ജനാധിപത്യ അട്ടിമറി ജനം ചെറുക്കണം
അമേരിക്കന്‍ ഐക്യനാടുകളുടെ പാര്‍ലമെന്റ് മന്ദിരമാണ് യുനൈറ്റഡ് സ്റ്റേറ്റ്‌സ് കാപിറ്റോള്‍ ഹില്‍. യുനൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസിന്റെ ആസ്ഥാനവും യു.എസ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ നിയമനിര്‍മാണ സഭയും ഇതാണ്. യു.എസ് തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയിലെ ഒരു ചെറുകുന്നിന്‍ മുകളില്‍ സ്ഥിതിചെയ്യുന്ന കാപിറ്റോള്‍ ഹില്‍ അമേരിക്കയുടെ അഭിമാന മന്ദിരങ്ങളില്‍ ഒന്നാണ്. 1800 ല്‍ നിര്‍മാണം പൂര്‍ത്തിയായ തൂവെള്ള കെട്ടിടത്തില്‍ ഇന്നലെ ട്രംപ് അനുകൂലികള്‍ അഴിഞ്ഞാടി. ലോകത്തെ സുശക്തമായ സംവിധാനങ്ങള്‍ ഉണ്ടെന്ന് എക്കാലത്തും അവകാശപ്പെടുന്ന യു.എസിന്റെ ജനാധിപത്യ ചരിത്രത്തിനുമേല്‍ കളങ്കം ചാര്‍ത്തിയാണ് 45ാം പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപും കൂട്ടരും അധികാരം ഒഴിയുന്നത്.
തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനെ യു.എസ് പ്രതിനിധിസഭ ഇന്നലെ അമേരിക്കയുടെ 46ാമത് പ്രസിഡന്റായി അംഗീകരിച്ചെങ്കിലും ഇപ്പോഴും പരാജയം അംഗീകരിക്കാതെ ട്രംപ് ഭീഷണിയുമായി രംഗത്തുണ്ട്. ബിസിനസുകാരനായ ഡൊണാള്‍ഡ് ട്രംപിന്റെ അധികാരക്കൊതിയാണ് ഇന്ന് അമേരിക്കയെ ലോകത്തിനു മുന്നില്‍ കോമാളി വേഷം കെട്ടിക്കുന്നത്. ബരാക് ഒബാമയ്ക്കുശേഷം യു.എസ് തെരഞ്ഞെടുത്ത ഡൊണാള്‍ഡ് ട്രംപിനെ ഇക്കഴിഞ്ഞ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനം കൈയൊഴിഞ്ഞെങ്കിലും പരാജയം അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു ട്രംപ്.
തന്റെ അനുയായികളെ ഉപയോഗിച്ച് ട്രംപ് നടത്തുന്ന നാടകം അമേരിക്കയ്ക്ക് അപമാനമാണ്. അവിടത്തെ ജനത ട്രംപിനെ വോട്ടുചെയ്ത് ജയിപ്പിച്ചതിന്റെ ഫലമാണ് ആ രാജ്യം നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധി. എപ്പോഴും തങ്ങളുടെ യുക്തിയും ദേശീയബോധവും വികസന കാഴ്ചപ്പാടുകളും മാത്രം മുന്‍നിര്‍ത്തി വോട്ടു ചെയ്യുന്നവരായിരുന്നു യു.എസ് ജനത. അമേരിക്കയുടെ പ്രസിഡന്റുമാരെല്ലാം ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപിനെ തെരഞ്ഞെടുത്തതില്‍ യു.എസ് ജനതയ്ക്ക് തെറ്റുപറ്റി എന്നു തന്നെയാണ് ഇപ്പോള്‍ വാഷിങ്ടണില്‍ നിന്നുള്ള കാഴ്ചകള്‍ വ്യക്തമാക്കുന്നത്.
പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ ചുമതലയേല്‍ക്കേണ്ട ജനുവരിയില്‍ ഭരണം അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് ഒടുവില്‍ ട്രംപ് അനുകൂലികളുടെ നീക്കം കലാശിച്ചത്. തന്നെ അട്ടിമറിക്കാന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ശ്രമമാണ് കാപിറ്റോള്‍ മന്ദിരത്തില്‍ നടന്നതെന്നായിരുന്നു ട്രംപ് പറഞ്ഞത്. ജനുവരി ആറിന് വാഷിങ്ടണ്‍ ഡി.സിയില്‍ ഉഗ്രപ്രക്ഷോഭം നടക്കുമെന്നും എല്ലാവരും അവിടെയുണ്ടാകണമെന്നും ഡിസംബര്‍ 20 ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ട്രംപ് ആസൂത്രണം ചെയ്ത അഴിഞ്ഞാട്ടമാണ് യു.എസ് ഭരണ സിരാകേന്ദ്രത്തില്‍ നടന്നത് എന്നതിന്റെ തെളിവാണിത്.
എന്നാല്‍ ഒടുവില്‍ ഭരണം കൈമാറാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ട്രംപ് രംഗത്തെത്തി. കാപിറ്റോള്‍ മന്ദിരത്തില്‍ അഴിഞ്ഞാടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടതിന്റെ നാണക്കേടിനു പിന്നാലെ യു.എസ് കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ബൈഡന്റെ വിജയം പ്രഖ്യാപിക്കുകയും ചെയ്തതോടെയാണിത്. ഇതിനു പിന്നാലെ ക്രമപ്രകാരമുള്ള ഭരണ കൈമാറ്റം അംഗീകരിക്കുമെന്ന് ട്വീറ്റ് ചെയ്ത ട്രംപ് താനിവിടെയൊക്കെ കാണുമെന്നും അറിയിച്ചു. 2024 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപ് രാഷ്ട്രീയത്തില്‍ തുടരുമെന്ന് പറയുന്നത്. ജനുവരി 20 നാണ് പുതിയ യു.എസ് പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കേണ്ടത്. അതിനു താന്‍ ഒരുക്കമാണെന്നാണ് ഇപ്പോള്‍ ട്രംപ് പറയുന്നത്. അമേരിക്കയെ മഹത്തരമാക്കുന്നതിനുള്ള പോരാട്ടം താന്‍ തുടരുമെന്നും ഇതു തുടക്കമാണെന്നുമാണ് ട്രംപ് പറയുന്നത്.
ട്രംപ് അനുകൂലികള്‍ അഴിഞ്ഞാടി അലങ്കോലമാക്കിയ യു.എസ് കാപിറ്റോള്‍ ഹില്ലിലെ ജനപ്രതിനിധിസഭയില്‍ സമ്മേളനം ചേര്‍ന്നാണ് ജോ ബൈഡനെ പ്രസിഡന്റായി തെരഞ്ഞെടുത്തത് എന്നതും ചരിത്രമാണ്. ഈ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ട 270 ഇലക്ട്രറല്‍ വോട്ട് നേടാന്‍ ബൈഡന് വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല. 306 വോട്ടുകള്‍ ബൈഡന് ലഭിച്ചപ്പോള്‍ ട്രംപിന് 232 വോട്ടുകള്‍ നേടി തൃപ്തിപെടേണ്ടി വന്നു. ഇതിനു പിന്നിലാണ് ട്രംപ് അധികാരം കൈമാറാമെന്ന നിലപാടിലേക്ക് അയഞ്ഞത്.
അമേരിക്കയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത അധികാരപോരാട്ടവും വിഴുപ്പലക്കലും നാണക്കേടുകളുമാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദൃശ്യമായത്. ലോകത്തെ ഏറ്റവും വലിയ ശക്തിയെന്ന് അവകാശപ്പെടുന്ന, ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യമെന്ന് ഊറ്റം കൊള്ളുന്ന ഒരു രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തില്‍, നിയമനിര്‍മാണ സഭയില്‍ കൈയൂക്കുള്ളവര്‍ക്ക് കാര്യക്കാരാകാം എന്ന ദുഃസൂചന ഇന്നലെ അരങ്ങേറിയ സംഭവ വികാസങ്ങള്‍ക്കുണ്ട്. ഒരു കൂട്ടം ആളുകള്‍ക്ക് ഭരണ സംവിധാനത്തെയും സുരക്ഷാ സംവിധാനങ്ങളെയും നിഷ്‌ക്രിയമാക്കി അഴിഞ്ഞാടാന്‍ കഴിഞ്ഞു എന്ന തീവ്ര വലതുപക്ഷ ചിന്താഗതിയും ആപത്തിന്റെ ആഴം കാണിച്ചു തരുന്നുണ്ട്.
ലോകത്ത് പല രാജ്യങ്ങളിലും ഇത്തരം ഭീഷണിയുണ്ട്. ജനാധിപത്യ വാദികളെന്നും ദേശസ്‌നേഹികളെന്നുമുള്ള ബാനറില്‍ ജനങ്ങളെ നോക്കുകുത്തിയായി ഇത്തരക്കാര്‍ അഴിഞ്ഞാടുന്നതിന്റെ രാഷ്ട്രീയം നോക്കാതെ വിമര്‍ശിക്കപ്പെടേണ്ടതാണ്. യു.എസില്‍ ദേശസ്‌നേഹം തുളുമ്പുന്ന മുദ്രാവാക്യങ്ങളാണ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പാടിപ്പുകഴ്ത്തിയത്. ഇത്തരം മുദ്രാവാക്യങ്ങളില്‍ ആകൃഷ്ടരായാണ് കഴിഞ്ഞ തവണ ട്രംപിനെ യു.എസ് ജനത ജയിപ്പിച്ചതും. വംശീയതയും വിദ്വേഷവും ആളിക്കത്തിച്ചുണ്ടാക്കിയ ഊര്‍ജത്തിലാണ് രാഷ്ട്രീയത്തില്‍ പരിചയം പോലുമില്ലാത്ത ട്രംപിന് യു.എസ് പ്രസിഡന്റാകാന്‍ വഴിയൊരുങ്ങിയത്. എന്നാല്‍ പിന്നീടുണ്ടായ അനുഭവം വ്യത്യസ്തമായിരുന്നു. അതാണ് ബൈഡനെ വലിയ ഭൂരിപക്ഷത്തോടെ ഇത്തവണ വൈറ്റ് ഹൗസിലെത്തിച്ചത്.
ട്രംപ് അനുകൂലികള്‍ അവരുടെ പാര്‍ലമെന്റില്‍ അക്രമം അഴിച്ചുവിടുമ്പോള്‍ അനുകൂലിച്ച് പുറത്ത് എത്തിയ സംഘത്തിലെ അജ്ഞാതര്‍ ഇന്ത്യയുടെ ദേശീയ പതാക വീശിയതും ഇന്ത്യക്കാരെ നാണം കെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്. ഒരു സംഘം നിയമം കൈയിലെടുത്ത് ഒരു പരമാധികാര രാജ്യത്തിന്റെ പാര്‍ലമെന്റ് ആക്രമിക്കുമ്പോഴാണ് ഇതെന്ന് ഓര്‍ക്കുക. ഇതിനു പിന്നില്‍ ഇന്ത്യക്കാര്‍ ഉണ്ടെങ്കില്‍ അവരെ ഇന്ത്യന്‍ മണ്ണിലെത്തിച്ച് വിചാരണ നടത്താനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം. വിദേശത്ത് രാജ്യത്തെ അപമാനിച്ചവരാണിവര്‍. ഇത്തരം അഴിഞ്ഞാട്ടം ഒരു രാജ്യത്തും അനുവദിച്ചുകൂടാ.
തുര്‍ക്കിയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ചവരെ അന്നാട്ടിലെ ജനങ്ങള്‍ നേരിട്ടത് നാം കണ്ടതാണ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു തന്നെയാണ് ഭരിക്കാനുള്ള യോഗ്യത. ട്രംപ് ഇത്രനാള്‍ യു.എസ് ഭരിച്ചതും ആ ആനുകൂല്യത്തിലാണ്. ജനവിധി അംഗീകരിക്കാന്‍ തയാറല്ലാത്ത ഏതൊരു ഭരണാധികാരിയെയും അവരുടെ അണികളെയും രാജ്യവും പൗരന്മാരും ചെറുത്തു തോല്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."