കാംപസുകൾ ഉന്മാദം പൂത്ത പ്രണയമണ്ഡപങ്ങളോ ?
അബ്ദുല്ല ശുഐബ്
അമേരിക്കൻ ഫെമിനിസ്റ്റ് കെയ്റ്റ് മില്ലറ്റിന്റെ Sexual politics എന്ന രചന 1970ൽ പുറത്തിറങ്ങിയതിനു ശേഷമാണ് ലൈംഗിക രാഷ്ട്രീയ സിദ്ധാന്തങ്ങൾ ലോകരാഷ്ട്രീയത്തിലെ പ്രധാന ചർച്ചയാവുന്നത്. ആണധികാര ലോകഘടനയെ എതിർത്ത് ലിംഗസമത്വമുറപ്പിക്കാനുള്ള രാഷ്ട്രീയായുധം സാമ്പത്തിക, സാംസ്‌കാരിക ഉപകരണങ്ങളല്ല, മറിച്ച് ശാരീരികതയുടെ സാധ്യതകൾ തന്നെയാണെന്ന അതുവരെ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ വീക്ഷണത്തിന് പടിഞ്ഞാറൻ ലോകത്ത് വൻ സ്വീകാര്യത തന്നെ ലഭിച്ചു. പ്രണയത്തിന് ലിംഗഭേദമില്ലെന്ന തലക്കെട്ടോടെ കേരളത്തിലെ ക്യാംപസുകളിൽ എസ്.എഫ്.ഐ നടത്തുന്ന ലൈംഗികരാഷ്ട്രീയം വരെ എത്തിനിൽക്കുന്നു ആ ചിന്താഗതിയുടെ സ്വാധീനം. 'ലോകം ഉറങ്ങുകയായിരുന്നു, കേറ്റ് മില്ലറ്റ് അതിനെ ഉണർത്തി' എന്നാണ് പ്രസ്തുത കൃതി വാഴ്ത്തപ്പെട്ടത്.
നിലനിൽക്കുന്ന സാമൂഹിക ഘടനക്കെതിരായ ലൈംഗിക കലാപാഹ്വാനങ്ങളായിരുന്നു അതിൽ നിറയെ. യൂറോപ്പ്, പ്രത്യേകിച്ച് സ്‌കാണ്ടിനോവിയൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന ലൈംഗികരാഷ്ട്രീയം സത്യാനന്തരകാല സാമൂഹികഘടനയും വിവരസാങ്കേതിക വിപ്ലവങ്ങൾ വഴി ആർജിച്ച ദൃശ്യതയും വഴി അമേരിക്ക, കിഴക്കനേഷ്യൻ രാജ്യങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കും പടർന്നു. പ്രകൃതിവിഭവങ്ങളുടെ ചൂഷണങ്ങളേക്കാൾ ലാഭകരമായ വ്യാപാരമായി ലൈംഗികതയെ പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങളായി ജെൻഡർ രാഷ്ട്രീയത്തിന് പിന്നീട് ഗതിമാറ്റം സംഭവിച്ചു. ലൈംഗികതയെ ജൈവികമായ ഉപാപജയ പ്രക്രിയ എന്നതിലുപരി അതിന്റെ വിനോദവ്യവസായ സാധ്യത സൈദ്ധാന്തികമായി അവതരിപ്പിക്കപ്പെട്ടു. 1990കളിൽ പുറത്തുവന്ന ക്വിയർ തിയറി പിന്നീട് ജനാധിപത്യ സംവിധാനങ്ങളെ ആധുനികം/അനാധുനികം എന്ന് രണ്ടാക്കാൻ മാത്രമുള്ള ശക്തിയാർജിച്ചു. അങ്ങേയറ്റം പ്രകൃതിവിരുദ്ധമായ സിദ്ധാന്തമായിരുന്നു അത്.
മഴവില്ലിലെ വർണരാജിയിലെ നിറങ്ങളെപ്പോലെ എതിർവർഗപ്രണയിക്കും സ്വവർഗപ്രണയിക്കുമിടയിൽ പലതരം ലൈംഗികാഭിനിവേശങ്ങളുണ്ട്. അവയെ മൊത്തത്തിൽ വിളിക്കുന്ന പേരാണ് ക്വിയർ. അതനുസരിച്ച്, ഋതുമതിത്വം പ്രാപിക്കുന്ന ഒരാൾ തന്റെ ലൈംഗികമായ മനോനിലയനുസരിച്ച് ഇഷ്ടമുള്ള ലിംഗത്തിലേക്ക് മാറുകയാണു ചെയ്യുക. അതൊരുപക്ഷേ, ഉടലിനെ തന്നെ ഉടച്ചുകളഞ്ഞോ, വേഷഭേദം വരുത്തിയോ, അല്ലാതെയോ ആവാം. ഇതേ രാഷ്ട്രീയ ഏജൻസികൾ കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്ന ന്യൂട്രൽ ജെൻഡർ ആശയങ്ങൾ അതിന്റെ ബാക്കിയായി വായിക്കപ്പെടണം. അത് ചിലയിടങ്ങളിൽ ഭാഷയിലെ സർവനാമങ്ങൾ മുതൽ ശൗച്യാലയങ്ങൾ വരെ ന്യൂട്രലാക്കി പരാജയപ്പെട്ടതാണ്. ആ വഴിയിലാണ് ഇവിടെ പള്ളിക്കൂട വസ്ത്രത്തിൽ ലിംഗാതീത സങ്കൽപ്പം തുടങ്ങിയത്. പിന്നീട് ഭരണനിർവഹണ കാര്യാലയങ്ങളിലും കലാലയങ്ങളിലും സ്ത്രീകളെ വേറിട്ടു നിർത്തുന്ന പദാവലികൾ വേണ്ടെന്ന കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടു. അതിന്റെ ചുറ്റുവട്ട ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് കാംപസുകളിൽ ലിംഗാതീത പ്രണയ സങ്കൽപ്പത്തിനു വേണ്ടി കൊടികളുയരുന്നത്.
നിയോലിബറലിസം മുന്നോട്ടുവയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യ വാദമാണ്. സ്വതന്ത്രചിന്തയുടെ രാഷ്ട്രീയമാണത്. സാമൂഹികവും അധികാരപരവുമായ സ്ഥാപനങ്ങൾക്കോ മനുഷ്യാതീതമായ കാഴ്ചപ്പാടുകൾക്കോ ഏതൊരു വ്യക്തിയുടെയും കർമധർമങ്ങളുടെ ധാർമികത നിർവചിക്കാനോ അവയെ മൂല്യനിർണയം നടത്താനോ അർഹതയില്ല എന്ന സാക്ഷാൽ അരാഷ്ട്രീയവാദമാണ് ആ രാഷ്ട്രീയം.
ഇസ്‌ലാം അടക്കമുള്ള മതങ്ങൾക്കെതിരായതിനാൽ പ്രകോപന രാഷ്ട്രീയത്തിന്റെ വരട്ടുചൊറി ബാധിച്ച എസ്.എഫ്.ഐ പാഷാണമെടുത്ത് പലഹാരമാക്കി നുണയുമ്പോൾ മലർന്നുകിടന്ന് തുപ്പുകയാണ്. കാരണം, വ്യക്തിനിഷ്ഠമായ അധികാരത്തെയും ധർമവചനങ്ങളെയും സ്വകാര്യസ്വാതന്ത്ര്യങ്ങളെയും വകവച്ചു കൊടുക്കാത്ത, അധികാരം സ്റ്റേറ്റിൽ നിക്ഷിപ്തമായ രാഷ്ട്രീയഘടനയാണ് കമ്മ്യൂണിസം. വേരുകളിൽ നിന്നടർന്ന് മറ്റൊരു കാടായി മാറിയ പുതിയ കുട്ടികൾ ഇവിടെ വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുമ്പോൾ കമ്മ്യൂണിസ്റ്റ് ചൈനയിൽ ക്രിസ്മസ് നിരോധിക്കപ്പെട്ട ബഹളമായിരുന്നു, അതിനപ്പുറത്ത് ഉത്തര കൊറിയയിൽ പത്തു ദിവസം മനുഷ്യർക്ക് ചിരിക്കാൻ പോലും അവകാശമുണ്ടായിരുന്നില്ല. അവിടെയാണ് മായംകലരാത്ത ശുദ്ധകമ്മ്യൂണിസം ബാക്കിയുള്ളത് എന്നുവേണം മനസിലാക്കാൻ. കൃത്രിമ ലൈംഗികതയെ ജനാധിപത്യപരമായി ഉൾക്കൊള്ളുന്നതിനപ്പുറം ക്വിയർ സമൂഹം പോലും ആവശ്യപ്പെടാത്തത്ര വിസിബിലിറ്റി നൽകുന്നത് സദുദ്ദേശ്യപരമല്ല. ക്യാപിറ്റൽ ലിബറലിസം കൊല്ലുംമുമ്പ് ഇടത് വിദ്യാർഥിത്വം ചത്തുപോയി എന്ന് പറയുന്നതാവും ഉചിതം.
ക്വിയർ അഭിവാഞ്ജ ഉള്ളവരെ ജനാധിപത്യപരമായി ഉൾക്കൊള്ളുന്നതിനോ അവരർഹിക്കുന്ന മാനുഷികയിടം വകവച്ചുകൊടുക്കുന്നതിനോ ആരും എതിരല്ല. അത്തരം മനോഘടന കൃത്രിമമോ അടിച്ചേൽപ്പിക്കപ്പെടുന്നതോ ആണെന്ന മറുവാദമാണ് ശാസ്ത്രീയമായി പ്രബലം. ഇത്തരം മാംസനിബദ്ധ രാഷ്ട്രീയവും കാമോക്‌സൈഡ് വിപ്ലവങ്ങളും മാനുഷികതയ്ക്ക് എതിരായതിനാലാണ് സാമാന്യ മനുഷ്യർ അതിനെ എതിർക്കുന്നത്. മുസ്‌ലിംകളാണ് തങ്ങളെ ഇക്കാര്യത്തിൽ വല്ലാതെ എതിർക്കുന്നത് എന്ന പരിഭവം എസ്.എഫ്.ഐ പങ്കുവയ്ക്കുന്നുണ്ട്. മനുഷ്യരെ ഘട്ടംഘട്ടമായി കേവലം രാസതരംഗങ്ങൾ നിയന്ത്രിക്കുന്ന മുന്തിയ മൃഗം മാത്രമാക്കുന്ന ഒച്ചപ്പാടുകളെ കാഴ്ചപ്പാടുള്ളവർ എതിർത്തിരിക്കും.
സത്യത്തിൽ, രാഷ്ട്രീയ ദിശാബോധമുള്ള ഇടതുപക്ഷ വിദ്യാർഥിത്വത്തെ ഇന്ത്യ എന്ന ആധുനിക യാഥാർഥ്യം തേടുന്നു. രാജ്യത്ത് മുസ്‌ലിം പെൺകുട്ടികൾക്ക് വാടക നിശ്ചയിക്കുന്ന അനാശ്യാസ സൈബർ ബുള്ളിങ്ങും ബോഡി ഷെയ്മിങ്ങും നടക്കുമ്പോഴാണ് അവർ പെൺകുട്ടികൾക്ക് ലെസ്ബിയൻ പൈങ്കിളികൾ ചൊല്ലിക്കൊടുക്കുന്നത്. മുസ്‌ലിം പെൺകുട്ടികളുടെ ഫ്‌ളാഷ്‌മോബിനും വത്തക്കസമരത്തിനും കാവൽനിന്ന, ചേലാകർമത്തിനെതിരേ സമരം നടത്തിയ, സാമ്പ്രദായിക ഇസ് ലാമിനെ പ്രതിക്കൂട്ടിലാക്കുന്ന കിതാബിലെ കൂറകൾക്ക് തീറ്റകൊടുത്ത എസ്.എഫ്.ഐക്ക് അന്ന് മുസ്‌ലിം പെൺകുട്ടികൾക്ക് കടലോളം കരുതലൊരുക്കിയതിന്റെ സ്ഥാനത്ത് ഇപ്പോൾ ഒരു കടലമണിയുടെ പോലും പെങ്ങൾസ്‌നേഹമില്ലേ?
അവരിപ്പോൾ വംശീയ വലതിന്റെയും അരാഷ്ട്രീയ ഇടതിന്റെയും സംയുക്തമാണ്. മറ്റൊരർഥത്തിൽ, ഈ കൈവിട്ട കളികൾ ദോഷം ചെയ്യുന്നത് മുസ്‌ലിംകളേക്കാൾ അവർണ ഹൈന്ദവരെയും ക്രൈസ്തവരെയുമായിരിക്കും. കാരണം ബദൽ പ്രത്യയശാസ്ത്രങ്ങളുടെയും ആനന്ദദായിയായ ആത്മീയ പ്രണയങ്ങളുടെയും സാധ്യതകൾ മുസ്‌ലിംകൾക്കിടയിൽ ജനകീയമാണ്. അവധാനതയുള്ള എക്‌സ് മുസ്‌ലിംസ് വരെ ഈ ഇടതു ഗജുരാവോ പ്രദർശനങ്ങളെ തള്ളിപ്പറയുന്നുണ്ട്. അടിസ്ഥാനപ്രശ്‌നം പ്രണയത്തെ ലിംഗാതീതമാക്കിയതല്ല. കാംപസുകളുടെ പ്രതിസ്വരങ്ങളിൽ ലൈംഗികത കലർത്തുന്നതാണ്. ജനനേന്ദ്രിയം കാണിച്ച് നടക്കുന്ന മദ്യപരെ പോലും പൊലിസ് പൊക്കുന്ന നാട്ടിൽ ജനനേന്ദ്രിയങ്ങളുടെ കലാപ്രദർശനം വിപ്ലവമാകുന്നതിന്റെ പേര് വിപ്ലവം എന്നാക്കാം. പക്ഷേ, കേവലം ലൈംഗികവിപ്ലവം മാത്രം.
പ്രണയത്തിന് ലിംഗഭേദമില്ല എന്ന പ്രയോഗം തന്നെ അവരുടെ സന്ദേശത്തെ റദ്ദ് ചെയ്യുന്നതാണ്. പ്രണയത്തിന് ലിംഗഭേദമില്ല എന്നതിനു പകരം എന്തുകൊണ്ടാണ് പ്രണയത്തിന് യോനീഭേദമില്ല എന്നു പറയാനാവുന്നില്ല എന്നതിലുണ്ട് ഉത്തരങ്ങൾ. പ്രണയത്തിൽ ഇനീഷ്യേറ്റീവ് റോൾ ലിംഗമുള്ളവർക്കാണെന്ന വൽസ്യായന കാമശാസ്ത്രം തന്നെയാണോ ആധുനികം? അവിടെ ലിംഗം എന്നത് ജഡികമല്ല, ന്യൂട്രൽ ഭാഷ്യമാണെന്നാണ് മറുപടിയെങ്കിൽ ഭാഷയിലെ പുരുഷകേന്ദ്രീകൃത പ്രയോഗങ്ങളെ ജെൻഡർ ന്യൂട്രാലിറ്റിക്കാർ എന്തിനു നിലനിർത്തുന്നു? പേരെങ്കിലും ഒന്നാക്കിയ ശേഷം പോരേ എല്ലാം ഒന്നാണെന്നാക്കാനുള്ള പോര്?
ഗൂഗിളിൽ വെറുതെ അണ്ഡത്തിന്റെയും ബീജത്തിന്റെയും കാർട്ടൂൺ ചിത്രങ്ങളും ആനിമേഷൻ വിഡിയോകളും നോക്കിയാലും ന്യൂട്രാലിറ്റിവാദങ്ങളുടെ നൈസർഗികഭംഗം മനസിലാക്കാം. അണ്ഡം തലമുടിയിൽ റിബൺ കെട്ടിയ പെണ്ണും ബീജം അണ്ഡത്തിനു പ്രണയം കൈമാറാൻ ഓടുന്ന ആണുമാണ്. ഗർഭപാത്രത്തിനുള്ളിലേക്ക് ക്വിയർ തിയറിക്ക് നീളാൻ കഴിയാത്തതിനെ ചുരുങ്ങിയത് അതിന്റെ അപൂർണതയായെങ്കിലും ഗണിക്കേണ്ടിവരും. അവർ പറയുന്ന ന്യൂട്രാലിറ്റി ഏതുഘട്ടം മുതലാണ് തുടങ്ങുന്നത് എന്നതിനോ ഏതു പ്രായത്തിലാണ് ഐഡന്റിറ്റി നിർണയം യുക്തിസഹമാവുക എന്നതിനോ വ്യക്തമായ ഉത്തരങ്ങളില്ല. ഏറ്റവും പുതിയ ന്യൂറോസയൻസിന്റെ പഠനങ്ങൾ പ്രകാരം ബൗദ്ധിക പ്രായപൂർത്തിക്ക് 40 വയസാണ് ആവശ്യമാവുന്നത്. ലോകരാജ്യങ്ങളിൽ 12 വയസ് മുതൽ 21 വരെ വ്യത്യസ്തമാണ് ഫ്രീ വിൽ പ്രായഘടന. ക്വിയർ തിയറിക്ക് ആഗോളതലത്തിൽ പ്രായോഗിക ഏകീകരണം അസാധ്യമാണ്. ജെൻഡർ ഫ്‌ളൂയിഡിറ്റി എന്ന മനോരോഗമാവും എസ്.എഫ്.ഐ ഇക്കാര്യത്തിൽ ജയിച്ചാൽ കാംപസുകളിൽ ബാക്കിയുണ്ടാവുക. നവാഗതരെ സ്വീകരിക്കാൻ തുണിയുരിഞ്ഞും വ്യക്തിസ്വാതന്ത്ര്യം കാണിക്കാൻ സ്വയംഭോഗാചരണദിനം ആഘോഷിച്ചും കേരളത്തിന് ബാധ്യതയാവുന്ന വിദ്യാർഥി പ്രസ്ഥാനത്തിന് രചിക്കപ്പെടുന്ന ചരമഗീതമാവും ഇപ്പോൾ അവരുയർത്തുന്ന പ്രാസവാക്യങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."