'ഒമിക്രോൺ വിമാനത്തിലേ കയറൂ, എടപ്പാളിലെ കൊറോണ പടരില്ല, പൂക്കോട്ടൂരിനെതിരെ കേസെടുത്തതെന്തിന്'; എടപ്പാൾ പാലം ഉദ്ഘാടനത്തിന്റെ ജനബാഹുല്യത്തെ പരിഹസിച്ചും സർക്കാറിനെ വിമർശിച്ചും സോഷ്യൽ മീഡിയ
ദുബൈ: നാട്ടിലെത്തുന്ന പ്രവാസികൾ ഏഴ് ദിവസം ക്വാറൻറീനിൽ കഴിയണമെന്ന നിർദേശം വന്നതിന് തൊട്ടുപിന്നാലെ എടപ്പാൾ പാലം ഉദ്ഘാടനത്തിന് ആയിരങ്ങൾ തടിച്ചു കൂടിയതിനെ പരിഹസിച്ച് പ്രവാസലോകം. പാലം ഉദ്ഘാടനത്തിൻറെ ചിത്രം ഫേസ് ബുക്കിലൂടെ പങ്കുവെച്ച മന്ത്രിമാരുടെയും എം.എൽ.എമാരുടെയും പോസ്റ്റുകൾക്ക് താഴെയും പ്രവാസികൾ വിമർശനവുമായെത്തി. മാതൃക കാണിക്കേണ്ട സർക്കാർ തന്നെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിനെയും പ്രവാസികൾ ചോദ്യം ചെയ്യുന്നു.
ഒമിക്രോൺ വിമാനത്തിലേ കയറൂ, പാലത്തിൽ കയറില്ല എന്നാണ് ഒരു കമന്റ്. ഗൾഫിലെ കൊറോണ മാത്രമെ പടരൂ, എടപ്പാളിലെ കൊറോണ പടരില്ല എന്നാണ് ചിലരുടെ പോസ്റ്റ്. തിരക്കിൽപെട്ട് കൊറോണ എടപ്പാൾ പാലം വഴി ഓടി എന്നും ചിലർ പോസ്റ്റ് ചെയ്തിരിക്കുന്നു. ക്വാറൻറീൻ പ്രവാസികൾക്ക് മാത്രമോ എന്ന തലക്കെട്ടിൽ ഗ്രൂപ്പുകളിൽ ചർച്ചയും നടക്കുന്നുണ്ട്. കൊറോണ പരത്തുന്ന പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് വരുന്ന ചിത്രം എന്ന പേരിലാണ് ചിലർ എടപ്പാളിൽ തടിച്ചുകൂടിയ ജനത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ജനം ആർത്തിരമ്പി എന്ന തലക്കെട്ടിൽ മുൻ മന്ത്രി കെ.ടി. ജലീൽ പോസ്റ്റ് ചെയ്ത ജനക്കൂട്ടത്തിന്റെ ചിത്രത്തിന് താഴെയും പ്രവാസികൾ പ്രതിഷേധം അറിയിക്കുന്നു. നാട്ടിലെ മറ്റ് പാർട്ടികളുടെയും സംഘനകളുടെയും പ്രകടനത്തിനെതിരെ കൊവിഡ് നിയമലംഘനത്തിന് കേസെടുത്തതും ട്രോളുകളിൽ നിറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."