ക്യാപിറ്റോളിന് മുന്നില്‍ ട്രംപ് അനുകൂലികളുടെ റാലിയില്‍ ഇന്ത്യന്‍ പതാകയും
വാഷിങ്ടണ്‍: യു.എസില്‍ ജനവിധി അംഗീകരിക്കാന്‍ തയാറാവാതെ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രതിഷേധത്തില്‍ ഇന്ത്യന്‍ പതാകയും. അമേരിക്കയുടെ ഇന്നു വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിഷേധത്തിലാണ് ഇന്ത്യയുടെ പതാക പിടിച്ച് ചിലരെത്തിയത്. കാപിറ്റോളിനു മുന്നിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും അമേരിക്കയുടെയും പതാകകള്‍ക്കിടയില്‍ ഇന്ത്യന്‍ പതാക പാറുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ലോക രാജ്യങ്ങള്‍ ശക്തമായി അപലപിച്ച സംഭവത്തില്‍ ഇന്ത്യന്‍ പതാകയും ഉയര്‍ന്നത് ഇതോടെ വിവാദമായിരിക്കുകയാണ്.
ജനവിധിയെ ചോദ്യം ചെയ്ത് ട്രംപ് അനുകൂലികള്‍ നടത്തിയ പ്രകടനത്തില്‍ ഇന്ത്യന്‍ പതാകയ്ക്ക് എന്തുകാര്യം എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
പാര്‍ലമെന്റ് അംഗവും ബി.ജെ.പി നേതാവുമായ വരുണ്ഗാന്ധിയടക്കമുള്ളവര് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അവിടെ ഒരു ഇന്ത്യന്‍ പതാക പാറുന്നത്? ഇത് തീര്‍ച്ചയായും നമ്മള് പങ്കെടുക്കേണ്ടതില്ലാത്ത ഒരു പോരാട്ടമാണ്' എന്നാണ് വരുണ്‍ ഗാന്ധി പറഞ്ഞത്.
ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ആക്രമണം നടക്കുന്നത്.
ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു സംഘര്‍ഷത്തിനിടെ നാല് പേര് കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമം ട്രംപിന്റെ നേതൃത്വത്തിലുള്ള അട്ടിമറി ശ്രമമാണെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."