പിടിച്ചുകെട്ടി ഇന്ത്യ
സിഡ്‌നി: മൂന്നാം ടെസ്റ്റില്‍ ആദ്യദിനം ഓസീസിന്റേതായിരുന്നെങ്കില്‍ ഇന്നലെ ഇന്ത്യയുടെ ദിനമായിരുന്നു. ആദ്യദിനം രണ്ടിന് 166 എന്ന മികച്ച ടോട്ടലില്‍ നിന്ന് ശുഭപ്രതീക്ഷയുമായി ഇന്നലെ ബാറ്റിങ് തുടര്‍ന്ന ഓസീസിനെ കൂറ്റന്‍ സ്‌കോര്‍ അനുവദിക്കാതെ പുറത്താക്കി ഇന്ത്യ കരുത്തുകാട്ടി. ആദ്യ ഇന്നിങ്‌സില്‍ ഓസീസ് 338 റണ്‍സിന് പുറത്ത്. 172 റണ്‍സാണ് ശേഷിച്ച എട്ടു വിക്കറ്റില്‍ നിന്ന് ഓസീസിന് കൂട്ടിച്ചേര്‍ക്കാനായത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ നാലു വിക്കറ്റ് പ്രകടനവും മികച്ചൊരു റണ്‍ഔട്ടും ഇന്ത്യന്‍ കരുത്തിന് വെളിച്ചം പാകി. അതേസമയം, ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി പ്രകടനത്തിനും സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷിയായി. മികച്ച ഫോമില്‍ കളിക്കുന്ന മാര്‍നസ് ലബുഷെയ്‌നും(91) തിളങ്ങിയെങ്കിലും സെഞ്ചുറിക്കരികെ പുറത്തായി. മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 96 റണ്‍സെന്ന നിലയിലാണ്. നായകന്‍ രഹാനെയും (40 പന്തില്‍ 5) പൂജാരയുമാണ് (53 പന്തില്‍ 9) ക്രീസില്‍.
ജഡ്ഡു റോക്‌സ്
സ്മിത്തിന്റെയും ലബുഷെയ്‌ന്റെയും ഇന്നിങ്‌സാണ് ആസ്‌ത്രേലിയയുടെ ഭേദപ്പെട്ട സ്‌കോറിന് നിര്‍ണായകമായത്. എന്നാല്‍ ഇവര്‍ രണ്ടു പേരെയും പുറത്താക്കിയ ജഡേജയാണ് ഇന്നലെ ഇന്ത്യയുടെ റിയല്‍ ഹീറോ. സെഞ്ചുറിക്ക് ഒന്‍പത് റണ്‍സ് വേണമെന്നിരിക്കെ ജഡേജ ലബുഷെയ്‌നെ രഹാനെയുടെ കൈകളിലെത്തിച്ച് ഓസീസിന് കടുത്ത ആഘാതം നല്‍കി. ഇതിലൂടെ സ്മിത്ത്- ലബുഷെയ്‌ന് കൂട്ടുകെട്ട് പൊളിക്കാനും ജഡ്ഡുവിനായി. 196 പന്തില്‍ 11 ഫോറുകള്‍ സഹിതമടങ്ങുന്നതായിരുന്നു ലബുഷെയ്‌ന്റെ സംഭാവന. തുടര്‍ന്ന് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന മാത്യു വെയ്ഡിനെയും (13) ജഡ്ഡു പറഞ്ഞയച്ചു. ബുംറയ്ക്ക് പിടി നല്‍കിയായിരുന്നു മടക്കം. കുമ്മിന്‍സിന്റെ കുറ്റി തെറിപ്പിച്ചും കരുത്തേകിയ ജഡ്ഡു, ഒടുവില്‍ സെഞ്ചുറിയുമായി കുതിക്കുകയായിരുന്ന സ്മിത്തിനെ തകര്‍പ്പന്‍ ഡയറക്ട് ത്രോയിലൂടെ പുറത്താക്കി ഫീല്‍ഡിങ്ങിലും തിളങ്ങി. 226 പന്തില്‍ 131 റണ്‍സായിരുന്നു സ്മിത്തിന്റെ സമ്പാദ്യം. സ്വന്തമാക്കിയത് 16 ബൗണ്ടറികള്‍. സ്റ്റാര്‍ക്ക് 24 റണ്‍സുമായി മടങ്ങി. ഓസീസ് നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറയും നവ്ദീപ് സൈനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.
ഗില്ലിന്റെ കന്നി ഫിഫ്റ്റി
ഇന്നലെ ക്ലാസിക് ഷോട്ടുകളിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്ന ശുഭ്മാന് ഗില്ലിന്റെ(50) കന്നി അര്‍ധ സെഞ്ചുറിക്കും സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് വേദിയായി. പരുക്കില്‍ നിന്ന് മോചിതനായ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ്ങിറങ്ങിയായിരുന്നു മുന്‍ അണ്ടര്‍ 19 താരത്തിന്റെ ഇന്നിങ്‌സ്. 101 പന്ത് നേരിട്ട താരം എട്ടു ബൗണ്ടറികളുടെ അകമ്പടികളോടെയാണ് 50 കുറിച്ചത്. ഇരുവരും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കം തന്നെ സമ്മാനിച്ചു. മോശം പന്തുകള്‍ തിരഞ്ഞെടുത്ത് ക്ലാസിക് ഷോട്ട് കളിച്ചതില്‍ രോഹിത്തും ഒട്ടും മോശമാക്കിയില്ല. എന്നാല്‍ സെഞ്ചുറി കൂട്ടുകെട്ടിലേക്ക് മുന്നേറവേ പരമ്പരയില്‍ ആദ്യമായി ഇറങ്ങിയ രോഹിത്തിന് തുടക്കം ഗംഭീരമാക്കാനായില്ല. സ്‌കോര്‍ ബോര്‍ഡില്‍ 70 തെളിഞ്ഞപ്പോള്‍, 77 പന്തില്‍ 26 റണ്‍സെടുത്ത താരം ഹേസില്‍വുഡിന്റെ പന്തില്‍ താരത്തിന് തന്നെ പിടി നല്‍കി മടങ്ങി. 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ഗില്ലിനെയും നഷ്ടമായി. കുമ്മിന്‍സിന്റെ പന്ത് സ്ലിപ്പിലൂടെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച ഗില്ലിനെ കാമറൂന്‍ ഗ്രീന്‍ ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."