ഇതിലൊന്നും പ്രോട്ടോകോൾ ലംഘനമില്ലേ പൊലിസേ...
സ്വന്തം ലേഖകൻ
മലപ്പുറം
കൊവിഡ് മാനദണ്ഡം പാലിക്കുന്നതിൽ മലപ്പുറത്ത് പൊലിസ് ഇരട്ടത്താപ്പ് കാണിക്കുകയാണെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത് വ്യാപക പ്രതിഷേധം. കുറച്ചു പേർ മാത്രം പങ്കെടുത്ത ഒരു സമ്മേളനത്തിനെതിരേ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് അരോപിച്ച് കേസെടുത്ത പൊലിസ് ഇന്നലെ എടപ്പാളിൽ ആയിരങ്ങൾ പങ്കെടുത്ത മേൽപ്പാലം ഉദ്ഘാടന ചടങ്ങിൽ ഇത്തരം നടപടികൾക്കൊന്നും മുതിരാതെ കാഴ്ചക്കാരായി നിൽക്കുകയല്ലേ ചെയ്തത് എന്ന ചോദ്യമാണുയരുന്നത്.
തെന്നലയിൽ നടന്ന ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനത്തിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപിച്ച് മുഖ്യപ്രഭാഷകനായിരുന്ന എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ ഉൾപ്പെടെ 200 പേർക്കെതിരേയാണ് തിരൂരങ്ങാടി പൊലിസ് കേസെടുത്തത്. എന്നാൽ ഇന്നലെ രണ്ട് മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന എടപ്പാൾ മേൽപ്പാലം ഉദ്ഘാടന മാമാങ്കത്തിൽ ആയിരങ്ങൾ ഒത്തുചേർന്നപ്പോൾ പൊലിസ് കണ്ടില്ലെന്നും നടിക്കുകയായിരുന്നോ എന്നാണ് ചോദ്യം.
തെന്നല പഞ്ചായത്ത് മുസ്‌ലിം കോ ഒാഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനം മൈക്ക് പെർമിഷനോടെ അനുവദിച്ച സമയത്തിനകം തന്നെ പൂർത്തിയാക്കിയിരുന്നു.എന്നിട്ടും പ്രോട്ടോകോൾ ലംഘനം ആരോപിച്ച് തിരൂരങ്ങാടി പൊലിസ് കേസെടുക്കുകയായിരുന്നു.
എന്നാൽ ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് എടപ്പാൾ മേൽപ്പാലം തുറന്നു കൊടുത്തത്.
മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്,വി.അബ്ദുറഹിമാൻ, ഇ.ടി മുഹമ്മദ് ബഷീർ എം.പി,എം.എൽ.എമാരായ കെ.ടി ജലിൽ, പി.നന്ദകുമാർ തുടങ്ങിയവരാണ് മേൽപ്പാല ഉദ്ഘാടനത്തിനെത്തിയിരുന്നത്. രാവിലെ മുതൽ നാടൻ കാലാരൂപങ്ങളുടെ അകമ്പടിയോടെ ജനമെത്തിയതോടെ പൊലിസിനും നിയന്ത്രിക്കാനായിരുന്നില്ല.
പൊലിസിന്റെ ഈ ഇരട്ടത്താപ്പ് നിലപാട് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു.
ഉദ്ഘാടനത്തിനെത്തിയ വൻ ജനാവലിയുടെ ഫോട്ടോ പങ്കുവച്ച് പ്രോട്ടോകോൾ ലംഘനമില്ലേയെന്ന് ചോദിച്ച് പ്രവാസികളടക്കം രഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."