എന്‍.സി.പിയിലെ തര്‍ക്കം: പവാര്‍ കേരളത്തിലേക്ക്
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണി മാറ്റത്തെച്ചൊല്ലി എന്‍.സി.പിയില്‍ തര്‍ക്കം രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിന് ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേക്ക്. മുന്നണി മാറ്റത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനും ടി.പി പീതാംബരനും രണ്ടുചേരിയില്‍ ആണ്. ഇത് പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമാക്കിയിരിക്കുകയാണ്. കേരളത്തിലെത്തുന്ന പവാര്‍ ഇരുവിഭാഗം നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.ഇന്നലെ മന്ത്രി എ.കെ ശശീന്ദ്രനും ഇന്ന് മാണി സി. കാപ്പനും ടി.പി പീതാംബരനും പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്നണി മാറുന്ന പക്ഷം എന്‍.സി.പിയില്‍ പിളര്പ്പുണ്ടായേക്കുമെന്നാണ് സൂചന.
നിലവിലെ സംസ്ഥാന രാഷ്ട്രീയം, പ്രത്യേകിച്ച് തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം എല്‍.ഡി.എഫിന് അനുകൂലമാണെന്നാണ് ഇന്നലത്തെ കൂടിക്കാഴ്ചയില്‍ ശശീന്ദ്രന് പവാറിനെ അറിയിച്ചിട്ടുള്ളത്. അതിനാല്‍ പാലാ എന്ന ഒറ്റ സീറ്റിന്റെ പേരില്‍ മുന്നണി മാറുന്നത് വലിയ തിരിച്ചടി എന്‍.സി.പിക്ക് ഉണ്ടാക്കിയേക്കുമെന്നും ശശീന്ദ്രന് പവാറിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് പവാര്‍ കേരളത്തിലേക്ക് വരുന്നത്.
ശനിയാഴ്ചയോ ഞായറാഴ്ചയോ പവാര്‍ കേരളത്തിലെത്തുമെന്നാണ് വിവരം. ശേഷം സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. അതിനുശേഷം ഇരുവിഭാഗം നേതാക്കളുമായും ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയ്ക്കു ശേഷമേ മുന്നണി മാറ്റം സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാവുകയുള്ളൂ.
എല്‍.ഡി.എഫില്‍ നില്ക്കുകയാണെങ്കില് നാലു സീറ്റുകളും തങ്ങള്‍ക്ക് ലഭിക്കില്ലെന്നാണ് മാണി സി. കാപ്പനും പീതാംബരനും പവാറിനെ അറിയിച്ചിട്ടുള്ളത്. ശരത് പവാര്‍ തങ്ങള്‍ക്കൊപ്പമാണെന്നും സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ടി.പി. പീതാംബരന് മാധ്യമങ്ങളോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."