അഭിമന്യുവിനും ധീരജിനും സമാനതകൾ ഏറെ
ബാസിത് ഹസൻ
തൊടുപുഴ
കേരളത്തിലെ കാംപസ് രാഷ്ട്രീയ കൊലപാതകങ്ങളിൽ അഭിമന്യുവിനും ധീരജിനും സമാനതകൾ ഏറെ. ഇരുവരും ഇടുക്കിയുടെ നൊമ്പരമാണ്.
അഭിമന്യുവും ധീരജും പഠനത്തിനായി സ്വന്തം നാടുവിട്ടവർ. ഇരുവരും പാട്ടുകാർ. നാടൻ പാട്ടുകൊണ്ട് കാംപസിന്റെ മനം കവർന്നവർ. ഒരു നിമിഷം കൊണ്ടാണ് രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷകളും മോഹങ്ങളും പൊലിഞ്ഞത്. മൂന്നാർ വട്ടവട സ്വദേശിയായ അഭിമന്യു എറണാകുളം മഹാരാജാസ് കാംപസിൽ കൊല്ലപ്പെട്ടത് 2018 ജൂലൈ രണ്ടിനായിരുന്നു.
മൂന്നര വർഷങ്ങൾക്കിപ്പുറം കണ്ണൂർ സ്വദേശിയായ ധീരജിന്റെ മരണം ഇടുക്കി എൻജിനീയറിങ് കോളജ് കാംപസിലും. ഇരുവർക്കും കുത്തേറ്റത് നെഞ്ചിലായിരുന്നു. അഭിമന്യുവിന്റെ പിന്നിലേറ്റ കുത്ത് നെഞ്ചു തകർത്ത് പുറത്തുവന്നെങ്കിൽ ധീരജിന്റെ നെഞ്ചിൽ ആഴത്തിലുള്ള മൂന്ന് മുറിവുകളായിരുന്നു. കംപ്യൂട്ടർ സയൻസിൽ ഏറെ താൽപര്യമുണ്ടായിരുന്ന ധീരജ് അലോട്‌മെന്റ് വഴിയാണ് ഇടുക്കി എൻജിനീയറിങ് കോളജിലെത്തിയത്.
സ്വന്തം നാട്ടുകാർ ഏറെയുണ്ടായിരുന്ന കോളജ് ധീരജിന് പെട്ടന്ന് പ്രിയപ്പെട്ടതായി മാറി. കടുത്ത രാഷ്ട്രീയക്കാരനായിരുന്നില്ല. പഠനത്തിലും മിടുക്കനായിരുന്നു ധീരജ്.പി.ജെ ജോസഫ് വിദ്യാഭ്യാസമന്ത്രിയായിരുന്ന 2000 ൽ ആണ് ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് ആരംഭിച്ചത്. നല്ല അന്തരീക്ഷവും പഠനസാഹചര്യവുമുണ്ടായിരുന്ന കോളജാണിത്. ആദ്യകാലങ്ങളിൽ കെ.എസ്.യുവിനായിരുന്നു ഇവിടെ മേൽക്കോയ്മ. 2007 മുതൽ എസ്.എഫ്.ഐ കാംപസ് പിടിച്ചടക്കി. മുൻകാലങ്ങളിൽ രാഷ്ട്രീയമായ ചേരിതിരിവുകളില്ലാതിരുന്ന കോളജിൽ പുറത്തുനിന്നുള്ള രാഷ്ട്രീയ ഇടപെടലുകളാണ് വിദ്യാർഥികൾക്കിടയിൽ സംഘർഷവും ഭിന്നതയുമുണ്ടാക്കിത്തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."