HOME
DETAILS

റാലിയിലല്ല പ്രസംഗിക്കേണ്ടത്, പാലത്തിൽ നിന്നായിരുന്നു

  
backup
January 10 2022 | 04:01 AM

65234562354-2

കാണാപ്പുറം

എ. റശീദുദ്ദീൻ


പഞ്ചാബിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ പോയ പ്രധാനമന്ത്രി കർഷകർ റോഡ് ഉപരോധിച്ചതിനാൽ തിരികെ പോയത് രാജ്യത്തുടനീളം ചർച്ചചെയ്യപ്പെട്ട സുപ്രധാന വാർത്തയായിരുന്നു. ബി.ജെ.പിയുടെ ഭരണത്തിനു കീഴിലുള്ള മുഖ്യമന്ത്രിമാരും പാർട്ടി ദേശീയഘടകത്തിന്റെ അധ്യക്ഷനും മറ്റു പ്രധാനികളുമൊക്കെ പഞ്ചാബ് ഭരിക്കുന്ന സർക്കാരിൽനിന്ന് തുടങ്ങി ഗാന്ധികുടുംബത്തെ വരെ അധിക്ഷേപിച്ചു. ശിവരാജ് സിങ് ചൗഹാൻ മുതൽ ത്രിപുരയിലെ ബിപ്ലവ് കുമാർ ദേബ് വരെയുള്ള മുഖ്യമന്ത്രിമാരും പാർട്ടിയുടെ ചെറുതും വലുതുമായ നേതാക്കളും സാധാരണ പ്രവർത്തകരുമൊക്കെ പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മൃതുഞ്ജയ ഹോമം സംഘടിപ്പിച്ചു. ഈ പ്രതിഷേധങ്ങളും നാമജപവും പ്രധാനമന്ത്രിയുടെ ജീവനു ഭീഷണി നേരിട്ടുവെന്ന പ്രചാരണവും അതിൽ സുപ്രിംകോടതിയടക്കം ഇടപെടുന്നുവെന്ന മട്ടിലുള്ള വാർത്തകളുമൊക്കെ ഉണ്ടാക്കിയ ശബ്ദകോലാഹലങ്ങൾക്കിടയിൽ മുങ്ങിപ്പോയ വളരെ ലളിതമായ ചില ചോദ്യങ്ങളുണ്ട്. ഈ ''ഹുലാബാലു'' ഉണ്ടാക്കിയതത്രയും മാധ്യമങ്ങളായതുകൊണ്ടുതന്നെ മറിച്ചുള്ള ചോദ്യങ്ങളും അവരിൽനിന്നുതന്നെ വേണമല്ലോ തുടങ്ങാൻ.


അതിൽ ആദ്യത്തേത് ഒരു ദൃശ്യത്തെ കുറിച്ചാണ്. പാലത്തിൽ കുടുങ്ങിക്കിടക്കുന്ന പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനു സമീപത്തുകൂടെ ബി.ജെ.പിയുടെ പതാക കെട്ടിയ ഒരു ബസ് കടന്നുപോയിരുന്നല്ലോ. അതവിടെ അൽപസമയം നിൽക്കുകയും അതിലുണ്ടായിരുന്നവർ പ്രധാനമന്ത്രിക്കു നേരെ കൈവീശി കാണിക്കുകയും ചെയ്യുന്നുണ്ട്. ഡൽഹിയിൽ ജോലിചെയ്യുന്ന കാലത്ത് എൽ.കെ അദ്വാനിയുടെ വാഹനവ്യൂഹം കടന്നുവരുന്ന വഴിയിൽ മുമ്പൊരിക്കൽ അബദ്ധവശാൽ ചെന്നുകയറിയ അനുഭവമുള്ളയാളാണ് ലേഖകൻ. കാറിന്റെ ചില്ലിനു മുകളിൽ പത്രലേഖകർക്കുള്ള പാർലമെന്റിന്റെ ഗേറ്റ് പാസുണ്ടായതുകൊണ്ട് മാത്രമാണ് അന്നു രക്ഷപ്പെട്ടത്. പൊലിസുകാർ എങ്ങോട്ടൊക്കെയോ വയർലസിൽ മെസേജ് അയച്ച് ഉറപ്പുവരുത്തിയതിനു ശേഷമാണ് എന്നെയും കാറിൽ ഉണ്ടായിരുന്ന മറ്റൊരു മാധ്യമപ്രവർത്തകനെയും താക്കീത് നൽകി വിട്ടയച്ചത്. അപ്പോൾ പിന്നെ പ്രധാനമന്ത്രി കുടുങ്ങിക്കിടക്കുന്ന ഒരു പാലത്തിൽ ലവൻമാർ എങ്ങനെ കയറിക്കൂടി? റോഡിലല്ല എന്ന് ഒരിക്കൽകൂടി അടിവരയിട്ടു പറയട്ടെ. പാലത്തിന്റെ ഇരുവശത്തും ഓരോ കോൺസ്റ്റബിൾമാർ കയറിനിന്നാൽ ഗതാഗതം അവസാനിപ്പിക്കാമല്ലോ.


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ഓഫിസർ ഒപ്പിട്ടുതന്ന കാർഡുംകൊണ്ട് അന്ന് ഉപപ്രധാനമന്ത്രിയായിരുന്ന എൽ.കെ അദ്വാനിയുടെ വാർത്താസമ്മേളനത്തിൽ പതിവായി പങ്കെടുക്കുന്ന എന്റെ കാര്യം പോലെയല്ലല്ലോ 500 രൂപയും ഒരു പൊതിച്ചോറും കിട്ടുമെന്നോർത്ത് ബി.ജെ.പിയുടെ കൊടികെട്ടിയ ഏതോ വാഹനത്തിൽ റാലി കൂടാനെത്തുന്നവരുടെ കാര്യം. അവർ എങ്ങനെ പ്രധാനമന്ത്രി വ്യൂഹത്തിന്റെ ഇത്രയും അടുത്തുകൂടെ സഞ്ചരിക്കാനിടയായി?
ഈ ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങൾക്കു നൽകിയത് ആരാണ് എന്നതാണ് മറ്റൊരു ചോദ്യം. പ്രധാനമന്ത്രിയുടെ പബ്ലിക് റിലേഷൻ ഓഫിസറോ അവിടുത്തെ മാധ്യമവകുപ്പോ ഇങ്ങനെയൊരു ദൃശ്യം പുറത്തുവിട്ടതായി അറിയില്ല. മൊബൈലിൽ പകർത്തിയതെന്ന് ന്യായമായും തോന്നുന്നവിധം താഴ്ന്ന ഗുണനിലവാരമുള്ള ഈ ചിത്രം ഇന്ത്യാ ടുഡെ എന്ന ചാനലിന് ആരോ അയച്ചുകൊടുത്തതാവാനേ വഴിയുള്ളൂ. അതല്ല, അവരുടെ റിപ്പോർട്ടർ റാലി നടക്കുന്ന ഗ്രൗണ്ടിനു പകരം ഈ പാലത്തിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നുവെങ്കിൽ അയാൾക്ക് അത്രയും കൃത്യമായി 'വിവരം' ലഭിച്ചിട്ടുണ്ടാവണം. ദൃശ്യം പകർത്തിയ ആൾ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്ന വല്ലവരുമാണോ? ആണെങ്കിലും അല്ലെങ്കിലുമുണ്ട് പ്രശ്‌നം. പാകിസ്താൻ അതിർത്തിയിൽനിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയാണ് ഇന്ത്യൻ പ്രധാനമന്ത്രി കുടുങ്ങിക്കിടക്കുന്ന വിവരം ഒരാൾ നേരിട്ട് പകർത്തുകയോ അല്ലെങ്കിൽ പകർത്തി ഒരു ദേശീയചാനലിന് അയച്ചുകൊടുക്കുകയോ ചെയ്യുന്നത്. പാലത്തിനു താഴെയുള്ള റോഡിൽ പ്രതിഷേധവുമായി ചിലർ കാത്തുനിന്നതിൽ മാത്രമല്ലല്ലോ സുരക്ഷാവീഴ്ച ഉണ്ടായത്. ഈ രണ്ട് മഹാവീഴ്ചകളും എങ്ങനെ സംഭവിച്ചു?


ഇനിയാണ് അടുത്ത കുതൂഹലം. തന്റെ ജീവൻ തിരിച്ചുകിട്ടിയതിൽ പഞ്ചാബ് മുഖ്യമന്ത്രിയെ നന്ദി അറിയിക്കാൻ പ്രധാനമന്ത്രി ചില ഓഫിസർമാരോട് നിർദേശിച്ചതായി എ.എൻ.ഐ പിന്നീട് റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി എന്നാൽ വാക്കുകൊണ്ട് ഉത്തരവിടാൻ അധികാരമുള്ളയാളാണ്. ആ ഉത്തരവ് പാലിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഇങ്ങനെയൊരു കൃതജ്ഞതാ സന്ദേശം കൈപ്പറ്റിയതായി ഇതുവരെ ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ല. മോദിയുടെ ഓഫിസിൽനിന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിക്ക് നേരിട്ട് ഇങ്ങനെയൊരു സന്ദേശം പുറപ്പെട്ടതായും വിവരമില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിലും സുരക്ഷാവീഴ്ചയുടെ കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെടുന്നുണ്ട് എന്നല്ലാതെ പ്രധാനമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണമില്ല. ഒന്നുകിൽ ഈ ജീവാപായത്തിന്റെ കഥ എഴുതിയുണ്ടാക്കിയ റിപ്പോർട്ടർക്കെതിരേ രാജ്യത്തെ സുരക്ഷാസംവിധാനങ്ങളെ അവഹേളിച്ചതിന്റെ പേരിൽ, അല്ലെങ്കിൽ ആ ഉത്തരവ് പാലിക്കാതിരുന്ന ഉദ്യോഗസ്ഥർക്കെതിരേ കൃത്യവിലോപത്തിന്റെ പേരിൽ നടപടി എടുക്കേണ്ടതല്ലേ?


ഈ സംഭവങ്ങളിലെല്ലാം യഥാർഥത്തിൽ ആരാണ് മുഖ്യപ്രതി? ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ബി.ജെ.പിക്ക് കോൺഗ്രസിനെ കുറ്റംപറയാം. ചന്നിയെ മുതൽ നെഹ്‌റുവിനെ വരെ അധിക്ഷേപിക്കാം. മോദിയെ വധിക്കാനുള്ള കോൺഗ്രസ് ഗൂഢാലോചനയെന്ന് ബഹളംകൂട്ടി മൃത്യുഞ്ജയ ഹോമം നടത്താം. അഞ്ചെട്ടു കൊല്ലം മുമ്പുവരെയുള്ള നാട്ടുനടപ്പനുസരിച്ചായിരുന്നുവെങ്കിൽ കുറച്ച് 'ലഷ്‌കറു'കാരെ ഏറ്റുമുട്ടലിൽ കാലപുരിക്കയക്കാം. അതൊക്കെ രാഷ്ട്രീയക്കാരുടെ തിണ്ണമിടുക്ക്. ഇവിടെ പ്രശ്‌നം അതല്ല. പ്രധാനമന്ത്രിയുടെ സുരക്ഷ എന്നുമുതൽക്കാണ് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമായത്? മധ്യപ്രദേശ് മുഖ്യമന്ത്രി മുതൽ അമിത് ഷാ വരെയുള്ളവർ കണ്ണുരുട്ടുന്നത് പഞ്ചാബ് മുഖ്യമന്ത്രിയുടെ നേർക്കാണല്ലോ. പക്ഷേ, 2019 നവംബർ 25നു പാർലമെന്റിൽ പാസാക്കിയ എസ്.പി.ജി നിയമത്തിന്റെ ഭേദഗതി പ്രകാരം അവരുടെ ഒരേയൊരു ചുമതലയായി നിശ്ചയിക്കപ്പെട്ടത് ആരുടെ സംരക്ഷണമാണ്? നിലവിലുള്ള പ്രധാനമന്ത്രിയുടെയും തൊട്ടുമുമ്പെ സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിയുടേതും മാത്രമല്ലേ? മുഖ്യമന്ത്രിമാരുടേതും രാഹുൽ ഗാന്ധിയുടേതുമൊക്കെ എടുത്തുകളഞ്ഞില്ലേ? സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിയുടെ കാര്യത്തിൽ ഉപാധികളോടെയാണ് ഈ സംരക്ഷണമെന്നതും ശ്രദ്ധേയമാണ്. 22 കിലോമീറ്ററുകൾ മാത്രം ദൈർഘ്യമുള്ള ട്രംപിന്റെ വി.വി.ഐ.പി യാത്രക്കു വേണ്ടി ദരിദ്രരുടെ വീടുകളുടെ മുമ്പിൽ മതിൽകെട്ടി മറക്കാനുള്ള ക്വട്ടേഷനുൾപ്പെടെ എത്ര മാസം മുമ്പെയാണ് തയാറെടുപ്പുകൾ തുടങ്ങിയത്? ആ യാത്രയൊക്കെ ഏർപ്പാടാക്കിയ ആളാണോ പഞ്ചാബിൽ മഴ പെയ്യുമോ ഇല്ലേ എന്ന റിപ്പോർട്ട് പോലും കാലാവസ്ഥാ വിഭാഗത്തിൽനിന്ന് ശേഖരിക്കാതെ പൊടുന്നനെ റോഡിലിറങ്ങി യാത്ര നടത്തിയത്? 110 കിലോമീറ്റർ ദൂരം പ്രധാനമന്ത്രിക്ക് റോഡിലൂടെ യാത്രചെയ്യണമെങ്കിൽ ചുരുങ്ങിയത് എത്ര ബറ്റാലിയൻ പൊലിസുകാരെ വിന്യസിക്കേണ്ടിവരും എന്നതിന്റെ എന്തു കണക്കാണ് എസ്.പി.ജി പഞ്ചാബിനു നൽകിയിട്ടുണ്ടാവുക? കാലാവസ്ഥയെയും റോഡിനെയും കർഷകപ്രതിഷേധത്തെ കുറിച്ചുമൊക്കെ വിവരം ശേഖരിക്കുന്നതിന്റെ പ്രാഥമികമായ ഉത്തരവാദിത്വം ആരുടേതായിരുന്നു?


രണ്ട് മുൻ പ്രധാനമന്ത്രിമാരുടെ അനുഭവങ്ങൾ കൂടി ഓർമിപ്പിച്ച് അവസാനിപ്പിക്കാം. ആദ്യത്തെയാൾ ഇന്ദിരാ ഗാന്ധിയാണ്. 1967 ഫെബ്രുവരി ഒമ്പതിന് ഭുവനേശ്വറിനു സമീപം ഒരു തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുക്കാൻ പോയ ഇന്ദിരയെ ജനം കല്ലെറിഞ്ഞു. അവരുടെ മൂക്കിന് ഏറുകൊണ്ട് ചോരയൊഴുകി. പക്ഷേ, സ്റ്റേജിന്റെ പിന്നിലേക്കു പോകാതെ ഇന്ദിരാ ഗാന്ധി മുന്നിൽതന്നെ നിന്ന് ഒരു കൂസലുമില്ലാതെ പ്രസംഗിച്ചു, എന്നെ കൊന്നേയെന്ന് നിലവിളിക്കാതെ. മേബാക്ക് ബെൻസ് കാറിലൊന്നുമായിരുന്നില്ല ഇന്ദിര സഞ്ചരിക്കാറുണ്ടായിരുന്നതെന്നുമോർക്കുക. ഇനിയുണ്ട്, കല്ലെറിയപ്പെട്ട മറ്റൊരു പ്രധാനമന്ത്രി കൂടി. സാക്ഷാൽ അടൽ ബിഹാരി വാജ്‌പേയി. പ്രസിദ്ധമായ തന്റെ സാദായെ സർഹദ് ബസ് യാത്രയ്ക്കൊടുവിൽ അതിർത്തിയിൽനിന്ന് ലാഹോറിലേക്ക് പോകാൻ നവാസ് ശരീഫും വാജ്‌പേയിയും നേരത്തെ തീരുമാനിച്ചിരുന്നില്ല. വാഗ അതിർത്തി വരെ യാത്ര ചെയ്യാനായിരുന്നു ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥൻമാർ തമ്മിലുണ്ടാക്കിയ ധാരണ. 'വാതിൽവരെയും വന്നില്ലേ അകത്തേക്കു കയറിക്കൂടേ' എന്ന ശരീഫിന്റെ അഭ്യർഥനയ്ക്ക് വഴങ്ങിയാണ് വാജ്‌പേയി സ്വന്തം നിലയിൽ തീരുമാനമെടുത്ത് ലാഹോറിലേക്കു പോയത്. അപ്രതീക്ഷിതമായ ഈ യാത്രയിൽ വലിയൊരു സുരക്ഷാവീഴ്ച സംഭവിക്കുകയുണ്ടായി. നഗരത്തിലെത്തിയ വാജ്‌പേയിയുടെ വാഹനവ്യൂഹത്തിനു നേർക്ക് ലാഹോർ യൂനിവേഴ്‌സിറ്റിയിലെ ഏതാനും വിദ്യാർഥികൾ കല്ലെറിഞ്ഞു. അന്ന് വൈകിട്ട് ഇന്ത്യയുടെ ചെങ്കോട്ടക്ക് തുല്യമായ പാകിസ്താനിലെ ശാഹി ഖിലയിൽ ആ രാജ്യത്തിന്റെ സ്വീകരണം ഏറ്റുവാങ്ങുന്നതിനിടെ വാജ്‌പേയി അവിടുത്തെ പൊലിസ് മേധാവി ശൗക്കത്ത് ജാവേദിനെ ആശ്വസിപ്പിക്കാനായി അരികിലേക്ക് വിളിപ്പിച്ചു. നാണക്കേടുകൊണ്ട് ക്ഷമ ചോദിച്ച അദ്ദേഹത്തോട് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു. സാരമില്ല. ഇതൊക്കെ ഞങ്ങളുടെ നാട്ടിലും സംഭവിക്കാറുണ്ട്.


രാഷ്ട്രീയം അതാണ്. റോഡിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ആ കർഷകരുടെ മുന്നിൽചെന്ന് അവരോട് തനിക്ക് വഴിമാറിത്തരാൻ പറയുകയായിരുന്നു മോദി ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ റേഡിയോയിലൂടെയും മൈക്കിലൂടെയുമല്ലാതെ ജനക്കൂട്ടത്തോട് സംസാരിച്ച പ്രധാനമന്ത്രി ആവുമായിരുന്നു അദ്ദേഹം. റാലിയിൽ തോറ്റതിനു പാലത്തിൽനിന്ന് മടങ്ങിയ പ്രധാനമന്ത്രിയെന്ന ചീത്തപ്പേര് കേൾക്കേണ്ടി വരുമായിരുന്നില്ല. തടയാൻ ശ്രമിക്കുന്ന കർഷകരുടെയും ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരുടെയും പാർലമെന്റിൽ പ്രമേയങ്ങൾ കൊണ്ടുവരുന്ന പ്രതിപക്ഷത്തിന്റെയും മുന്നിലൂടെ നെഞ്ചുവിരിച്ചുതന്നെ നടന്നുപോകാനാണ് പ്രധാനമന്ത്രിമാർ പഠിക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  14 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  14 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  14 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  15 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  15 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago