'കൈ'വിട്ടവരെ തിരികെ പിടിക്കാന്‍ കര്‍മപദ്ധതി: ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒന്നിച്ചിറങ്ങി
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൈവിട്ടു പോയ വോട്ട് ബാങ്ക് തിരികെ പിടിക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കര്‍മപദ്ധതി നടപ്പാക്കിത്തുടങ്ങി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സംയുക്തമായാണ് കര്‍മപദ്ധതി നടപ്പാക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ഉള്‍പ്പെടെ അകന്നു പോയ ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങളുടെ പിന്തുണ തിരികെ പിടിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് തുടക്കമായത്. വിവിധ ക്രൈസ്തവ സഭകള്‍ ഉള്‍പ്പെടെ യു.ഡി.എഫും കോണ്‍ഗ്രസുമായി അകന്നുപോയ ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായ നേതൃത്വങ്ങളുമായാണ് ചര്‍ച്ച നടത്തുന്നത്. ചങ്ങനാശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എന്നിവരുമായി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ചു നയിക്കുമെന്ന സന്ദേശവും സമുദായ നേതൃത്വങ്ങളുമായുള്ള ചര്‍ച്ചയിലൂടെ നല്‍കുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ സഭ, സമുദായ നേതാക്കളുമായി ഇരുവരും ചര്‍ച്ചകള്‍ തുടരും. ക്രൈസ്തവ സഭ അടക്കം ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ഉള്‍പ്പെടെ തിരിച്ചടിക്കു കാരണമായെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തിയത്. ഈ വിഭാഗങ്ങളെ കോണ്‍ഗ്രസിലേക്കു തിരിച്ചെത്തിക്കാന്‍ ഉമ്മന്‍ ചാണ്ടി, ചെന്നിത്തല എന്നിവരെ ദേശീയ നേതൃത്വം ചുമതലപ്പെടുത്തുകയായിരുന്നു.
മുന്നോക്ക സംവരണവും വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവവുമുയര്‍ത്തി കത്തോലിക്ക സഭയിലെ ഒരു വിഭാഗം ഇത്തവണ യു.ഡി.എഫ് വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു. ഈ എതിര്‍പ്പുകളെ അനുനയത്തിലൂടെ മറികടക്കാനാണ് ക്രൈസ്തവ സഭാ നേതൃത്വങ്ങളെ നേരിട്ടു കണ്ട് ചര്‍ച്ചകള്‍ നടത്തുന്നത്. യാക്കോബായ - ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തിനിടെ യാക്കോബായ വിഭാഗം പൂര്‍ണമായും എല്‍.ഡി.എഫിനൊപ്പമാണ് നിലകൊണ്ടത്. യു.ഡി.എഫില്‍ നിന്നകന്ന യാക്കോബായ വിഭാഗത്തെ തിരിച്ചു കൊണ്ടുവരാന്‍ ഈ സമുദായത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയുടെ ഉയര്‍ന്ന ഭാരവാഹിത്വം നല്‍കി തന്നെ ചര്‍ച്ചകള്‍ക്കു നിയോഗിക്കും.
ബി.ജെ.പിക്കു ബദല്‍ കോണ്‍ഗ്രസ് എന്നതായിരുന്നു കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗംഭീര വിജയം സമ്മാനിച്ചത്. ഈ പിന്തുണ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഷ്ടമായി. ഇതു തിരികെ പിടിക്കാന്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനും തിരിച്ചടി നേരിട്ടാല്‍ ബി.ജെ.പി വളരുമെന്ന കാംപയിന് കോണ്‍ഗ്രസ് തുടക്കം കുറിക്കും.
ക്രൈസ്തവ സഭകളെയും വിവിധ സമുദായങ്ങളെയും കൂടെ നിര്‍ത്താനായതാണ് ഇടതു വിജയത്തിനു കാരണമെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു. ഇതിനൊപ്പം സി.പി.എം - ബി.ജെ.പി ഒത്തുകളിയും തിരിച്ചടിയായി. സി.പി.എമ്മിനെ സഹായിക്കുന്ന നിലപാട് ബി.ജെ.പി തുടര്‍ന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിരിച്ചടി നേരിടും. സി.പി.എം - ബി.ജെ.പി ബാന്ധവം തുറന്നുകാട്ടുന്ന കാംപയിനും കോണ്‍ഗ്രസ് തുടക്കം കുറിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."