നയപ്രഖ്യാപനം തിരുത്താതെ ഗവര്‍ണര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സര്‍ക്കാരുമായി ഇനി യുദ്ധത്തിനില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. വെള്ളിയാഴ്ച നിയമസഭയില്‍ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് വെട്ടലും തിരുത്തലുമില്ലാതെ ഗവര്‍ണര്‍ അംഗീകരിച്ചു.
ഈ സര്‍ക്കാരിന്റെ അവസാനത്തെ നയപ്രഖ്യാപനം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ളതാണ്. എന്നാല്‍ സര്‍ക്കാരുമായി സംഘര്‍ഷത്തിനു പോകാതെ ഗവര്‍ണര്‍ നയപ്രഖ്യാപന കരട് അതേപടി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് നയപ്രഖ്യാപനത്തിന്റെ കരട് അംഗീകരിച്ച് ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിയെ നിശിതമായാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാര്‍ വിമര്‍ശിക്കുന്നത്.
നേരത്തെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാന്‍ ഡിസംബര്‍ 23ന് ചേരാനിരുന്ന പ്രത്യേക സഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. ഒടുവില്‍ സര്‍ക്കാര്‍ അനുനയിപ്പിച്ചതോടെയാണ് 31ന് സമ്മേളനത്തിന് അനുമതി കിട്ടിയത്. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ ഭാഗത്തെച്ചൊല്ലി സര്‍ക്കാരും ഗവര്‍ണറും ഏറ്റുമുട്ടിയിരുന്നു. കാര്‍ഷിക നിയമ ഭേദഗതിയെ വിമര്‍ശിക്കുന്ന കരടിലെ ഭാഗത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടുമോ എന്ന് സര്‍ക്കാരിന് ആശങ്ക ഉണ്ടായിരുന്നു.
അതേസമയം കഴിഞ്ഞ തവണ ചെയ്തതുപോലെ അതൃപ്തി രേഖപ്പെടുത്തിയതിനു ശേഷം പൂര്‍ണമായും വായിക്കുമോ അതോ അതൊഴിവാക്കി വായിക്കുമോ എന്നറിയാന്‍ നാളെ രാവിലെ വരെ കാത്തിരിക്കണം. നാളെയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."