നെഹ്റുവിനെ തിരിച്ചറിയാനായില്ലെങ്കില്‍ ഇറ്റലിയില്‍ പോകുന്നതാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്ലത്: വിമര്‍ശനവുമായി ബിനോയ് വിശ്വം
കൊച്ചി: കോണ്‍ഗ്രസിന് എതിരെ വിമര്‍ശനവുമായി സി.പി.ഐ എം.പി ബിനോയ് വിശ്വം. സി.പി.ഐ ഇപ്പോഴും വിശ്വസിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് രാജ്യത്ത് ഉദാരവത്കരണം നടപ്പാക്കിയതെന്നാണ്. ഉദാരവത്കരണം നടപ്പാക്കിയതാണ് രാജ്യത്തെ ഇപ്പോഴുള്ള മിക്ക പ്രശ്നങ്ങള്‍ക്കും കാരണം. അതിന് കോണ്‍ഗ്രസ് മാത്രമാണ് ഉത്തരവാദിയെന്നും ബിനോയ് വിശ്വം പറഞ്ഞു.
പൊതുകമ്പനികളില്‍ സ്വകാര്യപങ്കാളിത്തം എന്ന രീതി കോണ്‍ഗ്രസ് തുടങ്ങിവെച്ചതാണ്. അത് ബിജെപിയും തുടരുന്നു എന്നേയുള്ളൂ. ഇതാണ് മുമ്പ് പ്രസംഗങ്ങളില്‍ താന്‍ പരാമര്‍ശിച്ചത്. അത് മാധ്യമങ്ങള്‍ തെറ്റായി നല്കി. രാജ്യത്ത് കോണ്‍ഗ്രസ് തകരണമെന്ന് ആഗ്രഹിക്കുന്നില്ല. അത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും വളര്‍ച്ചയ്ക്ക് കാരണമാകും. രാജ്യത്തിന്റെ മതേതര സ്വഭാവവുമാകും അതുവഴി നശിക്കുക.
കമ്മ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ ശത്രു ബിജെപി-ആര്‍എസ്എസ് ആണ്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പോലും രാഹുല്‍ഗാന്ധിയെ കണ്ടില്ല. അദ്ദേഹം അപ്പോഴും വിദേശത്താണ്. ഇതാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ. നെഹ്റുവിന്റെ പല ആശയങ്ങളും കോണ്‍ഗ്രസ് മറക്കുകയാണ്. നെഹ്റുവിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറ്റലിയില്‍ പോകുന്നതാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്ലത് എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."