കായികവകുപ്പിന്റെ പുതുവര്‍ഷ സമ്മാനം; ആര്യശ്രീക്ക് സ്വപ്‌ന സാക്ഷാത്കാരം
തിരുവനന്തപുരം: ദേശീയ ഫുട്‌ബോള്‍ താരം ആര്യശ്രീയുടെ സ്വന്തമായി വീടെന്ന സ്വപ്നം പൂവണിഞ്ഞു. കായിക വകുപ്പ് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം മന്ത്രി ഇ.പി ജയരാജന്‍ ഇന്ന് നിര്‍വഹിക്കും. 10 ലക്ഷം രൂപ ചെലവിലാണ് കാസര്‍കോട് ബങ്കളത്ത് താരത്തിനായി കായികവകുപ്പ് വീട് ഒരുക്കിയത്. രണ്ടു മുറികള്‍, ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ എന്നീ സൗകര്യങ്ങളോടെ 920 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് വീട്.
അഞ്ചു തവണ കേരളത്തിനു വേണ്ടി കളിച്ച ആര്യശ്രീ 2018ല്‍ സബ് ജൂനിയര്‍ വനിതകളുടെ സാഫ് ഗെയിംസില്‍ സ്വര്‍ണം ചൂടിയ ഇന്ത്യന്‍ ടീമംഗമായിരുന്നു. മംഗോളിയയിലും ഭൂട്ടാനിലും നടന്ന വനിതകളുടെ ഏഷ്യന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിലും ജഴ്‌സിയണിഞ്ഞു.
ആര്യശ്രീയുടെ അച്ഛന്‍ ഷാജു ലോട്ടറി വില്‍പ്പനക്കാരനാണ്. അമ്മ ശാലിനിക്ക് കൂലിപ്പണിയും. തെക്കന്‍ ബങ്കളം രാങ്കണ്ടത്ത് ശാലിനിയുടെ അച്ഛന്‍ നല്‍കിയ 10 സെന്റ് സ്ഥലത്ത് ചെറിയൊരു ഷെഡിലാണ് താരവും കുടുംബവും താമസിച്ചിരുന്നത്. ട്രോഫികളും ഉപഹാരങ്ങളും സൂക്ഷിക്കാന്‍ പോലും സ്ഥലമുണ്ടായിരുന്നില്ല. താരത്തിന്റെ കഷ്ടത മുന്‍ എം.പി പി. കരുണാകരന്‍, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം. രാജഗോപാലന്‍ എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ അറിയിക്കുകയും ആര്യശ്രീക്ക് വീടിനായി നിവേദനം നല്‍കുകയും ചെയ്തിരുന്നു. 2019 സെപ്റ്റംബറില്‍ കാസര്‍കോട് ഔദ്യോഗിക പരിപാടി കഴിഞ്ഞ് വരുംവഴി നീലേശ്വരത്ത് ആര്യശ്രീയെയും കുടുംബത്തെയും മന്ത്രി ഇ.പി ജയരാജന്‍ സന്ദര്‍ശിക്കുകയും കായിക വകുപ്പില്‍ നിന്നും വീട് നിര്‍മിച്ച് നല്‍കുമെന്ന് വാക്ക് നല്‍കുകയും ചെയ്തിരുന്നു.
നേരത്തേ കാസര്‍കോട് സ്വദേശിയായ സന്തോഷ് ട്രോഫി താരം കെ.പി രാഹുലിനും ഒളിംപ്യന്‍ മാനുവല്‍ ഫ്രെഡറിക്‌സിനും കായിക വകുപ്പ് വീട് നിര്‍മിച്ചു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."