കൊവിഡ് തളർത്തിയ ശരീരവുമായി യുപി സ്വദേശി നാട്ടിലേക്കു മടങ്ങി; മലയാളി സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ
റിയാദ്: കൊവിഡ് തളർത്തിയ ശരീരവുമായി സഊദിയിൽ ദുരിതത്തിലായ ഉത്തർ പ്രദേശ് സ്വദേശിക്ക് താങ്ങായി മലയാളി സാമൂഹ്യ പ്രവർത്തകർ. അൽ ഖസീം പ്രവിശ്യയിലെ അൽറസിൽ കഴിഞ്ഞ പത്ത് വർഷത്തിൽ അധികമായി എ.സി മെക്കാനിക്ക് ആയി ജോലി ചെയ്തുവരികയായിരുന്ന അഫ്‌സർ ഖാനാണ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ കാരുണ്യ ഹസ്‌തം സഹായകരമായത്. സെപ്തംബറിൽ കൊവിഡ് ബാധിച്ചതോടെ അതിന്റെ ബാക്കി പത്രമായി ശാരീരിക ബുദ്ധിമുട്ടുകൾ മൂലം രക്തസമ്മർദ്ദം ഉയർന്നു ശരീരം മുഴുവനും തളരുകയായിരുന്നു. ഒരു മാസക്കാലത്തോളം അബോധാവസ്ഥയിൽ തുടർന്ന അഫ്സർ ഖാന്റെ ദുരിത വിവരം അറിഞ്ഞ ഐഎസ്എഫ് പ്രവർത്തകർ ഇദ്ദേഹത്തെ നാട്ടിലേക്കയക്കാനുള്ള ഒരുക്കങ്ങൾ വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു.
ബ്ലോക്ക് പ്രസിഡൻ്റ് ഷംനാദ് പോത്തൻകോടിൻ്റെ നേത്യത്വത്തിൽ സാലിഹ് കാസർകോഡ്, ഫിറോസ് എടവണ്ണ, അയ്യൂബ് പാണായി എന്നിവർ അദ്ദേഹത്തിന് ആവശ്യമായ പരിചരണങ്ങൾ നൽകുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടപ്പോൾ സ്ട്രെച്ചർ സംവിധാനത്തിൽ നാട്ടിലേക്ക് കയറ്റി വിടാൻ ശ്രമം നടത്തിയെങ്കിലും ആരോഗ്യ സ്ഥിതി കൂടുതൽ മെച്ചപ്പെടുന്നത് വരെ കാത്തു നിൽക്കണ്ടി വന്നു. തുടർച്ചയായ മൂന്ന് മാസത്തെ ചികിത്സക്കും പരിചരണത്തിനും ശേഷം ചാരി ഇരുന്നു തുടങ്ങിയ അഫ്സർഖാനെ വീൽ ചെയറിൻ്റെ സഹായത്തോടെ നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.
സോഷ്യൽ ഫോറം റിയാദ് വെൽഫെയർ കോർഡിനേറ്റർ അബ്ദുൽ അസീസ് പയ്യന്നൂരിൻ്റെ നേത്യത്വത്തിൽ ഫോറം തമിഴ്നാട് പ്രസിഡൻറ് മുഹമ്മദ് ജാബർ, വെൽഫെയർ വോളണ്ടിയേഴ്സ് മുഹമ്മദ് റിയാസ് തമിഴ്നാട് , മുഹിനുദ്ദീൻ മലപ്പുറം, മുജീബ് വാഴക്കാട് എന്നിവരുടെയും കൂട്ടായ പരിശ്രമത്തിൽ യാത്രാരേഖകൾ ശരിയാക്കി ജനുവരി ആറാം തീയതി ലക്നൗവിലേക്കുള്ള യാത്ര സാധ്യമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."