുന്നതോ അപകടസാധ്യത ഉള്ളതോ ആയ സമരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കരുത്.
ക്രിമിനല്‍ നടപടി പ്രകാരമോ കേരള പൊലിസ് ആക്ട് പ്രകാരമോ നിയമ വിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട സമരങ്ങളിലും കൂട്ടായ്മകളിലും കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.
കോഴിക്കോട് ജില്ലയില്‍ ഇരുകൈകളും ഇല്ലാത്ത ഏഴാം ക്ലാസ് വിദ്യാര്‍ഥിയുടെ തുടര്‍ പഠനം രണ്ടു വര്‍ഷമായി മുടങ്ങിയതുമായി ബന്ധപ്പെട്ട പരാതി തീര്‍പ്പാക്കുകയായിരുന്നു കമ്മിഷന്‍. വീടിന് സമീപത്തുള്ള സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് രക്ഷിതാവ് കുട്ടിയെ ഉപയോഗിച്ച് സമരം ചെയ്തതാണ് കേസിന് ആധാരമായത്. താന്‍ പഠിച്ച സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന കുട്ടിയുടെ ആവശ്യം പ്രശംസനീയമാണെങ്കിലും അത് നടക്കാത്ത കാരണത്താല്‍ പഠനം തടസപ്പെടാന്‍ പാടില്ലെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."