തെരഞ്ഞെടുപ്പ് തോൽവി: അച്ചടക്ക നടപടിയെടുത്ത് മുസ്‌ലിം ലീഗ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു
സ്വന്തം ലേഖകൻ
കോഴിക്കോട്
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗിൽ കൂട്ട അച്ചടക്ക നടപടി. കോഴിക്കോട് സൗത്ത് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി പിരിച്ചുവിട്ടു. പാർട്ടി നിയോഗിച്ച അന്വേഷണ സമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പ്രവർത്തകസമിതി യോഗം അച്ചടക്ക നടപടിയെടുത്തതെന്ന് ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എം.എ സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സൗത്ത് മണ്ഡലത്തിൽ മുസ് ലിം ലീഗിനുണ്ടായത് അപമാനകരമായ പരാജയമാണ്. ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മണ്ഡലം കമ്മിറ്റിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. വൈകാതെ പുതിയ കമ്മിറ്റി നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
കളമശ്ശേരിയിലും അച്ചടക്ക ലംഘനമുണ്ടായി. ജില്ലാ ലീഗ് പ്രസിഡന്റ് കെ.എം അബ്ദുൽ മജീദ് തന്നെയാണ് ഈ അച്ചടക്ക ലംഘനത്തിനു നേതൃത്വം നൽകിയതെന്ന് അന്വേഷണ സമിതി കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി ശാസിച്ചു. തദടിസ്ഥാനത്തിൽ അദ്ദേഹം മാപ്പപേക്ഷ നൽകി. അതു പാർട്ടിക്ക് ബോധ്യമായതിനാൽ അദ്ദേഹത്തിനെതിരായ നടപടികൾ അവസാനിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ വി.ഇ അബ്ദുൽ ഗഫൂർ (വർക്കിങ് പ്രസിഡന്റ്), പി.എസ് ആഷിക്, പി.എ മമ്മു (വൈസ് പ്രസിഡന്റ്), പി.എ അഹമ്മദ് കബീർ (സെക്രട്ടറി) എന്നിവരെ പുതുതായി ഉൾപ്പെടുത്താനും പ്രവർത്തകസമിതി തീരുമാനിച്ചു. കൊല്ലം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിഭാഗീയതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ പ്രസിഡന്റ് അൻസാറുദ്ദീൻ, ജന. സെക്രട്ടറി അഡ്വ. സുൽഫിക്കൽ സലാം എന്നിവരെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. ഇന്ന് സംസ്ഥാന നിരീക്ഷകരായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ടി.വി ഇബ്രാഹിം എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേരും. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ പാർട്ടി സംവിധാനം ദുർബലമാണെന്ന സമിതിയുടെ റിപ്പോർട്ടും പ്രവർത്തകസമിതി ശരിവച്ചു. മുസ് ലിം ലീഗ് സ്ഥാനാർഥികൾ പരാജയപ്പെട്ട അഴീക്കോട്, കുറ്റ്യാടി, പേരാമ്പ്ര, കുന്ദമംഗലം, താനൂർ, ഗുരുവായൂർ മണ്ഡലങ്ങളിലെ വിഭാഗീയത പരിഹരിക്കാൻ രണ്ടംഗങ്ങൾ വീതമുള്ള സമിതിയെ ചുമതലപ്പെടുത്തി. കൂത്തുപറമ്പ് മണ്ഡലത്തിലെ സംഘടനാ വിഷയങ്ങൾ സംസ്ഥാന കമ്മിറ്റി നേരിട്ട് ഇടപെട്ട് പരിഹരിക്കും.
യു.ഡി.എഫിലെ മറ്റു ഘടകകക്ഷികൾ മത്സരിച്ച തൃക്കരിപ്പൂർ, മാനന്തവാടി, ബേപ്പൂർ, കുന്നത്തൂർ, തിരുവനന്തപുരം സെൻട്രൽ എന്നിവിടങ്ങളിലെ പാർട്ടി സംവിധാനം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് യോഗം വിലയിരുത്തി. ഇവിടങ്ങളിലെ പരിഹാര നിർദേശങ്ങൾ സമർപ്പിക്കാൻ രണ്ടംഗങ്ങൾ വീതമുള്ള സമിതിയെ നിയോഗിച്ചതായും സലാം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."