46 കേന്ദ്രങ്ങളില്‍ ഇന്ന് കൊവിഡ് വാക്സിനേഷന് ഡ്രൈ റണ്‍; 3.51 ലക്ഷം പേര് രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട കൊവിഡ് വാക്സിനേഷന് ഡ്രൈ റണ്‍ ഇന്ന്. എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുന്നത്.
മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര- ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍ നടത്തുന്നത്. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കൊവിഡ് വാക്സിനേഷന് നടപടിക്രമങ്ങളെല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍.
ജനുവരി രണ്ടിന് നാലു ജില്ലകളില്‍ ആറ് ആരോഗ്യകേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ഡ്രൈ റണ്ണിനു ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി കൊവിഡ് ഡ്രൈ റണ്‍ നടത്തുന്നത്. വാക്സിന് എത്തിയാലുടന്‍ നല്കാന് വേണ്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതുവരെ 3,51,457 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 400ഓളം ജീവനക്കാരുടെയും കനിവ് 108 ആംബുലന്‍സിലെ 1,344 ജീവനക്കാരുടെയും രജിസ്ട്രേഷന് പുരോഗമിക്കുകയാണ്.
ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്- അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."