തെരഞ്ഞുടുപ്പിലെ തോല്‍വി; കോഴിക്കോട് സൗത്ത് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പിരിച്ചുവിട്ടു; കളമശ്ശേരിയിലെ തോല്‍വിയില്‍ ജില്ലാ പ്രസിഡന്റിനു ശാസന
കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പിരിച്ചുവിട്ടതായി മുസ്ലിം ലീഗ് ആക്ടിംഗ് സെക്രട്ടറി പി.എം.എ സലാം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സൗത്ത് മണ്ഡലത്തില്‍ മുസ്ലിം ലീഗിനുണ്ടായത് അപമാനകരമായ പരാജയമാണ്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നാണ് പാര്‍ട്ടി നിയോഗിച്ച അന്വേഷണകമ്മീഷന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും വൈകാതെ പുതിയ കമ്മിറ്റി നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
കളമശ്ശേരി മണ്ഡലത്തിലും അച്ചടക്ക ലംഘനമുണ്ടായി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് തന്നെയാണ് ഈ അച്ചടക്ക ലംഘനത്തിന് നേതൃത്വം നല്‍കിയതെന്നും കമ്മിഷന്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ പാണക്കാട്ടേക്കു വിളിച്ചുവരുത്തി പാര്‍ട്ടി ശാസിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം മാപ്പപേക്ഷ നല്‍കി. അത് പാര്‍ട്ടിക്ക് ബോധ്യമായതിനാല്‍ നടപടികള്‍ ഇതോടെ അവസാനിപ്പിച്ചു. മണ്ഡലത്തിലെ വിഭാഗീയമായ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുകയും നിലവിലെ കമ്മിറ്റി വിപുലീകരിച്ചതായും അദ്ദേഹം പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ മുസ്‌ലിം ലീഗ് പ്രക്ഷോഭം ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ മാസം 27ന് തൃശൂര്‍ ഒഴികെയുള്ള ജില്ലകളില്‍ കലേ്രക്ടറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. തൃശൂരില്‍ നേരത്തെ മാര്‍ച്ച് നടത്തിയിരുന്നു. കണ്ണൂരില്‍ രാപ്പകല്‍ സമരം സംഘടിപ്പിക്കും. ഫെബ്രുവരിയില്‍ നിയമസഭാ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് പ്രക്ഷോഭത്തില്‍ സമസ്തയുടെ നിലപാട് പറയേണ്ടത് അവരാണ്. മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടി ആണ്. ചിലപ്പോള്‍ മതസംഘടനകളുടെ പിന്തുണയുണ്ടാവാറുണ്ട്. ചിലപ്പോഴൊക്കെ മതസംഘടനകള്‍ സ്വന്തം നിലയിലും നിലപാടെറുക്കാറുണ്ട്. അത് ലീഗിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."